പരിചമുട്ടിൽ പതിവുതെറ്റാതെ ഇത്തവണയും ജനിലും ടീമും

തൃശൂർ: 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ തുടർച്ചയായ 12-ാം തവണയും പരിചമുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി. പരിചമുട്ട് കലാകാരന്മാരും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളുമായ ശ്രീ അതുൽ, ശ്രീ അനന്ദു എന്നിവരാണ് ഇത്തവണയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. സ്കൂളിലെ ഓഫീസ് ജീവനക്കാരനായ ജനിലാണ് കഴിഞ്ഞ 12 വർഷമായി പരിചമുട്ട് ടീമിനെ നയിക്കുന്നത്. ജൂൺ മാസം സ്കൂൾ തുറന്നാൽ ആദ്യ ആഴ്ച മുതൽ ജനിലിൻ്റെ നേതൃത്വത്തിൽ പരിചമുട്ടിനായുള്ള പരിശീലനം ആരംഭിക്കും. നല്ല മെയ് വഴക്കം ആവശ്യമായ ഇനമായതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ കഠിന പരിശീലനമായിരിക്കും. തുടർന്ന് സബ്‌ജില്ലാ മത്സരത്തിനായി തയ്യാറെടുക്കും. സബ്‌ജില്ലാ മത്സരം കഴിഞ്ഞാൽ ജില്ലാ മത്സരത്തിനായുള്ള തീവ്ര പരിശീലനം നടത്തും. ഇതിനോടൊപ്പം സ്കൂളിൽ തന്നെ തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണവും ഉണ്ടായിരിക്കും. ജില്ലാ മത്സരം കഴിഞ്ഞാൽ സംസ്ഥാന മത്സരത്തിനായി പരിശീലനം തുടരും. ഇത്തവണ അമർനാഥ് എ. ആർ., ദേവദത്തൻ കെ. എസ്., അദ്വൈദ് കിഷൻ പി. യു., കാർത്തിക് എം. എസ്., അർജുൻ ഐ. എസ്., മുഹമ്മദ് തമീം കെ. എച്ച്, പ്രണയ പ്രസാദ്, അദ്വൈദ് ഇ. ബി. എന്നിവരാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ നിന്നു പരിചമുട്ട് മത്സരത്തിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.


ആരാണ് ഹോച്ചിമിൻ പി എച്ച് .....?

എറണാകുളം ഡർബാർ ഹാളിലെ ഹനാൻ ബനാമറിൻ്റെ സൃഷ്ടി നശിപ്പിച്ചതുമായി ( നശിപ്പിച്ചില്ല പറിച്ച് മാറ്റിയതെയൊള്ളൂവെന്ന് ശില്പി ഹോച്ചിമിൻ ) ബന്ധപ്പെട്ട്  ഒട്ടനവധി ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. അക്കാദമിയുടെ ഭാഗത്തു നിന്ന് അല്ലെങ്കിൽ ചിത്രകാരിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിന് ഒറ്റവാക്കിൽ ഉത്തരം കണ്ടെത്താനും കഴിയില്ല. കലാസൃഷ്ടിയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയമായതിനാൽ വ്യക്തികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.  ഇതൊന്നും ഏകമായൊരു അഭിപ്രായത്തിൽ അവസാനിപ്പിച്ച് പോകാൻ കഴിയുന്നതാണെന്ന് തോന്നുന്നുമില്ല.  ബനാമറിൻ്റെ സൃഷ്ടി ചിത്രമാണോ അല്ലയോ, കലയാണോ അല്ലയോ എന്നുള്ള കാര്യത്തിൽ പോലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വെറും തെറിവാക്കുകളുടെ ഉള്ളടക്കം മാത്രമല്ല ഇത് കലയല്ല എന്ന ഹോചിമിൻ്റെ നിരീക്ഷണമാണ് അതിനെ കീറിക്കളയുന്നതിലേക്ക് നയിച്ചത്.  ഇവിടെ ഒരു ചോദ്യം പ്രസക്തമായിട്ടുള്ളത് ഈ സൃഷ്ടിയെ കീറിക്കളഞ്ഞ പി എച്ച് ഹോച്ചിമിൻ ആരാണ് ? അദ്ദേഹം സംഘിയാണോ ? സദാചാര പോലീസാണോ ? ഇത്തരം ചോദ്യം ഇന്ന് പല ദിക്കുകളിൽ നിന്നും ഉയർന്നു വരുന്നതായി മനസ്സിലാക്കുന്നുണ്ട്. ചില മാധ്യമങ്ങളുടെ വിശേഷണം ഇത്തരത്തിലെല്ലാം ആണ്.   ഹോചിമിൻ ചെയ്ത പ്രവർത്തിയെ അങ്ങേയറ്റം എതിർത്തുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ചില നിരീക്ഷണങ്ങൾ നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന സദാചാര പോലീസിന്റെയോ സംഘപരിവാരങ്ങളുടെയോ ഗണത്തിൽ പെടുന്ന ഒരാളല്ല ഹോചിമിൻ. മുകളിൽ പറഞ്ഞ കൂട്ടർ നടത്തിയ ആക്രമണങ്ങളോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് ഒരുതരത്തിലും യോജിക്കാവുന്ന ഒന്നല്ല.   1993 മുതൽ ഹോച്ചിമിനുമായി വ്യക്തിപരമായി അടുപ്പമുള്ള ഒരാളാണ് ഞാൻ. മാത്രമല്ല അദ്ദേഹത്തിൻ്റെ സഹോദരൻ ചെഗുവേരയുമായും പിതാവ് ഹനീഫയുമായും സഹധർമ്മിണി സിലയുമായും; ചുരുക്കത്തിൽ ആ കുടുംബവുമായി  ബന്ധമുള്ള ഒരാളാണ്.  മതനിരപേക്ഷ മൂല്യം കാത്തു സൂക്ഷിക്കുകയും ഇടതുപക്ഷ ത്തിൻ്റെ ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ്  ഹോച്ചിമിനും കുടുംബവും. സമീപകാലത്ത് വിട്ടുപിരിഞ്ഞ അദ്ദേഹത്തിൻ്റെ പിതാവ്  ഹനീഫ ദീർഘകാലം സി പി ഐ എം നേതാവായി പ്രവർത്തിക്കുകയും പ്രത്യയശാസ്ത്രപരമായി നല്ല ധാരണയുമുള്ള ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു.  ഹോച്ചിമിൻ, ചെഗുവേര എന്ന് മക്കൾക്ക് പേരിട്ടത് തന്നെ അതിന് ഉദാഹരണം. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലമുതൽ തന്നെ ഹോച്ചിമിനും ചെഗുവേരയും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രണ്ട് വിദ്യാർത്ഥികളായിരുന്നു. ഹോച്ചിമിൻ അന്നും ഏതൊരു വിഷയത്തെ സംബന്ധിച്ചും  അഭിപ്രായം രേഖപ്പെടുത്തുകയും പ്രതികരിക്കുകയും ചെയ്യുമായിരുന്നു.  സമൂഹത്തിന് നിരക്കാത്ത ഏത് പ്രവർത്തി കണ്ടാലും അതിനെതിരായ നിലപാട് സ്വീകരിക്കുന്നതിന് ഒരു മടിയും കാണിച്ചിട്ടില്ല. മതത്തിനും ജാതിയ്ക്കും എതിരായി നിലപാട് സ്വീകരിക്കുകയും, വാക്കിൽ മാത്രം ഒതുങ്ങാതെ ജീവിച്ചു കാണിക്കുകയും ചെയ്തു എന്നതാണ് ഹോചിമിനെ വേറിട്ട് നിർത്തുന്നത്.  അദ്ദേഹത്തെ ഒരു സംഘി /സദാചാര പോലീസ് നിലവാരത്തിലേക്ക്  തരംതാഴ്ത്തി ചിത്രീകരിക്കുന്ന മാധ്യമ സമീപനത്തിലേക്ക് കലാലോകവും  പൊതുസമൂഹവും ചേർന്ന് നിൽക്കരുത്. വർത്തമാനം മതേതരവും ജീവിതം സംഘിവത്കൃതവുമായി കലാലോകത്ത് പ്രവർത്തിക്കുന്നവർക്ക് എത്തിപ്പെടാൻ കഴിയാത്ത മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ നന്നായി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഹോചിമിൻ. ദേശാഭിമാനിയിലെ ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ കലാ പ്രവർത്തകനായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. ദൃശ്യ സംസ്കാരത്തിൽ തുലോം നിരക്ഷരരായ കേരളീയ പശ്ചാത്തലത്തിൽ ഇത് എന്തുമാത്രം റിസ്ക് ആണെന്ന് ഏവർക്കും അറിയാം. ഒരു മുഴുവൻസമയ  കലാ പ്രവർത്തകനായി ധാരാളം മനോഹര ശില്പങ്ങൾ കരിങ്കല്ല് പോലുള്ള അത്യന്തം ദുഷ്കരമായ മാധ്യമങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ശില്പകലയിൽ ബിരുദാനന്തര ബിരുദവും നേടി. അനേകം ക്യാമ്പുകൾ പ്രദർശനങ്ങൾ എന്നിവയിൽ പങ്കാളിയായി. തൻ്റെ പ്രൊഫഷനെ കുറിച്ചും സമൂഹത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള ഹോച്ചിമിനെപ്പോലെയുള്ള കലാകാരൻമാരുടെ പ്രതിഷേധത്തെ ഒരു ക്രിമിനൽ പ്രവർത്തിയായി ചിത്രീകരിക്കുവാൻ കേരളീയ സമൂഹവും ലളിതകലാ അക്കാദമിയും ശ്രമിക്കരുത്.  നിയമപരമായ നടപടികൾ ആവാം; തീർത്തും അനിവാര്യമെങ്കിൽ മാത്രം.  കേരളത്തിലെ മൂന്നാംകിട മാധ്യമങ്ങളും കലാ നിരക്ഷരരായ മാധ്യമ പ്രവർത്തകരും വരച്ചുകാട്ടുന്ന വിവരണങ്ങളെ ഗാലറിയിൽ പ്രദർശിപ്പിച്ച് ലളിതകല അക്കാദമി ആ പ്രദർശനത്തെ മലീമസമാക്കുകയും ചെയ്യേണ്ടിയിരുന്നില്ല എന്ന് ഓർമിപ്പിക്കട്ടെ. മനോജ് നാരായണൻ 27/10/2025


തെറിയുടെ കല അഥവാ കലയിലെ തെറി - സുനിൽ ലിനസ് ഡി

“തെറിയുടെ കല -അഥവാ കലയിലെ-തെറി ” കേരള ലളിത കലാ അക്കാദമിയുടെ പങ്കാളിത്തത്തോടെ , എറണാകുളം ദർബാർ ഹാൾ ആർട്ട്‌ സെന്ററിൽ ഇപ്പോൾ നടക്കുന്ന (2025 ഒക്ടോബർ 18-നവംബർ 15 ) കലാപ്രദർശനം - “ESTRANGED GEOGRAPHIES ”കണ്ടതിനെ ആസ്പദമാക്കി എഴുതുന്ന കുറിപ്പ്. വളരെ ശുഷ്കമായ ഈ പ്രദർശനത്തിൽ മൂന്ന് മലയാളി കലാകാർ ഉൾപ്പെടെ ഏഴു കലാകാർ പങ്കെടുക്കുന്നുണ്ട്. Hanan Benammar എന്ന നോർവീജിയൻ കലാകാരിയുടെ “തെറി -തീട്ട” അഭിഷേക കലാരൂപം അങ്ങേയറ്റം ജുഗുപ്സാവഹമായ സൃഷ്ടിയായി തോന്നി. (പോസ്റ്റിലുള്ള കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ -ദയവായി വായിക്കുക ) (കലാകാരിയുടെ പേരും മറ്റ് വിവരവും സൃഷ്ടി യോടൊപ്പം ചേർത്തിട്ടില്ല. അക്കാദമിയിൽ നിന്നും ചോദിച്ചറിഞ്ഞ വിവരമാണിത് ) ഏതു പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു കലാരൂപം ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നതിന് ക്യുറേറ്ററുടെ ഭാഗത്തുനിന്നോ കലാകാരിയുടെ ഭാഗത്ത് നിന്നോ ഒരു ചെറു കുറിപ്പ് പോലും സൃഷ്ടിയോട് ചേർത്ത് പ്രദർശിപ്പിച്ചിട്ടില്ല. സർക്കാർ സംവിധാനത്തിലുള്ള ദർബാർ ഹാളിൽ ഇവ പ്രദർശിപ്പിക്കുമ്പോൾ, ഈ ആവിഷ്കാരത്തിന്റെ രാഷ്ട്രീയ സാമൂഹികമായ പശ്ചാത്തലം എന്താണെന്ന് അറിയാൻ കാഴ്ചക്കാരന് അവകാശമുണ്ട്. Click Here to Shop Now: www.fhcfinemills.com/shop ഈ കലാവിഷ്കാരത്തിനു അതിന്റെതായ പശ്ചാത്തലമുണ്ടെങ്കിൽ, രാഷ്ട്രീയമുണ്ടെങ്കിൽ അവയൊക്കെ ആസ്വാദകനുമായി പങ്കുവെക്കണ്ടേ? സംവദിക്കണ്ടേ? ഇവിടെ എന്തു പശ്ചാത്തലമാണ് ഉള്ളത് ? എന്താണ് സംവദിക്കുന്നത് ? ഇന്ത്യയിലെ - കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ വിമർശിക്കാനായി, കേരളത്തിലെ കലാകാരന്മാർ ഇത്തരം നാല് നല്ല കിണ്ണം കാച്ചിയ തെറി എഴുതി ഫ്രെയിം ചെയ്തു കൊണ്ടു വന്നാൽ, ഭാവിയിൽ അക്കാദമി, അക്കാദമിയുടെ ഗാലറികളിൽ പ്രദർശിപ്പിക്കുമോ? കഴിഞ്ഞ സ്റ്റേറ്റ് എക്സിബിഷനിൽ നിരന്തരം കല പ്രാക്ടീസ് ചെയ്യുന്ന കലാകാരന്മാരുടെ സൃഷ്ടികൾ , ജൂറിയുടെ മുൻപിൽ എത്തുന്നതിനു മുമ്പ് തന്നെ റിജക്റ്റ് ചെയ്യാനുള്ള “വലിയ ശുഷ്കാന്തി ” കാണിച്ച കലാ തെരഞ്ഞെടുപ്പുകാർ, ഈ “തെറി അഭിഷേക കല ” എക്സിബിഷനു വേണ്ടി തിരഞ്ഞെടുത്തത് എന്ത് തരം ശുഷ്കാന്തി മൂലമാണെന്ന് മനസ്സിലാവുന്നില്ല. സർക്കാരിൻറെ പണവും അക്കാദമി ജീവനക്കാരുടെ അദ്ധ്വാനവും ഗാലറിയുടെ സമയവും ഉപയോഗിച്ച് ഏതാണ്ട് ഒരു മാസക്കാലം ഈ എക്സിബിഷൻ നടത്തുമ്പോൾ, വിദേശത്തുനിന്നുള്ള കലാസൃഷ്ടികൾ ഇവിടെ അവതരിപ്പിക്കുമ്പോൾ, അവയുടെ നിലവാരത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതല്ലെ? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഈ തെറി അഭിഷേകമെങ്കിൽ, എന്താണ് അക്കാദമിയുടെ ഇക്കാര്യത്തിലുള്ള മാനദണ്ഡം ? തെറിയുടെ മീറ്റർ എത്ര വരെ ആകാം? ഇതിനോടകം ധാരാളം നിലവാരമുള്ള പ്രദർശനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള ലളിതകലാ അക്കാദമിക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? (ഇനി ഇത് എൻറെ മാത്രം സംശയമാണോ?) സ്വദേശി കലാകാരന്മാരുടെ ആയാലും, വിദേശി കലാകാരൻമാരുടെ ആയാലും “ഷിറ്റ് എന്നും ഷിറ്റ് ”തന്നെ. അത് ഭാവിയിലെങ്കിലും മഹത്തായ ദർബാർ ഹാളിന്റെ ചുമരിൽ തേച്ചുപിടിപ്പിക്കാതിരിക്കാൻ അക്കാദമി ശ്രദ്ധിക്കുമല്ലോ. ഈ പോസ്റ്റ്‌ വായിച്ചിട്ട് ചുരുളി സിനിമയുടെ ഉദാഹരണവുമായി ന്യായീകരിക്കാൻ വരുന്നവരോട് : ചുരുളി സിനിമ ഏതാനും സ്വകാര്യ വ്യക്തികൾ നിർമ്മിച്ചു, സ്വകാര്യ OTT പ്ലാറ്റുഫോമിൽ പ്രദർശിപ്പിച്ച സിനിമയാണ്. ദർബാർ ഹാൾ ആർട്ട്‌ സെന്റർ ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് കൂടി ഓർക്കുക. കലയിലെ നഗ്നത ചൂണ്ടികാണിച്ചും Piero Manzoni ന്റെ Artist's shit കൊണ്ടും ഈ “തെറി“ച്ച കലാസൃഷ്ടിയെ ബാലൻസ് ചെയ്യാൻ ശ്രമിക്കരുതേ (വാൽകഷ്ണം - നല്ല തെറി നാട്ടിൽ കിട്ടും എന്നിരിക്കെ നോർവീജിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തിന് ??????) Click Here to View Original Post


പൂതനാമോക്ഷം ചമയങ്ങളില്ലാതെ

ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ചു കപില വേണു പൂതനാമോക്ഷം നങ്ങ്യാർകൂത്ത് ഒക്ടോബർ 23ന് വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു. നങ്ങ്യാർകൂത്ത് എന്ന അഭിനയകലയുടെ പുനരുജ്ജീവന കാലഘട്ടത്തിൽ നാലു പതിറ്റാണ്ടിനു മുൻപ് നാട്യാചാര്യൻ അമ്മന്നൂർ മാധവ ചാക്യാരാണ് നങ്ങ്യാർകൂത്തിൽ പൂതനാമോക്ഷം ചിട്ടപ്പെടുത്തിയത്.   Click Here to Book your Adventure   കൊടുങ്ങല്ലൂർ കളരിയിൽ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ്റെ കീഴിൽ അദ്ദേഹം അഭ്യസിച്ച നേത്രാഭിനയവും പ്രത്യേകിച്ചും മരണത്തിൻ്റെ സ്വരവായുവും ഒക്കെ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള പൂതനാമോക്ഷം പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായി. അഭിനയം പൂർണരൂപത്തിൽ പ്രകടമാക്കുവാൻ ചമയങ്ങളില്ലാതെ യാണിത് അവതരിപ്പിക്കുക. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും സരിത കൃഷ്ണകുമാർ താളത്തിലും പശ്ചാതല മേളം നൽകും. ശാസ്ത്രീയ അഭിനയത്തിലെ കൊടുങ്ങല്ലൂർ കളരിയുടെ സംഭാവനകളെ കുറിച്ച് വേണുജി ആമുഖ പ്രഭാഷണം നിർവഹിക്കും. Natanakairali, Ammannur Chakyar Madhom, Irinjalalakuda. Email : natanakairali@gmail.com Ph. : 9846452933


ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? - കെ. എസ്. ദിലീപ്കുമാർ

ആർട്ട് ഗാലറിയിലെ തെറി എപ്പോഴാണ് കലയാകുന്നത്? . ഗാലറിയിലെ കലാവസ്തുവിനെ കലയായി സമൂഹം സ്വീകരിക്കുമ്പോഴാണ് അത് കലയായും ക്രിയേറ്റിവിറ്റിയായും മാറുന്നത്. കഴിഞ്ഞനൂറ്റാണ്ടിലും ഈനൂറ്റാണ്ടിലുമായി ഗാലറികൾകേന്ദ്രീകരിച്ച് ഇത്തരം ഒത്തിരിഇടപെടലുകളുടെചരിത്രമുണ്ട് . മാർഷൽ ദുഷാമ്പ് , മറീന അബ്രമോവിച്ച് ,പിയർ മൻസോണിയുടെ “ആർട്ടിസ്റ്റ് ഷിറ്റ്” തുടങ്ങി നിരവധി സംഭവങ്ങൾ കലാചരിത്രത്തിലുണ്ട്. അതൊന്നും ഇവിടെ പരാമർശിക്കുന്നില്ല. പക്ഷേ ഇവയെല്ലാം കലയായി സമൂഹം സ്വീകരിച്ചതോടെ അവയുടെ കലാമൂല്യം ഇപ്പോഴും വളരുന്നു. എറണാകുളം ദാർബർ ഹാൾ ആർട്ട് ഗാലറിയിൽ ഫ്രഞ്ച്/ അൾജീരിയൻ കലാകാരി ഹനാൻ ബെനംമാറിന്റെ കലാസൃഷ്ടി തെറിയായി കേരളീയസമൂഹം സ്വീകരിച്ചിരിക്കുന്നു. അതോടെ അതിന്റെ കലാമൂല്യം കലാസ്വാദകരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഗാലറിയുടെയും ആർട്ടിസ്റ്റിന്റേതുമായി മാറുന്നു. കേരളത്തെനോക്കി ; “ കലാബോധമില്ലാത്ത സമൂഹം ” എന്നാടാച്ചാക്ഷേപിച്ച് നോർമൽസി ക്രീയേറ്റ് ചെയ്യാൻ അവർക്കാവില്ല. യു. എസിൽ നടന്ന ഡയറ്റർ റോത്തിന്റെ Staple Cheese (A Race ) എന്ന പ്രദർശനം ടോക്സിക്കായി അനുഭവപ്പെട്ട ആരോഗ്യവകുപ്പ് പ്രദർശം അടച്ചുപൂട്ടാൻ ശ്രമിച്ചെങ്കിലും പൊതുസമൂഹം അത് കലയായി അംഗീകരിച്ചതോടെ അവർ പരാജയപ്പെട്ടു. ഹനാൻ ബെനംമാർ എന്ന യുവ ആർട്ടിസ്റ്റ് ഓസ്ലോയിൽ താമസിക്കുന്ന അൾജീരിയൻ/ഫ്രഞ്ച് കലാകാരിയാണ്. ഭൗമരാഷ്ട്രീയ, പരിസ്ഥിതി, സാമൂഹിക വിഷയങ്ങളിൽ കലാ പ്രവർത്തനം നടത്തുന്നു. അവരുടെ കേരളത്തിലെ പ്രദർശനത്തിലെ വിവാദമായകലാവസ്തുവിനെക്കുറിച്ച് ഞാനേറെ ബഹുമാനിക്കുന്ന ഒരു ആർട്ടിസ്റ്റ് സംഘടകരോട് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി ഇതാണ് ; “ Racial Discrimination അനുഭവിക്കുന്ന Hana Benammar എന്ന കലാകാരിയുടെ Social Media accounts ൽ പലരും എഴുതി വക്കുന്ന പച്ച തെറി അവർ ശേഖരിച്ചു സൃഷ്ടിച്ചവയാണ് ആ തൂങ്ങി കിടക്കുന്ന വെള്ള തുണി installations....എന്നാണ്.“ എന്നാൽ ഹനയുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ പരിശോധിച്ചപ്പോൾ അവർ റേഷ്യൽ ഡിസ്ക്രിമിനേഷൻ നേരിടുന്നതിന്റെ തെളിവുകൾ ലഭിച്ചില്ല. എന്നാൽ ഇത്തരമൊരു ന്യായീകരണം സംഘാടകരിൽ നിന്നുണ്ടാകുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കും. കലയ്ക്ക് അങ്ങനെയൊരു റോൾ ഇല്ല. Click to View KS Dilipkumar's Facebook Post


ജെയ്സൻ എലുവത്തിങ്കലിന്റെ നോവൽ പ്രകാശനം ചെയ്തു

തൃശൂർ: ജെയ്സൻ എലുവത്തിങ്കൽ രചിച്ച 'സ്‌നേഹക്കൂട്' എന്ന നോവൽ പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ റഫീഖ് അഹമ്മദ്  പ്രകാശനം ചെയ്തു. സിനിമ ഗാന രചയിതാവ് ജ്യോതിഷ് കാശി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ  വിജോ വിൻസന്റ്, വിമൽ കുമാർ, വിനീഷ് അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.  ഒരു മനുഷ്യന്റെ ബാല്യം മുതൽ വൈവാഹിക ജീവിതം വരെയുള്ള യാത്രകളുടെ ഒരു കഥയാണിത്. ബാല്യം മുതൽ അവൻ അനുഭവിച്ച കഷ്ടതകളുടെയും യാതനകളുടെയും ദിനങ്ങൾ മാറി ഒരു നല്ല പുതുജീവിതം തനിക്കുണ്ടാകണമെന്ന് അവന്റെ ആത്മാർത്ഥമായ കഠിനപ്രയത്നത്തിന്റെ ഫലമായി ലഭിക്കുന്ന സുന്ദരമായ ജീവിതം. അതിനു താങ്ങായി അവന് ചുറ്റുമുള്ള ഒരു കൂട്ടം ആളുകളും അവന്റെ സഹപാഠികളും, അവന്റെ പ്രണയവും ഈ നോവലിൽ തുറന്നുകാട്ടുന്നു. പച്ചയായ ജീവിതസാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ചയാണ്. ഈ നോവൽ ജെയ്സൻ എലുവത്തിങ്കലിന്റെ നാലാമത്തെ പുസ്തകവും ആദ്യത്തെ നോവലും ആണ് ഈ കൃതി. സംഗീതരംഗത്തും സാന്നിധ്യം അറിയിച്ച വ്യക്തിയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നല്ല ചിന്തകളും എഴുത്തുകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.  തിരുവനന്തപുരം കോർപ്പസ് ആണ് പ്രസാധകർ. പുസ്തകം ആമസോണിൽ ലഭ്യമാണ്



വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണം- ബോസ് കൃഷ്ണമാചാരി

 കാക്കനാട്: വിദ്യാർത്ഥികൾ കലയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കണമെന്ന് ചിത്രകാരനും  ക്യുറേറ്ററും ബിനാലെ ഫൗണ്ടറുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിദ്യാർത്ഥികളുമായുള്ള സംവാദത്തിലാണ് കലയെക്കുറിച്ചും കലയിലെ വിവിധ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം വിശദമാക്കിയത്.  ഡിപ്പാർട്ട്മെൻ്റ് വെബ്സൈറ്റായ raga.org.in പ്രകാശനവും അസോസിയേഷൻ  ഉദ്ഘാടനവും ബോസ് കൃഷ്ണമാചാരി നിർവ്വഹിച്ചു . കോളേജ് ഡയറക്ടർ  റവ:ഫാ. മാത്യു വട്ടത്തറ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ  ഡോ.ലാലി മാത്യു, വകുപ്പധ്യക്ഷൻ രഞ്ജു എ.സി. എന്നിവർ സംസാരിച്ചു.Powered by Froala Editor


"പിള്ളേര് പൊളിയാണ്" സജീഷ് കുട്ടനെല്ലൂർ സ്കൂളുകളിലേക്ക്....

സ്കൂൾ വിദ്യാർത്ഥികൾക്ക്  വേണ്ടി സജീഷ് കുട്ടനെല്ലൂർ അവതരണം നിർവഹിക്കുന്ന "വിനോദ വിജ്ഞാന പ്രചോദന ഒറ്റയാൾ പരിപാടിയുടെ പേരാണ് "പിള്ളേര് പൊളിയാണ് "പേര് കേട്ടാൽ തന്നെ അറിയാം ഇത് ഏറ്റവും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പരിപാടിയാണെന്ന്.ലോകം ഏറ്റവും വേഗത്തിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാലത്ത് വളർന്നു വരുന്ന പുത്തൻ തലമുറയെ മുന്നിൽ കണ്ട് രൂപപ്പെടുത്തിയ ഒരു ഒറ്റയാൾ പരിപാടിയാണിത്.45 മിനിട്ടാണ് സമയ ദൈർഘ്യം.മലയാളി, കേരളം, ലോകം,സംസ്കാരം ,മൂല്യങ്ങൾ, മോട്ടിവേഷൻ,ഇന്റർനെറ്റ്‌, ലഹരി തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ ചരടിൽ കോർത്തിണക്കി ഏകാഭിനയത്തിന്റെയും, സ്റ്റോറി ടെല്ലിങ്ങിന്റെയും, സ്റ്റാൻഡ് അപ്പ് കോമഡിയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ പരിപാടിയുടെ അവതരണം നടക്കുന്നത്.ഒറ്റവാക്കിൽ പറഞ്ഞാൽ "കുട്ടികൾക്ക് വേണ്ടിയുള്ള ചിരിയിലൂടെ ചിന്തയുണർത്തുന്ന വിനോദ വിജ്ഞാന പ്രചോദന പരിപാടിയാണിത്. കുട്ടികൾക്ക് ഇത് ഒരു പുതിയ അനുഭവം ആകും എന്നതിലും സംശയമില്ല.കേരളത്തിലെ പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂർ 2011 ൽ  "മലയാളപ്പെരുമ "എന്ന പരിപാടി കേരളത്തിലെ 100 വിദ്യാലയങ്ങളിൽ അവതരിപ്പിച്ചിരുന്നു.അന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ഡോ. സുകുമാർ അഴീക്കോട് ആയിരുന്നു. മഹാകവി അക്കിത്തം ആയിരുന്നു ഓരോ വിദ്യാലയത്തിലും ഉത്സവം സൃഷ്‌ടിച്ച മലയാളപ്പെരുമയുടെ മുഖ്യ ഉപദേഷ്ടാവ്.2000  മുതൽ സ്റ്റേജ്, റേഡിയോ, ടി. വി, പത്രം, ഓൺലൈൻ മാധ്യമങ്ങളിലൂടെ സജീവമായി ഇടപെട്ടു വരുന്ന സജീഷ് കുട്ടനെല്ലൂർ ഇന്ത്യയിലും വിദേശരാജ്യങ്ങളുമായി 2500 ൽ അധികം വേദികളിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രസംഗ പരിശീലന കളരികൾക്കും അവധിക്കാല ക്യാമ്പുകൾക്കും നേതൃത്വം വഹിച്ച സജീഷ് കുട്ടനെല്ലൂർമാതൃഭൂമി, ദീപിക പത്രങ്ങളിൽ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള കോളമിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിലും ഫീച്ചറുകൾ എഴുതിയിട്ടുണ്ട്. "മൊട്ട ഗ്ലോബൽ " എന്ന സംഘടനയുടെ ഫൗണ്ടർ പ്രസിഡണ്ടാണ്. 2025 മെയ്‌ മാസത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി സഞ്ചരിച്ചിട്ടുണ്ട്.പ്രോഗ്രാമിനെ കുറിച്ച്കൂടുതൽ വിവരങ്ങൾക്ക്:9846391755Sajeeshkuttanellur1@gmail.com



ലോക്ഡൗൺ കാലത്തെ കലാജീവിതം; മാലതി ചന്ദ്രഹാസന്റെ ചിത്രങ്ങൾ പ്രദർശനത്തിന്

കൊച്ചി: അധ്യാപികയും ചിത്രകലാകാരിയുമായിരുന്ന മാലതി ചന്ദ്രഹാസന്റെ ചിത്രപ്രദർശനും വിൽപ്പനയും തൃപ്പൂണിത്തുറ സ്റ്റാച്യൂ ജം​ഗ്ഷനിലുള്ള കൂത്തമ്പലത്തിൽ വെച്ച് നടക്കും. 2025 ജനുവരി 24 മുതൽ 26 വരെയാണ് പ്രദർശനവും വിൽപ്പനയും നടക്കുന്നത്. 24ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ, പ്രഫ. കെജി പൗലോസ്, പ്രഫ. ജയരാമൻ, ശ്രീ സത്യപാൽ എന്നിവർ പങ്കെടുക്കും.ഔദ്യോ​ഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം മാലതി ചന്ദ്രഹാസൻ സം​ഗീതവും ചിത്രകലയുമുൾപ്പെടേ പല കലകളും വശമാക്കി. ഇതിന്റെയെല്ലാം പ്രദർശനങ്ങൾക്ക് പല വേദികളും സാക്ഷിയായിട്ടുമുണ്ട്. ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിലെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.അവസാനത്തെ ആറ് വർഷങ്ങൾ ഡെൽഹിയിൽ താമസിച്ചിരുന്ന സമയത്ത് ടീച്ചർ തന്റെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമായെല്ലാം നടത്തിയിരുന്നു. ഡെൽഹിയിൽ അവസാനം 2017ൽ നടത്തിയ പ്രദർശനത്തിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ.എൽ.വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക് കൈമാറുകയാണുണ്ടായത്.ലോക്ഡൗൺ കാലത്ത് വരച്ച 96 ഛായാചിത്രങ്ങളാണ് ഇപ്പോൾ ചിത്രകാരിയുടെ മരണശേഷം പ്രദർശനത്തിന് വെക്കുന്നത്. കോവിഡ് പാൻഡമിക് കഴിഞ്ഞ് എല്ലാം സാധാരണ നിലയിലിൽ ആകുന്ന സമയത്ത് ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ആരോ​ഗ്യപ്രവർത്തകരുടെ കുടുംബത്തന് കൊടുക്കാമെന്നുമായിരുന്നു ചിത്രകാരിയുടെ ആ​ഗ്രഹം.പ്രസ്തുത ചിത്രങ്ങളാണ് സമ്പൂർണവും സമ്പന്നവുമായ ജീവനം എന്ന പേരിൽ മാലതി ചന്ദ്രഹാസന്റെ മക്കളും മറ്റ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിക്കുന്നത്.ചിത്രകലയെ സ്നേഹിക്കുന്ന എല്ലാവരെയും ഈ കലാപ്രദർശനത്തിലേക്ക് സ്വാ​ഗതം ചെയ്യുന്നു...


മാലതി ടീച്ചർക്ക് കലകൾ ചെയ്യാൻ സമയം തികഞ്ഞിരുന്നില്ല

തൃപ്പൂണിത്തുറയിലെ ചേന്നാട്ട് കുടുംബാന്ഗമായ ശ്രീമതി. മാലതി ചന്ദ്രഹാസൻ, ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നതും സ്നേഹിക്കപ്പെട്ടിരുന്നതും ഒരദ്ധ്യാപികയായിട്ടായിരുന്നു. തൃപ്പൂണിത്തുറ സർകാർ ഗേൾസ് ഹൈ സ്കൂളിൽവളരെയേറെ കാലം പഠിപ്പിച്ച മാലതി ടീച്ചർക്ക് എവിടെ പോയാലും ശിഷ്യ ഗണങ്ങളുടെ സ്നേഹ ബഹുമാനം സൂലഭമായിരുന്നു.കലാകാരും കലയോട് ആരാധനയുളളവരും ഉണ്ടായിരുന്ന തറവാട്ടിൽ ജനിച്ച മാലതി ടീച്ചർക്ക് കുഞ്ഞുനാൾ മുതൽ പ്രകൃതിയിലെ നിറങ്ങളോട് അടക്കാനാവാത്തഅഭിനിവേശമായിരുന്നു. കുട്ടിക്കാലത്ത് ഒരു വലിയ പ്രകൃതി സ്നേഹിയും ഭാവനാത്മകമായ ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.പൂക്കളെയും, നിറങ്ങളെയും, ഏറെ സ്നേഹിച്ചിരുന്ന കുട്ടി മാലതി ടീച്ചർക്ക് പൂക്കൾ കൊണ്ട് മാല കെട്ടാനും, നൃത്തം ചെയ്യാനും, പാട്ട് പാടാനുമൊക്കെ ഇഷ്ടമായിരുന്നു.മാലതി ടീച്ചറുടെ സ്കൂൾ കാലം മുതൽ ശക്തമായിരുന്ന കലയോടുള്ള അഭിരുചി കോളേജ് കാലത്തിലേക്ക് നീണ്ടു. കോളേജ് കാലത്ത്, 21 വയസ്സുള്ള മാലതി ടീച്ചർ, ആ കാലത്ത് വളരെ പുതുമയുള്ള ഷാഡോ പ്ലേ (നിഴൽ നാടകം) എന്ന കലാ നൃത്തരൂപത്തിൽ ആകൃഷ്ടയായതും അത് പഠിച്ച് വേദിയിൽ അവതരിപ്പിച്ചതും ഒരു വിപ്ലവാത്മകമായ സംഭവമായിരുന്നു.മാലതി ടീച്ചറുടെ ജീവിത പങ്കാളിയായത് ശ്രീ. കെ. എ. ചന്ദ്രഹാസനായിരുന്നു (1928 – 2002). അവർക്ക് മൂന്നു കുട്ടികളായിരുന്നു. ജയചന്ദ്രൻ (1956 – 2012), Engineer,Ford Company, Michigan, USA, ശൈലജ, retired professor (Delhi University), വാസന്തി, ClinicalPsychologist, Delaware, USA.അധ്യാപികയിൽ നിന്നും. ഹെഡ്മിസ്ട്രസ്, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ ആയി ജോലിക്കയറ്റം കിട്ടിയ മാലതി ടീച്ചർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ പദവിയിൽ അവസാനത്തെ നാലഞ്ച് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് 1983 ൽ വിരമിച്ചത്.കുടുംബ-ഔദ്യോഗിക ജീവിതത്തിനിടയിലും, ടീച്ചർ കുട്ടി കുപ്പായങ്ങളിലും, തൂവാലകളിലും മറ്റും, ചിത്ര തയ്യലിന് സമയം കണ്ടെത്തിയിരുന്നു.വിജയകരമായ ഔദ്യോഗിക ജീവിതത്തിന് ശേഷം, വളരെയധികം അഭിനിവേശത്തോടെ പലതരം കലകൾ പഠിച്ചും, കലാരൂപങ്ങൾ സൃഷ്ടിച്ചും സംപൂർണവും സമ്പന്നവുമായ ജീവിതമാണവർ നയിച്ചത്. ഉതകുന്ന അവസരങ്ങളും, സൌകര്യങ്ങളും, പിന്തുണക്കുന്ന ജീവിത പങ്കാളിയും ടീച്ചറുടെ കലാത്പരമായ മികവുകളെ ഉചിതമായി പരിപോഷിപ്പിച്ചു. പല വേദികളിലും കർണാടക സംഗീതം കാഴ്ച വയ്ക്കാനും, ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിൽ സംഘടിപ്പിക്കുവാനും ടീച്ചർക്ക് സാധിച്ചു. 1983ൽ എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയിൽ, കർണാടക സംഗീതത്തിൽ അഡ്വാൻസ്ഡ് കോർസിന് ചേർന്നതിൽ പിന്നീട് സംഗീതത്തിൽ മുഴുകിയ ജീവിതമായിരുന്നു ടീച്ചറുടേത്. കുട്ടികളെ പഠിപ്പിച്ചും, റേഡിയോ എഫ്.എമിൽ പാടിയും, ഗുരുവായൂരിലും മറ്റു ക്ഷേത്രങ്ങളിലും പഞ്ചരത്ന കൃതികൾ, അഷ്ടപദി മുതലായവ പാടിയും, ആഭരണങ്ങൾ design ചെയ്തും, വളരെ കലാ പൂർണമായ ജീവിതം ആസ്വദിച്ചു. ഈ കാലമത്രയും, ഭർത്താവ്, ശ്രീ.കെ.എ.ചന്ദ്രഹാസൻടെ (1928-2002) പ്രോത്സാഹനവും, പിന്തുണയും, ടീച്ചറുടെ കലാജീവിത വിജയത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു. 2008 ൽ, മക്കളും കുടുംബവും താമസിച്ചിരുന്ന, അമേരിക്കയിലെ മിഷിഗനിലും, ഡെലാവറിലും ടീച്ചറുടെ കാലാരൂപങ്ങളുടെ പ്രദർശനം ഒരുക്കുകയും, അതിൽ വളരെയധികം കാണികളുടെ പ്രശംസ പിടിച്ചു പറ്റുകയുമുണ്ടായി.Shop Hereഈ കാലങ്ങളിലത്രയും ടീച്ചറുടെ സംഗീത സപര്യ തുടർന്നു കൊണ്ടേയിരുന്നു. 2009 മുതൽ, കുറെ നാളായി നിന്നു പോയിരുന്ന ചിത്ര രചന വീണ്ടും തുടങ്ങി. പല മീഡിയങ്ങളും പരീക്ഷിക്കുന്നത് ടീച്ചർക്ക് ഏറെ പ്രിയമുള്ള കാര്യമായിരുന്നു. പോസ്റ്റർ കളർ, ഓയിൽ, അക്റിലിക്, അങ്ങനെ പലതും പേപ്പറിലും, കാൻവാസിലും, തുണിയിലും ഒക്കെയായി മാറി മാറി ഉപയോഗിച്ച് വർണ്ണ സമ്മിശ്രണങ്ങളുടെ മാന്ത്രികത സൃഷ്ടിക്കാൻ ടീച്ചർക്ക് സാധിച്ചു. പ്രകൃതി ദൃശ്യങ്ങൾ, പൂക്കൾ, കിളികൾ എന്നിവയായിരുന്നു ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ. ഇവ കൂടാതെ, പേപ്പർ ഉപയോഗിച്ചുള്ള പൂക്കുലകളും, ഇലകളും, വിൻഡ് കൈമും ഒക്കെ ടീച്ചറുടെ കലാസൃഷ്ടികളായി.അവസാനത്തെ 6 വർഷങ്ങൾ മൂത്ത മകൾ ശൈലജയുടെ കൂടെ ഡെൽഹിയിലാണ് താമസിച്ചിരുന്നത്. ആ കാലയളവിൽ തൻടെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമൊക്കെ നടത്തിയിരുന്നു. പ്രദർശനങ്ങളിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക്കൊടുക്കുകയാണുണ്ടായത്. ജീവിതത്തിന്ടെ അവസാന രണ്ടു മൂന്നു വർഷങ്ങളിലെ കലാ സൃഷ്ടികൾ അധികവും ചായാചിത്രങ്ങളും, കുറച്ച് ചിത്ര തയ്യലുകളുമായി ചുരുങ്ങി.എടുത്തു പറയേണ്ട ഒരു കാര്യം, 2020 ൽ കോവിഡ് ലോക് ഡൌൺ കാലത്ത് ചെയ്ത ട്യൂലിപ്സ് പൂക്കളുടെ ഒരു എംബ്രോയ്ഡെറിക്ക് മാലതി ടീച്ചർ കൊടുത്ത തലക്കെട്ട്: ‘കോവിഡിൻടെ ദുരിത ഘട്ടത്തിൽ വിരിഞ്ഞ നല്ല നാളെകളെ കാത്തിരിക്കുന്ന ട്യൂലിപ്സ്’ എന്നായിരുന്നു. നിർഭാഗ്യവശാൽ, ആ നല്ല നാളെകളെ കാണാൻ മാലതി ടീച്ചർ കാത്തുനിന്നില്ല!!കോവിഡ് സമയത്ത് ടീച്ചർ 96 ചായാചിത്രങ്ങൾ ഉണ്ടാക്കിയപ്പോൾ ലക്ഷ്യം, കോവിഡ് ഘട്ടം കഴിഞ്ഞ് എല്ലാം സാധാരണ പോലെ ആകുമ്പോൾ ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ഡോക്ടറിൻടെയോ, നേഴ്‌സിൻടെയോ കുടുംബത്തിന് കൊടുക്കാമെന്നുമായിരുന്നു.ശ്രീമതി. മാലതി ടീച്ചർ തന്നോട് ഇടപെടുന്ന ആർക്കും ഏറെ പ്രചോദനവും പോസിറ്റീവ് ഊർജ്ജവും പകർന്നു നൽകുന്ന വ്യക്തിത്വത്തിന്റെ ഉടമയും, ജീവിതത്തെ പ്രണയിച്ചിരുന്ന, എന്നും ഉഉളിനുള്ളിൽ യുവത്ത്വം നിലനിർത്തിയിരുന്ന വ്യക്തിയുമായിരുന്നു. മാലതി ടീച്ചറുടെ ജീവിതത്തിൻടെ പ്രമാണ വാക്യം:‘സമയം വളരെ വിലപ്പെട്ടതാണ്. ഒരിക്കലുമത് പാഴാക്കരുത്. എപ്പോഴും ഏതെങ്കിലും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുക’


കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകൻ ഞാനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ആർ. എൽ. വി. രാമകൃഷ്ണൻപ്രിയ സുഹൃത്തുക്കളെ നിങ്ങൾ നൽകിയ വലിയ പ്രോത്സാഹനത്തിന് നന്ദി പറയുന്നതോടൊപ്പം ചില സത്യസന്ധമായ കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കലാമണ്ഡലം ഡീംഡ് ടു ബി .യൂണിവേഴ്സിറ്റി ആക്കിയതിനു ശേഷം ഭരതനാട്യവിഭാഗത്തിൽ ഒരു പുരുഷ അധ്യാപകനെ നിയമിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾ എല്ലാവരും കണ്ടതാണല്ലോ.എൻ്റെ അറിവ് ശരിയാണെങ്കിൽ അടുത്ത വർഷം മുതൽ ഭരതനാട്യം, കുച്ചുപ്പുഡി എന്നീ വിഷയങ്ങൾക്ക് പ്രത്യേക വിഭാഗമായി PG ക്ലാസുകൾ തുടങ്ങുന്നതിനായിട്ടാണ് പുതിയ പോസ്റ്റുകൾ വിളിച്ചതും നിയമനങ്ങൾ നടന്നതും. അതിൻ്റെ ഭാഗമായിട്ടുള്ള ആദ്യനിയമനത്തിലാണ് ഞാൻ ഉൾപ്പെട്ടത്. ഈ വാർത്തയാണ് ഇപ്പോൾ ചിലർ വിമർശനങ്ങൾക്ക് വിധേയമാക്കുന്നത്. ആട്ടത്തിലെ ആൺവഴികൾ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനാണ് M.phil with Intagrated കോഴ്സിന് 2007 ൽ ഞാൻ കലാമണ്ഡലത്തിലെത്തുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിലെ പുരുഷസാന്നിധ്യങ്ങളെ ഈ ഗവേഷണ പുസ്തകത്തിൽ ഞാൻ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. കേരളത്തിലെ കലാ ചരിത്രങ്ങളെ രേഖപ്പെടുത്തുക എന്ന നിലയ്ക്ക് കേരള കലാമണ്ഡലത്തിലെ നൃത്തകളരിലെ പ്രത്യേകിച്ച് മോഹിനിയാട്ട കളരിയിലെ പുരുഷസാന്നിധ്യങ്ങളെ കൃത്യമായി ഈ ഗവേഷണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ചരിത്രം പഠിക്കുമ്പോൾ എല്ലാം കൃത്യമായി മനനം ചെയ്തിട്ടു ആണല്ലോ ഓരോ ഗവേഷകരും തൻ്റെ കാഴ്ചപ്പാടിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ കേരള കലാമണ്ഡലത്തിലെ കളരിയിലെ പൂർവ്വസൂരികളായ ഗുരുക്കന്മാരെ കൃത്യമായി എൻ്റെ ഗവേഷണത്തിനായി പഠിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇനി കാര്യത്തിലേക്ക് കടക്കട്ടെ !ഇന്നലെ കലാമണ്ഡലത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എൻ്റെ നിയമനം "ചരിത്രത്തിൻ്റെ ഭാഗമായി " എന്ന തലക്കെട്ടുകൾ കലാമണ്ഡലത്തിന് "പുറത്ത് " ഉള്ള ചിലർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിയാൻ കഴിഞ്ഞു.ഇതിൽ എൻ്റെ ഭാഗം ഞാൻ പറയട്ടെ.ഞാനുമായി അഭിമുഖം നടത്തിയ ഓരോ മാധ്യമപ്രവർത്തകരോടും  കലാമണ്ഡലത്തിലെ പൂർവ്വസൂരികളായ ഗുരു ARR ഭാസ്ക്കർ,ഗുരു  രാജരത്നം പിള്ള തുടങ്ങിയ ഗുരുക്കന്മാർ പഠിപ്പിച്ച കളരിയിൽ " ഏകദേശം " 80 വർഷത്തിനിപ്പുറം ഒരു അധ്യാപകനാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പത്രപ്രവർത്തകരും ഈ ഗുരുക്കന്മാരുടെ പേരുകൾ എന്നോട് പ്രത്യേകം ചോദിച്ച് എഴുതി എടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എൻ്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് ഞാൻ കരുതുന്നില്ലഎന്നാൽ ചില ഗ്രൂപ്പുകളിലും FB പോസ്റ്റിലും വന്ന വാർത്തകൾ ചിലരെങ്കിലും എന്നെ തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യുന്നത്. ഞാൻ വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത് എന്ന  ബോധ്യം എനിക്കുണ്ട്. അതിൽ എന്നെ പഴി പറഞ്ഞിട്ട് കാര്യമില്ല.  പൂർവ്വസൂരികളായ പുരുഷ നട്ടുവന്മാരെയും നർത്തകരെയും ഗുരുക്കന്മാരെയും കുറിച്ച് എൻ്റെ തീസിസിൽ എഴുതിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത് ഞാൻ നേരിൽ കണ്ടതാണ്. അങ്ങനെയൊക്കെ ഉണ്ടോ എന്ന് പലരും ചോദ്യശരങ്ങൾ തൊടുത്തു. തെളിവുകൾ നിരത്തിയിട്ടും ചിലർക്ക് മനസ്സിൽ പിടിച്ചില്ല. അങ്ങനെയുള്ള ചിലർ ഇന്ന് പൂർവ്വസൂരികളായ പുരുഷ പ്രതിഭകളെ  സ്മരിക്കുന്നത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.Shop Hereഒരിക്കലും ചരിത്രത്തിൻ്റെ ഭാഗമാകാൻ വേണ്ടി ആരും കല പഠിക്കില്ലല്ലോ. എൻ്റെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി മാറ്റി വച്ചതാണ്. പഠനവും ഗവേഷണവും രംഗാവതരണവും പുതു ആവിഷ്ക്കാരങ്ങളുമായി ഞാൻ മുന്നോട്ടു പോകുക തന്നെ ചെയ്യും തീർച്ച.ജോലിയൊന്നും വേണ്ട എന്ന് തീരുമാനിച്ചായിരുന്നു കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഉണ്ടായിരുന്ന ഗസ്റ്റ് അധ്യാപകൻ്റെ ജോലി രാജിവച്ച് വീണ്ടുമൊരു എം.എ പഠനത്തിനായി പോയതും രണ്ടാം റാങ്കോടെ എം.എ ഭരതനാട്യം പാസ്സായതും..അതിനു ശേഷം കലാമണ്ഡലത്തിൽ ഒരു പോസ്റ്റ് ലഭിച്ചത് സൗഭാഗ്യമായി കാണുന്നു. കുറച്ച് സ്വതന്ത്രമായി കലാരംഗത്ത് സഞ്ചരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് കാലടിയിൽ നിന്ന് പോന്നത്. ജീവിക്കാൻ അത്ര വലിയ പണം വേണമെന്ന് തോന്നുന്നകയും ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ഞാൻ. ഇനി ജോലിയിൽ അത്രകണ്ട് സർവ്വീസും എനിക്ക് ഇല്ല എന്നറിയാം. ഞാൻ കലാമണ്ഡലത്തിൽ നിയമിതനായത് ചിലർക്കെങ്കിലും ഇഷ്ടകേട് ഉണ്ടായിട്ടുണ്ടായിരിക്കാം.ഇനി നിങ്ങൾ എൻ്റെ രാജിയാണോ ആഗ്രഹിക്കുന്നത്.? അങ്ങനെയാമ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടുമോ? ഇതിൻ്റെയെല്ലാം "ആണി "ആരാണെന്ന് എല്ലാവർക്കും അറിയാം. നമ്മളും കഴിക്കുന്നത് അരിയാഹാരം തന്നെയാണ്. കട പല്ല് കടിച്ച് പിടിച്ച് ചിരിക്കുന്നവരെ കാണാൻ തുടങ്ങിയിട്ട് നാളേറയായി. ചില വിവാദങ്ങൾ ഉണ്ടായപ്പോൾ ആടി കളിക്കുന്ന കുറേ പേരെ ഞാൻ കണ്ടതാണ്. ഇന്നിപ്പോ ഇതിൻ്റെ പുറകിലുള്ള "ആട്ടം " കാണുമ്പോൾ എല്ലാം മനസിലാവും പ്രിയപ്പെട്ടവരെ നിങ്ങൾക്ക് വേണ്ടത് എൻ്റെ ചോരയാണെങ്കിൽ പറയൂ ഞാൻ നെഞ്ചുവിരിച്ച് നിൽക്കാം മുൻപിൽ വന്ന് ഏറ്റുമുട്ടുക . അതല്ലാതെ പിന്നിൽ നിന്ന് കുത്തുകയല്ല വേണ്ടത്.  പുറകിൽ നിന്ന് കുത്തുന്നവരുടെ പേര് പുരാണങ്ങളിൽ നിന്ന് വായിച്ചെടുക്കാം


കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ഡോ. മേഘാ ജോബികേരള കലാമണ്ഡലം മറന്നുപോയ അവിടുത്തെ ആദ്യത്തെ  ഭരതനാട്യ അധ്യാപകൻ: കേരള കലാമണ്ഡലത്തിലെ ആദ്യത്തെ ഭരതനാട്യ ആചാര്യൻ അഭിനയശിരോമണി തഞ്ചാവൂർ രാജരത്നം പിള്ളയാണ്. ആദ്യത്തെ ബാച്ചിൻ്റെ അരങ്ങേറ്റം നടത്തിയ ശേഷം അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും പിരിഞ്ഞു പോന്നു. എന്നാൽ കലാമണ്ഡലത്തിൽ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിനും നിർബന്ധത്തിനുമൊടുവിൽ അദ്ദേഹം അവിടെ അടുത്ത് തന്നെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ലളിതകലാ സദനം എന്ന പേരിൽ ഭരതനാട്യം അഭ്യസിപ്പിക്കാനുള്ള  കേന്ദ്രം ആരംഭിച്ചു.  കലാമണ്ഡലത്തിലെ വിദ്യാർത്ഥികളായിരുന്ന  പെരുമ്പാവൂർ സ്വദേശി സുമതിയും (കലാമണ്ഡലം സുമതി ടീച്ചർ), മോഹന തുളസി (കലാമണ്ഡലം മോഹന തുളസി ടീച്ചർ) തുടങ്ങി ധാരാളം പേർ ഗുരുവിൻ്റെ  അടുത്ത് ഭരതനാട്യ പരിശീലനം തുടർന്നു. നാട്യരംഗത്തേക്ക്  പ്രത്യേകിച്ച് ഭരതനാട്യ രംഗത്തേയ്ക്ക്  നാട്യകല - സിദ്ധാന്തവും പ്രയോഗവും, നാട്യകല-അഭിനയപാഠം , ശൃംഗാര ലഹരി, താളം-നട്ടുവം തുടങ്ങി 4 പുസ്തകങ്ങളും യുഗാന്തരങ്ങൾ എന്ന ആത്മകഥയും തഞ്ചാവൂർ തനിമയിലുടലെടുത്ത ഭരതനാട്യത്തിൻ്റെ   വ്യായാമ മുറകളുടെയും, അടവുകൾ-മുദ്രകൾ-അഭിനയം-നൃത്ത നാട്യയിനങ്ങൾ എന്നിവയുടെയും ദൃശ്യഭാഷ്യവും  സംഭാവന ചെയ്ത റിട്ടയേഡ് സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ ശ്രീ പി.ജി. ജനാർദ്ദനൻ മാസ്റ്ററുടെ ഗുരുവും തഞ്ചാവൂർ രാജരത്നം പിള്ളയായിരുന്നു. ജനാർദ്ദനൻ മാസ്റ്ററും ലളിതകലാ സദനത്തിത്തിൽ നിന്നുതന്നെയാണ്  ഗുരുവിൽ നിന്നും ഭരതനാട്യം അഭ്യസിച്ചിരുന്നത്.   എന്നാൽ കേരള കലാമണ്ഡലം ഭരണസമിതിയംഗങ്ങൾ തഞ്ചാവൂർ രാജത്‌നം പിള്ളയെ ഫോക്ക് ഡാൻസ് മാത്രം പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ എന്ന നിലയിലാണ് കലാമണ്ഡലത്തിൻ്റെ ചരിത്രം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ പി.ജി. ജനാർദ്ദനൻ മാസ്സ്റ്റർ തൻ്റെ നാട്യകല- സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിൽ വളരെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഭരതനാട്യത്തിന് പുറമേ മണിപ്പൂരിയും കിഴക്കൻ ഭാരത പ്രവിശ്യകളിലെയും ദക്ഷിണ ഭാരതത്തിലെയും പതിനഞ്ചിലധികം നാടോടി നൃത്തങ്ങളിലും വളരെ പരിജ്ഞാനം നേടിയ ആചാര്യനായിരുന്നു തഞ്ചാവൂർ രാജരത്നം പിള്ള എന്നത്  ശരിയാണ്, ശ്രദ്ധേയമാണ്.  എന്നാൽ കലാമണ്ഡലത്തിൽ അദ്ദേഹം മൂന്ന് കൊല്ലത്തോളം പഠിപ്പിച്ചതും അരങ്ങേറ്റം നടത്തിക്കൊടുത്തതും ഭരതനാട്യമാണ്.  കലാമണ്ഡലത്തിൽ പിന്നീട് പഠിപ്പിക്കാനെത്തിയ ഏ.ആർ. ആർ. ഭാസ്ക്കർ എന്ന അധ്യാപകൻ  ലളിത കലാസദനത്തിൽ  വന്ന്  ഗുരു രാജരത്നo പിള്ളയിൽ നിന്നും ഭരതനാട്യം പ്രത്യേകിച്ചും   അടവുകളിലെ ശുദ്ധത,  പദം, വർണ്ണം, തില്ലാന പോലുള്ള ഇനങ്ങൾ വളരെയധികം പഠിച്ചു പോയിരുന്നതിന് ജനാർദ്ദനൻ മാഷും  അന്നവിടെ ഉണ്ടായിരുന്ന  മറ്റ് വിദ്യാർത്ഥികളും സാക്ഷികളാണ്.    ഭാസ്കർ  റാവു എന്ന അധ്യാപകൻ കലാമണ്ഡലത്തിൽ  വന്നതിന് ശേഷം അദ്ദേഹത്തിൻ്റെയും ഗുരുവായി തീർന്ന  അഭിനയശിരോമണി  തഞ്ചാവൂർ രാജരത്നം പിള്ളയെ   കലാമണ്ഡലത്തിലെ പില്ക്കാല വിദ്യാർത്ഥികൾ അറിയാതെ പോയത്  കലാമണ്ഡലത്തിൻ്റെ അക്കാലത്തെയും തുടർന്നുള്ള കാലങ്ങളിലെയും ഭരണകർത്താക്കൾ ഈ ചരിത്ര സത്യം മൂടിവെച്ചതിനാലാണ്.  ഇപ്പോൾ  ഭാസ്ക്കർ റാവു മാസ്റ്റർ  കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  ഓർമ്മയിലേക്ക് മാത്രം  ഒതുക്കപ്പെടുന്നതുപോലെ  അന്ന് രാജരത്നം മാസ്റ്ററേയും അദ്ദേഹത്തിൻ്റെ സംഭാവനകളേയും ഒരു കൂട്ടം ആളുകൾ ഒതുക്കി മറച്ചുവച്ചു. എന്നാൽ സത്യമെന്ന  സൂര്യനെ എല്ലാക്കാലത്തും ഒതുക്കി മറച്ചു വക്കാനാവില്ല. സമകാലിക-നവമാധ്യമങ്ങൾ ക്യാപ്ഷനുകളിട്ട് വാർത്തകൾ തട്ടിക്കൂട്ടുമ്പോൾ  ഇടയ്ക്കെങ്കിലും ചരിത്രം പഠിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.രാജരത്‌നം മാസ്റ്റർ ഒന്നുരണ്ട് വർഷക്കാലം കലാമണ്ഡലം സുമതി ടീച്ചറുടെ വീട്ടിൽ താമസിച്ച് താഞ്ചാവൂരിൽ ഉദ്ഭവിച്ച ഭരതനാട്യത്തിൻ്റെ പാഠങ്ങൾ പകർന്നു നല്ലിയിട്ടുണ്ട്. ആ മഹാഗുരുവിൻ്റെ മരണം വരെ എൻ്റെ ഗുരുനാഥൻ ജനാർദ്ദനൻ മാസ്റ്റർ അദ്ദേഹവു മായുള്ള ഗുരുശിഷ്യബന്ധം തുടർന്നു പോന്നിരുന്നു. ജനാർദ്ദനൻ മാഷിൻ്റെ വാടാനപ്പള്ളിയിലെ വീട്ടിലും ഗുരു ഇടയ്ക്ക് വന്ന് താമസിക്കുമായിരുന്നു. ഇപ്പോഴും ഗുരുവിനെ സ്മരിക്കാത്ത ഒരു ദിനം പോലും ജനാർദ്ദനൻ മാഷിനില്ല.


തൃശ്ശൂരിൻ്റെ പൊൻതിളക്കത്തിന് 11 വർഷമായി പരിചമുട്ട് മത്സരത്തിൽ തിളങ്ങുന്ന മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളും

കൊടകര: പരിചമുട്ട് (എച്ച് എസ്സ് വിഭാഗം ) മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിന് 11 -ാം വർഷവും എ ഗ്രേഡ് ലഭിച്ചു. ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്  അർജുൻ കൃഷ്ണ, ആദർശ് മനോജ്, അമർനാഥ് എ ആർ,അഗ്നിമിത്രൻ പി.പി, അർജുൻ ഐ എസ്സ് , അദ്വൈദ് കൃഷ്ണ പി യു , മുഹമ്മദ് തമീം ദേവദത്തൻ കെ എസ് എന്നിവരാണ്.എല്ലാവർഷവും ജൂൺ മാസത്തിൽ സ്ക്കൂൾ തുറന്ന് തൊട്ടടുത്ത ആഴ്ച മുതൽ പരിചമുട്ട് പരിശീലനം ആരംഭിക്കും. നല്ല മെയ് വഴക്കം ആവശ്യമായ കലാരൂപമായതിനാൽ കഠിനമായ പരിശീലനമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ മറ്റുജില്ലകളിൽ ന്നിന്നും വന്ന ഗുരുക്കൻമാരായിരുന്നു പരിശീലനം നൽകിയിരുന്നത്. പിന്നീട് സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളായ അമൽ, അനന്തു, അതുൽ, അർജുൻ എന്നിവരാണ് പഠിപ്പിച്ചുവരുന്നത്. ഹെഡ്മിസ്ട്രസ്സ് എം . മഞ്ജു ടീച്ചറിൻ്റെ അഭ്യർത്ഥനപ്രകാരം ഓഫീസ് സ്റ്റാഫായ ജനിൽ വളരെ സന്തോഷപൂർവ്വം ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരിശീലനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു. 11 വർഷമായി ജനിലിൻ്റെ നേതൃത്വത്തിലാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിൽ നിന്നും സബ് ജില്ല തലം മുതൽ സംസ്ഥാന തലം വരെ പരിചമുട്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.


നാടക ജഡ്ജിങ് പാനൽ വിവാദമുക്തമാക്കുക

നാടകം എന്ന കലയോട് അത് അർഹിക്കുന്ന ബഹുമാനവും ഇടപെടലുകളിൽ ആവശ്യമായ ഗൗരവവും  സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്. ഇപ്പോൾ അടിയന്തരമായി ശ്രദ്ധയിൽ പെടുത്താനുള്ള ഒരു കാര്യം HS ജഡ്ജസ് പാനൽ സംബന്ധിച്ചുള്ളതാണ്. നാളെ ( 07/01/2025) ന് നടക്കാനിരിക്കുന്ന ഹൈസ്കൂൾ നാടക മത്സരത്തിൽ നാടകം പഠിച്ചവരും കുട്ടികളുടെ നാടക മേഖലയെ കുറിച്ച് ബോധവും വിവരവും ഉള്ളവർ ആയിരിക്കണം എന്നതാണ് ആവശ്യം.എപ്പോഴോ നാടകം പഠിച്ചാൽ മാത്രം പോരാ അത് നാടകത്തിൻറെ ഏതെങ്കിലും മേഖലയിൽ  പ്രാക്ടീസ് ചെയ്യുന്നവരാകണം, ഏറ്റവും ചുരുങ്ങിയത് നാടകങ്ങൾ നിരന്തരമായി കാണുന്നവരും ആ മേഖലയിൽ അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ബോധമുള്ളവരും ആയിരിക്കണം.ഗൗരവ നാടക മേഖലയുടെ ഭാഗമായ സ്കൂൾ നാടക മത്സരത്തിന് വിധി പറയാൻ പ്രൊഫഷണൽ നാടകം മാത്രം ചെയ്തിട്ടുള്ളവരേയും സിനിമ സീരിയൽ കാരേയും ഉൾപ്പെടുത്തുന്ന രീതി ഉണ്ടാവരുത്. അത്തരം പ്രവണതകൾ നാടകത്തിന് ഗുണകരമല്ല എന്നുമാത്രമല്ല വിപരീതമായ ഫലങ്ങൾ നിർമ്മിക്കുകയും ചെയ്യും.സംഘാടകർ പരിപാടിക്ക് ഗുമ്മുണ്ടാകാനോ, ജനങ്ങളുടെ സിനിമാ സീരിയൽ ഭ്രമത്തെ മുതലെടുക്കാനോ ഇക്കാര്യത്തിൽ ശ്രമിക്കുന്നത് ശുദ്ധ ഫോഷ്കാണ്.  വിഷയത്തെക്കുറിച്ച്  ഒട്ടും ശ്രദ്ധയോ ആത്മാർത്ഥതയോ ഇല്ലാതെ നിസ്സാരമായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ നാടകത്തോട് തന്നെയുള്ള നിന്ദയും നിഷേധവും ആണ്. ഇന്നലെ നടന്ന ഹയർസെക്കൻഡറി മത്സരത്തിന്റെ ജഡ്ജസ്  പാനൽ വായിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന എല്ലാ നാടകക്കാർക്കും തോന്നിയത് ഒരേ കാര്യമാണ്. എന്തുകൊണ്ട് ഇത്രയും നിരുത്തരവാദപരമായ ഒരു സമീപനം? നാടകക്കാർക്കുള്ള ഇത്തിരി ഇടത്തിലും അവരുടെ ഐഡന്റിറ്റിയും അർഹതയും  തട്ടിപ്പറിക്കുന്ന ഈ പ്രതിഭാസത്തിന് എന്ത് പേരാണ് പറയേണ്ടത്?വിളിക്കുമ്പോൾ ഓസ്കാർ അവാർഡ് ആയി കണ്ടു ഓടി വരുന്ന, അർഹതയില്ലാത്ത സ്ഥലത്ത് വന്നിരിക്കുന്ന ചങ്ങാതിമാർ, നിങ്ങൾ ചെയ്യുന്നത് വലിയ ദ്രോഹം ആണെന്നും ഒരു സമൂഹത്തിനെ  ചവിട്ടിത്താഴ്ത്താൻ നിങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും അറിയാതെ പോകരുത്. അതിന് നിങ്ങളെ യോഗ്യരാക്കുന്നത് സിനിമയും സീരിയലും അത്യാവശ്യം സംഗീത നാടക അക്കാദമിയിലെ പ്രൊഫഷണൽ നാടക അവാർഡുകളും ആണെങ്കിൽ നിങ്ങൾ അറിയണം ഈ കടുത്ത രാഷ്ട്രീയ വിവേചനത്തിന് എതിരെ കൂടിയാണ് നാടകം നിലകൊള്ളുന്നത്.യുവജനോത്സവവുമായി ബന്ധപ്പെട്ട്  നാടക മത്സരത്തെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ അക്കമിട്ട്  പറയുവാൻ ഉണ്ട്. അതൊക്കെ ഇനി സമയം പോലെ ആകാം. നാളത്തെ മത്സരത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്ക് അവരെ ജഡ്ജ് ചെയ്യുന്നത് അർഹതയുള്ളവരാകട്ടെ എന്ന് ആശംസിക്കുന്നു. വേണ്ടപ്പെട്ടവർ ഇത് ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.എഴുത്ത്: ഷൈലജ ജാലതീയേറ്റർ ഡയറക്ടർ, ഡിസൈനർ ആർട്ടിസ്റ്ഫൗണ്ടിങ് ഡയറക്ടർ ഓഫ് ഇറ്റ്ഫോക്


ക്ലാസിക്കൽ കലകളെ ആൾക്കൂട്ട ആരവങ്ങളും കെട്ടുകാഴ്ചകളും ആക്കരുത്

കെട്ടുകാഴ്ചകളും ആൾക്കൂട്ട അവതരണങ്ങളുമാണ് മൂല്യമുള്ള കലകളെന്ന തെറ്റിദ്ധാരണ വ്യാപകമാകുന്ന കാലമാണിത്. കൊച്ചി മുസരീസ് ബിനാലെയാണ് കെട്ടുകാഴ്ച സംസ്കാരത്തിന് കേരളത്തിൽ തുടക്കമിട്ടത്. മെഗാ തിരുവാതിരകൾ കണ്ടു കണ്ണു മഞ്ഞളിക്കുന്ന സാംസ്കാരിക നായകന്മാരുടെ എണ്ണം സമൂഹത്തിൽ പെരുകുന്ന കാലം കൂടിയാണിത്. അതിന്റെയെല്ലാം പരിണിത ഫലമാണ് എറണാകുളത്തു നടന്ന കലാഭാസവും തട്ടിപ്പും.ഫ്യൂഡൽ കാലങ്ങളിൽ പിറവികൊണ്ട ബലവും സൗന്ദര്യവുമുള്ള കലകൾകാലാതിവർത്തിയായി നമ്മുടെ നാട്ടിൽ നിലകൊള്ളുന്നു. സമൂഹം ഈ കലകളെ പരിപോഷിപ്പിച്ച് നിലനിർത്തി പോരുകയും ചെയ്യുന്നു. ഇത്തരം കലകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യം. ആർത്തിപൂണ്ട ഒരുപറ്റം സാമൂഹ്യവിരുദ്ധ കൊള്ളക്കാർ ചേർന്നു കൊണ്ട് മനോഹരമായ ഈ നൃത്തരൂപത്തെ അരോചകമായ ആൾക്കൂട്ട കെട്ടുകാഴ്ചയായി എറണാകുളത്തവതരിപ്പിച്ചു. നൃത്തം പരിശീലിക്കുന്ന ആയിരക്കണക്കിനു കലാകാരികളെ അപമാനിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വൈകൃതമായഒരവതരണമായിരുന്നു എറണാകുളത്ത് നടന്നത്.ദുര മൂത്ത ദിവ്യ ഉണ്ണി എന്ന മൂന്നാംകിട കലാകാരി പ്രശസ്തിക്കു വേണ്ടി ഒരു കൊള്ളസംഘത്തെ കൂട്ടുപിടിച്ചുകൊണ്ട് അനേകം നർത്തകികളിൽ നിന്നും പണം ഈടാക്കി അവരെ നോക്കുകുത്തികളാക്കി വഞ്ചിച്ചു.12000 പെൺകുട്ടികൾ നീല സാരി ഉടുത്തു നിൽക്കുന്നതാണ് ഭരതനാട്യമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി ധരിച്ചു വെച്ചിരിക്കുന്നത്. ഈ കലാഭാസത്തിനു സാന്നിധ്യം നൽകി പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത്തരം വൈകൃതങ്ങളെ മഹത്തായ കലാവതരണങ്ങളായി വിലയിരുത്തുന്ന സാംസ്കാരിക വകുപ്പ് മന്ത്രി കേരളത്തിന്റെ സാംസ്കാരിക രംഗം ജീർണ്ണമാക്കുന്നതിനു നേതൃത്വം നൽകുകയാണ്.ശ്രീ പിണറായി വിജയനെ പോലുള്ള ഒരു മികച്ച ഭരണാധികാരിക്ക് തന്റെ സർക്കാരിന് നിരന്തരം ക്ഷതമേൽപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിയെ മാറ്റിനിർത്താൻ കഴിയേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സാംസ്കാരിക വകുപ്പു കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരെ ഈ വകുപ്പ് ഏൽപ്പിക്കുന്നതായിരിക്കും ഈ സന്ദർഭത്തിൽ ചെയ്യാവുന്ന ഏറ്റവും മികച്ച സാംസ്കാരിക ഇടപെടൽ. സാംസ്കാരിക പ്രവർത്തനത്തിൽ പരിചയസമ്പന്നരും ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നവരുമായ നിരവധി പേർ ഈ മന്ത്രിസഭയിൽ തന്നെ ഉണ്ടല്ലോ.......? ടി കെ രാമകൃഷ്ണനും എം എ ബേബിയുമൊക്കെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാംസ്കാരിക വകുപ്പിനാണ് ഈ ഗതികേട്.എഴുത്ത്:സത്യപാൽ അരവിന്ദാക്ഷൻ


അഘോരികളുടെ നിഗൂഡമായ വിസ്മയ കാഴ്ചകൾക്കായി ഗുദാമിൻ്റെ അകത്തളങ്ങൾ ഒരുങ്ങുന്നു

അസാധാരണമായ ആചാരാനുഷ്ടാനങ്ങളും നിഗൂഡമായ ജീവിത രീതികളുമുള്ള ഒരു സന്യാസ സമൂഹമാണ് അഘോരികൾ. വിചിത്രമായ മൃഗമാംസങ്ങളും കഞ്ചാവ് ഭാംഗ് പോലുള്ള ലഹരികളും നിർബാധം ഉപയോഗിക്കുന്ന ഇവരെ വാരാണസിയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുണ്ട്. ദേഹമാസകലം ഭസ്മംപൂശി സഞ്ചരിക്കുന്ന ഇവർ പേടിപ്പെടുത്തുന്ന ഒരു സന്യാസ കൂട്ടമാണ് . ഇവർക്കൊപ്പം സഞ്ചരിച്ച് ഒളിഞ്ഞും പതിഞ്ഞും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ പകർത്തുക എന്നത് അതിസാഹസികമാണ്! പ്രശസ്ത ഫോട്ടോഗ്രാഫർ അൻഷാദ് ഗുരുവായൂർ പകർത്തിയ അഘോരികളുടെ നിഗൂഡ ലോകത്തിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള അത്യപൂർവ്വ ചിത്രങ്ങളുടെ ഒരു പ്രദർശനം 2024 ഡിസം : 15 മുതൽ 31 വരെ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം ആർട്ട് & ആൻ്റിക് ഗ്യാലറിയിൽ നടക്കുകയാണ്.ഡിസം : 15 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൽത്തുത് മിഷ് എന്ന പ്രശസ്ത എഴുത്തുകാരൻ്റെ നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും പ്രിയ ഗസൽ ഗായകൻ ഇദ്‌രീസ് മാമ്പി യുടെ ഗസൽ സന്ധ്യയും ഉണ്ടായിരിക്കും. ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് കോഴിക്കോട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജീതേഷ് sir ആണ്.അതിശയകരവും അത്യപൂർവ്വവുമായ ആൻ്റിക് ശേഖരങ്ങളുടെ കലവറയായ ഗുദാം ആർട്ട് & ആൻ്റിക്കിൽ കാഴ്ചയുടെയും ആസ്വാദനത്തിൻ്റെയും രുചികളുടെയും  താളരസമുകുളങ്ങൾ വിരിയുന്ന സായാഹ്നത്തിലേക്ക് ഏവർക്കും സ്വാഗതം


എറന്നൂർ ശശി ( ശശി മാഷ് ) എഴുതി, കുട്ടി പാടി, ജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം

കൊടകര: 2024-25 വർഷത്തെ തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം സംസ്കൃതം ഗാനാലാപനം മത്സരത്തിൽ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ അരുണിമ സി.ആർ ന് ഒന്നാം സ്ഥാനം ലഭിച്ചു. അരുണിമ ആലപിച്ച ഈ ഗാനം രചിച്ചത് തൻ്റെ അദ്ധ്യാപകനായ എറന്നൂർ ശശി (ശശി മാഷ്) ആണ്.കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബിരുദവും പുറനാട്ടുകര രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ -ൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശശി മാഷ് ഒട്ടനവധി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായിട്ടുണ്ട്. രാമമംഗലം പള്ളിപ്പുറത്തു കാവിലമ്മ ക്ഷേത്രത്തിലെ സുപ്രഭാതവും, തൃശൂർ ജില്ലയിലെ മുത്രത്തിക്കര ശാസ്താ ക്ഷേത്രത്തിലെ ശാസ്താ കീർത്തനങ്ങളും മലയാള മഞ്ജരി എന്ന കവിതയും ഋതു നന്ദനേ എന്ന ആൽബത്തിലെ ഗാനവും വളരെ ശ്രദ്ധേയമാണ്.കോടാലി മാങ്കുറ്റിപ്പാടം സ്വദേശിയായ ചൂളക്കൽ വീട്ടിൽ രതീഷിൻ്റെയും ശാലിനിയുടെയും മകളാണ് മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂളിലെ 6 ാം ക്ലാസ് വിദ്യാർത്ഥിനിയായ അരുണിമ. അരുണിമക്ക് കന്നഡ പദ്യം ചൊല്ലൽ മത്സരത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. 


2026 വെനീസ് ബിനാലെ ക്യൂറേറ്ററ്ററായി കോയോ കൂവോയെ നിയമിച്ചു

വെനീസ് ബിനാലെ 1895-ൽ ആരംഭിച്ചശേഷം എക്സിബിഷൻ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ വനിതയായിരിക്കും കോയോ കൂവോ.61 -മത് വെനീസ് ബിനാലെയുടെ തലപ്പത്ത് കോയോ കൂവോ എത്തുന്നത് കേപ് ടൗണിലെ സെയ്റ്റ്സ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് ആഫ്രിക്കയുടെ (സെയ്റ്റ്സ് മോക്കാ) എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലാണ്. ആഫ്രിക്കൻ കലയുടെ ആഗോള പ്രദർശനത്തിനായി ഈ പദവി ഉപയോഗിച്ച കോയോ കൂവോ കാമറൂണിലാണ് ജനിച്ചത്.ഒട്ടോബോംഗ് എൻകാംഗ, ട്രേസി റോസ്, മേരി ഇവാൻസ് എന്നിവരുൾപ്പെടെ ആഫ്രിക്കൻ/ആഫ്രിക്കൻ വംശജരായ ആർട്ടിസ്റ്റുകളുടെ സോളോ എക്സിബിഷനുകൾ കോയോയുടെ നേതൃത്വത്തിൽ മ്യൂസിയം നടത്തി. പെയിന്റിംഗിലെ “ബ്ലാക്ക് ഫിഗറേഷന്റെ ഒരു നൂറ്റാണ്ട്”എന്നായിരുന്നു 2022 മുതൽ 2023 വരെ നടന്ന ഈ പ്രദർശനങ്ങളുടെ വിഷയം.വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി കലയുടെ പ്രധാന ആകർഷണ കേന്ദ്രമാണെന്ന് കൂവോ പറഞ്ഞു, 'നാം ഇപ്പോൾ ജീവിക്കുന്ന ലോകത്തിനും,  ഏറ്റവും പ്രധാനമായി നാം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നലോകത്തിനും അർത്ഥം നൽകുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന് കൂവോ കൂട്ടിച്ചേർത്തു. വെനീസ് ബിനാലെ ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിന് വലിയ സംഭാവനകൾ നൽകി.  ലോകത്തിന് ഭാവിയുടെ കരുതലാകാൻ കഴിയുന്ന ഒരു പ്രദർശനമാണ് ഒരുക്കുകയെന്ന്  ബിനാലെ പ്രസിഡന്റ് പിയട്രാഞ്ചലോ ബട്ടഫൂക്കോ പറഞ്ഞു.- കെ.എസ്. ദിലീപ്കുമാർ


ഫോർട്ട് കൊച്ചിയിൽ സി ജി എച്ച് എർത്ത് ഒരുക്കുന്ന കലാപ്രദർശനം

കൊച്ചി: നവംബർ 15 മുതൽ ഡിസംബർ 1 വരെ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ സി ജി എച്ച് എർത്ത് നടത്തപ്പെടുന്ന കലാപ്രദർശനമായ "സമ്മിശ്ര ബിംബങ്ങൾ" ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 28 പേരുടെ കലാസൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത 80 കൃതികൾ ഉൾപ്പെടുന്ന ഈ പ്രദർശനത്തിൽ ശില്പങ്ങളും ചിത്രങ്ങളും ഉൾപ്പെടുന്ന സമഗ്രമായ ഒരു കലാനുഭവം ആസ്വദിക്കാം. പ്രശസ്ത ചിത്രകാരൻ സത്യപാൽ ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രദർശനം സി ജി എച്ച് എർത്ത് സംഘടിപ്പിക്കുന്ന എഴാമത്തെ കലാപ്രദർശനമാണ്.ഈ പ്രദർശനത്തിൽ രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങളും ഗോണ് പിത്തോറ തുടങ്ങിയ ഗോത്ര രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 15-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരും കലാനിരൂപകരും പങ്കെടുക്കും. എൻ ഇ സുധീർ, ടി ഡി രാമകൃഷ്ണൻ, ബി ഉണ്ണികൃഷ്ണൻ, ജോസ് ഡൊമിനിക്, ഡോ. സി ബി സുധാകരൻ, അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.നമ്മുടെ സംസ്കാരത്തെയും പരമ്പരയെയും ഉയർത്തിപ്പിടിക്കുന്ന ഈ കലാപ്രദർശനത്തിലേക്ക് എല്ലാ കലാരസികരെയും സ്വാഗതം ചെയ്യുന്നു.


കലാനിരൂപണ-പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്

ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.ഇരുവിഭാഗത്തിനും 10,000/-രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്. 2022ജനുവരി 1 നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം.ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്തകത്തിന്റെ നാല് പ്രതികളും 'സെക്രട്ടറി കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ -20'' എന്ന വിലാസത്തില്‍ 2024 ഡിസംബര്‍ 10-ാം തീയതിക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ്. പ്രസ്തുത പുസ്തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.എന്‍. ബാലമുരളീകൃഷ്ണന്‍സെക്രട്ടറി


സംഗീതസംവിധായകൻ രവീന്ദ്രൻ്റേത് സങ്കീർണ്ണമായ പാട്ടുകൾ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു പി. ജയചന്ദ്രൻ. ഈ വാദഗതിയെക്കുറിച്ച് ഒരു അന്വേഷണം

രവീന്ദ്രൻറ്റേത് സങ്കീർണ്ണ പാട്ടുകളോ?സംഗീതസംവിധായകൻ രവീന്ദ്രൻ്റെ പാട്ടുകൾ  ആവശ്യമില്ലാതെ സങ്കീർണ്ണമാക്കപ്പെട്ടവയാണെന്നും അതുകൊണ്ട് അദ്ദേഹം ‘ മാസ്റ്റർ’ എന്ന് വിളിയ്ക്കപ്പെടാൻ അർഹനല്ലെന്നും പി. ജയചന്ദ്രൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ ആ പ്രസ്താവനയിൽ ഉടൻ അദ്ദേഹം ഈ അഭിപ്രായം മാറ്റിപ്പറയുന്നുണ്ട്. ചില പാട്ടുകൾ മാത്രമാണിവയെന്നും അദ്ദേഹം തന്നെ പാടിയ ‘ആലീലത്താലിയുമായ’ (മിഴിരണ്ടിലും) വളരെ സൗമ്യതരവുമാണെന്ന് സമ ർത്ഥിയ്ക്കുന്നുമുണ്ട്, ഒരു തെറ്റ് തിരുത്തുന്നതുപോലെ. പക്ഷേ മാദ്ധ്യമങ്ങൾ അദ്ദേഹത്തിൻ്റെ ആദ്യത്തെ വാചകം മാത്രം ഏറ്റെടുത്ത് ഒരു വിവാദം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. നല്ലപാട്ടുകൾ കമ്പോസ് ചെയ്തിരുന്ന രവീന്ദ്രൻ “കോമ്പ്ളിക്കേറ്റെഡ്’ പാട്ടുകൾ കമ്പോസ് ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുകയായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട് അദ്ദേഹം.ശ്രീ ജയചന്ദ്രൻ രവീന്ദ്രനെ ജോൺസണുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. സംഗീതസംവിധായകകരെ താരതമ്യപ്പെടുത്തുന്നത് യുക്തിഭദ്രമല്ല, ഒരേ കാലത്ത് രംഗത്തുണ്ടായിരുന്ന ഇവർ രണ്ടു പേരും അത്യാകർഷകവും പോപുലറുമായ പാട്ടുകൾ വിരചിച്ചവരുമാണ്.സങ്കീർണ്ണമായ പാട്ടുകൾ രവീന്ദ്രൻ നിർമ്മിച്ചു എന്നാണ് ജയചന്ദ്രൻ്റെ പരാതി. അതിൽ ശരിയുണ്ട് താനും.യേശുദാസുമായി ചേർന്ന് അങ്ങനെയൊരു പതിവ്  വന്നുഭവിച്ചിട്ടുണ്ട്, സത്യമാണ്. പക്ഷേ ഇത് രവീന്ദ്രൻ്റെ പാട്ടുകളെ അടച്ചാക്ഷേപിക്കാനുള്ള വക നൽകുന്നതേ ഇല്ല. അത്രമാത്രം വൈവിദ്ധ്യമിയന്നതായിരുന്നു രവീന്ദ്രൻ്റെ സംഗീതസംവിധാന സപര്യ. യേശുദാസിനെക്കൊണ്ട്  അദ്ദേഹം പാടിപ്പിച്ച ജനപ്രിയഗീതങ്ങളൊക്കെ വൻ പ്രചാരത്തിലായവയാണ്. അവയിൽ ചിലതു മാത്രമേ സങ്കീർണ്ണമായിട്ടുള്ളു.  ആദ്യകാല പാട്ടുകളായ ‘തേനും വയമ്പും’ , ‘ഒറ്റക്കമ്പി നാദം മാത്രം’ ഒക്കെ ക്ളിഷ്ടതരമോ മനഃപൂർവ്വം ജടിലത ഉൾച്ചേർത്തവയോ അല്ല.അധികം താമസിയാതെയാണ് ‘ഉത്രാടപ്പൂനിലാവേ വാ’, ‘മാമാങ്കം പലകുറി.’ ഒക്കെ മലയാളികൾ സഹർഷം നെഞ്ചിലേറ്റുന്നത്. സങ്കീർണ്ണത നിർമ്മിച്ചെടുത്തതിനെപ്പറ്റി പരാതി പറയുന്ന ശ്രീ ജയചന്ദ്രൻ തീർച്ചയായും “അതിമനോഹരം ആദ്യത്തെ ചുംബനം” കേട്ടിട്ടുണ്ടാവണം. ലാളിത്യത്തോടൊപ്പം മാധുര്യം നിറച്ചിരിക്കയാണ്.  ഒരു സംഭാഷണം പോലെ സ്വരങ്ങൾ തിരിച്ചും മറിച്ചും പാടുന്ന സംഘങ്ങൾ കൂടെയുണ്ട്. പാട്ടുകാരന്മാരും പാട്ടുകാരികളും. ജിമ്മിക്കുകൾ തൻ്റെ ലക്ഷ്യങ്ങളിലൊന്നല്ല എന്ന രവീന്ദ്രൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ പാട്ട്. പ്രശ്നം ഗുരുതരത്തിലെ “ ലീലാതിലകം ചാർത്തി…” വ്യക്തമായി രാഗം അടിസ്ഥാനമാക്കിയ പാട്ടാണെങ്കിലും സങ്കീർണ്ണത തെല്ലുമില്ല, സ്വരാലാപനങ്ങൾ സർക്കസ് കളിയ്ക്കുന്ന മട്ടിൽ ചിട്ടപ്പെടുത്തിയവയുമല്ല.“താരകേ മിഴിയിതളിൽ..” ആദ്യം യേശുദാസിനെക്കൊണ്ട് പാടിപ്പിയ്ക്കുമ്പോൾത്തന്നെ ലളിതമെന്ന് തോന്നിപ്പിയ്ക്കുന്ന മന്ദഗതിയിലാണെങ്കിലും താഴ്ന്ന സ്ഥായിയിലാണ്. യേശുദാസ് അനായാസമായി പാടുന്നുണ്ടെങ്കിലും ഈ കീഴ്സ്ഥായിയിൽ പലർക്കും സുന്ദരമായി പാടാൻ സാധിയ്ക്കുകയില്ല. താഴ്ന്ന സ്ഥായിയിൽ പലരുടെയും ശബ്ദസൗകുമാര്യം പമ്പ കടന്നേയ്ക്കും.  യേശുദാസിനു വെല്ലുവിളികൾ നൽകുക എന്നത് രവീന്ദ്രൻ്റെ പതിവായിത്തീർന്നു എന്നത് സത്യമാണ്. പിന്നീട് കമ്പോസിങ്ങ് സമയത്ത് ഇരുവരും തീക്ഷ്ണമായ അഭിപ്രായപ്രകടങ്ങൾ പ്രകാശിപ്പിക്കുക് വഴി ചൂടൻ ചർച്ചയിൽ എത്താറുണ്ടായിന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശുദാസിൻ്റെ എല്ലാ ആലാപനമികവുകളും പുറത്തെടുക്കാനുള്ള യത്നം ആയിട്ടു വേണം ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്.1986 ലെ “ശ്രീലതികകൾ’ (സുഖമോ ദേവീ) ആയിരിക്കണം ഇത്തരം നിഷ്ക്കർഷകൾ തീക്ഷ്ണമായതിൻ്റെ ആദ്യ സൂചന. ചടുലമായ അക്ഷരവിന്യാസങ്ങളും യമകപ്രയോഗങ്ങളും സ്ഥയികളുടെ ഉയർച്ചകളും നിപാതങ്ങളും ആവോളം നിറച്ചിട്ടുണ്ട് ഈ പാട്ടിൽ.  നൃത്തരംഗൾക്ക് വേണ്ടിയുള്ളതോ കച്ചേരി മട്ടിൽ പാടുന്നതോ ആയ പാട്ടുകളിൽ മാത്രമേ അന്ന് വരെ സ്വരങ്ങൾ ഉപയോഗിച്ചിരുന്നുള്ളു. ഈ കീഴ് വഴക്കം പാടേ മാറ്റി മറിച്ചുകൊണ്ടാണ് ഒരു സാധാരണ പാട്ടിൽ സ്വരാലാപനം രവീന്ദ്രൻ നിബന്ധിച്ചത്.  ചരണത്തിൻ്റെ ആദ്യവരി കഴിഞ്ഞ് ‘സരിമ സരിമപ സരിമപനിസ...’ എന്നിങ്ങനെ ഓരോ ആവർത്തനത്തിനും ഓരോ സ്വരങ്ങൾ ഒന്ന് വെച്ച്  കൂട്ടി വ്യാപ്തികൂട്ടുന്ന കച്ചേരി പ്രയോഗവും വ്യത്യസ്തത വരുത്താനുള്ള വ്യഗ്രതയുടെ ഉദാഹരണമാണ്.  ഒന്നിടവിട്ട് ‘" പോരികെൻ- കരളിൽ- ആകവേ- മലയസാനുവിൽ- നിറനിലാവുപോൽ" എന്നതിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥായികൾ ഒന്നിടവിട്ട് പ്രയോഗിച്ചിട്ടുമുണ്ട്.  ചടുലമായ മൃദംഗ നടകൾ അത്യപൂർവ്വമായ ചാതുരിയോടെയാണ് താളക്കൊഴുപ്പ് സൃഷ്ടിയ്ക്കുന്നത്. ഇതിനും തൊട്ടുമുൻപ് 1984 ഇൽ ‘മനതാരിലെന്നും കൊണ്ടുവാ....” അയത്നസുന്ദരമായി ചിട്ടപ്പെടുത്തിയിതാണ് എന്നത് ഓർമ്മിക്കാം. പക്ഷേ ചരണങ്ങളുടെ അവസാനം “ഹൃദയം-പിടയും-പുതുലഹരിയിൽ-മിഴികൾ-തിരയും-തവവദനം” എന്ന രീതിയിൽ ചടുലത  നിബന്ധിച്ചിട്ടുണ്ട്. ഇത് രവീന്ദ്രൻ്റെ ചിട്ടപ്പെടുത്തലുകളിൽ ഒരു കയ്യൊപ്പ് പോലെ പതിഞ്ഞു കിടക്കുന്നതാണ്. ഒരു സങ്കീർണ്ണതയും അനുഭവപ്പെടുന്നില്ല, എന്ന് മാത്രമല്ല, പാട്ടിൻ്റെ ഗതി ഒന്ന് മാറി ഒഴുകുന്നത് ആസ്വാദ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. 1984 ഇൽത്തന്നെ “മനസ്സേ നിൻ്റെ മണിനൂപുരങ്ങൾ..’ അതിമന്ദ്രമായി ചിട്ടപ്പെടുത്തി വെച്ചിരുന്നിട്ടുമുണ്ട്, ഓരോ വാക്കിലും പരമശാന്തത ഘനീഭിവിപ്പിച്ചിട്ടുമുണ്ട്.‘ഭരത’ത്തിലെ ‘രാമകഥാഗാനലയം’  (1991) ജയചന്ദ്രനെ തെല്ല് ചൊടിപ്പിക്കുന്നുണ്ട്. സങ്കീർണ്ണതയുടെ ഉദാഹരണമായി ആ ട്യൂൺ ചൊല്ലിക്കേൾപ്പിക്കുന്നുമുണ്ട്. ചടുലമായും അതി വേഗതയോടും സ്ഥയികൾ ഉയർത്തി താഴ്ത്തുന്നത് ആവർത്തിച്ച് സംഘർഷാത്മകത സൃഷിടിയ്ക്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തെ സ്വൽപ്പം രോഷാകുലനാക്കുന്നത്, രവീന്ദ്രൻ ‘മാസ്റ്റർ’ ബിരുദത്തിനു അർഹനല്ലെന്ന് വിധിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. രാമകഥാ-ഗാനലയം-മംഗളമെൻ- തംബുരുവിൽ എന്ന വാക്കുകളാണ് പൊടുന്നനവേ ഉയരുകയും താഴുകയും ചെയ്യുന്നത്. മൃദംഗത്തിൻ്റെ ശ്രുതിയും ഇതോടൊപ്പം പൊങ്ങിത്താഴുന്നുണ്ട്.  പിന്നെ വരുന്ന സ്വരങ്ങൾ സങ്കീഋണ്ണാലാപനമാക്കിയിട്ടുണ്ട് സത്യമാണ്. സ്ഥായി ഉയർത്തിത്താഴ്ത്തുന്നത് സർക്കസ്സിൻ്റെ ചാതുര്യത്തോടെ തന്നെ.കച്ചേരികളിൽ സംഗീതജ്ഞർ തങ്ങളുടെ പാടവം പ്രദർശിപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാകാറുണ്ട് എന്നത് വിസ്മരിക്കാൻ വയ്യ. “ഇന്ദ്രധനുസ്സുകൾ മീട്ടിദേവകൾ.. ‘എന്ന ഭാഗം അത്യന്തം ക്ളിഷ്ടതരമാണ്, “പ്രണവം വിടർന്നുലഞ്ഞ സരയുവിൽ” പാടുമ്പോഴൊക്കെ സ്ഥായി പെട്ടെന്ന് ഉയർന്ന് താഴുകയാണ്. സിനിമയിലെ ആ രംഗത്തിൻ്റെ സംഘർഷാവസ്ഥ കൃത്യമായി ആവിഷ്ക്കരിക്കപ്പെടുകയാണിവിടെ. നായകൻ്റെ മനസ്സ് പ്രക്ഷുബ്ധമാണ്. ഈ പാട്ട് പാടാൻ എളുപ്പമല്ല. രവീന്ദ്രൻ്റെ കമ്പോസിങ്ങ് ചാതുര്യവും യേശുദാസിൻ്റെ ആലാപനവൈദഗ്ദ്ധ്യവും സമ്മിളിതമാകുന്ന വേളയാണിത്. സിനിമാസംഗീതത്തിൽ ഭാവതീവ്രത ആവശ്യപ്പെടുമ്പോൾ അത് നൽകുന്നത് ഉചിതമെന്നേ കരുതാനാകൂ. അത് കച്ചേരികളിലെ ചില ട്രിക്കുകൾ വിപുലീകരിച്ചെടുക്കുന്നതായാൽ തെറ്റ് പറയാനില്ല. ഇതേ സിനിമയിലെ മറ്റ് കർണാടക സംഗീത കീർത്തനങ്ങൾ -“ശ്രീവിനായകം നാമാമ്യഹം’,  “രഘുവംശപതേ’ എന്നിവ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചപ്പോൾ രവീന്ദ്രൻ ഈ സങ്കീർണ്ണതകളൊന്നും നിബന്ധിച്ചില്ല എന്നത് ‘രാമകഥാഗാനലയ’ത്തിൻ്റെ ചിട്ടപ്പെടുത്തൽ ആ രംഗത്തിൻ്റെ തീവ്രതയോട് യോജിച്ചു പോകുവാനാണ് എന്നത് വ്യക്തമാക്കുന്നു. ജയചന്ദ്രൻ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.”കോമ്പ്ളിക്കേറ്റഡ്’ ആക്കാൻ രവീന്ദ്രനെ ആരും വഴിതിരിച്ചു വിട്ടതല്ല എന്ന് തെളിയുകയാണ്.ഈ പാട്ട് കമ്പോസ് ചെയ്യുന്നതിനു തൊട്ടു മുൻപ് 1990 ഇൽ ‘ഹിസ് ഹൈനെസ് അബ്ദുള്ള’യിൽ ‘ പ്രമദവനം വീണ്ടും’ ,’ഗോപികാവസന്തം’,, ‘ദേവസഭാതലം’ ഒക്കെ യേശുദാസിനെക്കൊണ്ട് പലരീതിയിൽ ആവിഷ്ക്കരിച്ചെടുത്തത് രവീന്ദ്രൻ്റെ മിടുക്ക് എന്ന് തന്നെയേ പറയേണ്ടൂ. ‘പ്രമദവനം ‘ ഗമകപ്രയോഗങ്ങളാൽ സമൃദ്ധമാണ്, പാടി ഫലിപ്പിക്കാൻ എളുപ്പവുമല്ല. മന്ദ്രമായാണ് പാട്ട് തുടങ്ങുന്നത്,  പക്ഷേ “കവിയുടെ ഗാനരസാമൃതലഹരിയിൽ.....” പടിപടിയായി സ്ഥായി ഉയർത്തി ഒരു  ക്ളൈമാക്സിൽ ‘ഇന്നിതാ’ യിൽ എത്തിക്കുന്നതൊക്കെ രവീന്ദ്രൻ്റെ ചില വിദ്യകളിൽപ്പെടുന്നതാണ്, ആസ്വാദ്യത വർദ്ധിപ്പിക്കുന്നതേ ഉള്ളു. 1991 ഇലെത്തന്നെ ‘അരുണകിരണമണിയുമുടയും”’ (കിഴക്കുണരും പക്ഷി) നാലു സ്വരങ്ങൾ മാത്രം ഉപയോഗിക്കുന്ന ലവംഗി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. എന്നിട്ടും അപാര ചടുലതയാണ്, സ്ഥായി ഉയർത്തി താഴ്ത്തുന്നുണ്ട് പാട്ടിൽ ഉടനീളം.ഗാനരചയിതാവിനെക്കൊണ്ട് യമകപ്രയോഗങ്ങൾ പോലെ “അനുപമസ്വരഗതി അതിലൊരു നിർവൃതി’ എന്നതൊക്കെ എഴുതി വാങ്ങിയിട്ടുണ്ട് രവീന്ദ്രൻ. ‘മദനഭരം-സ്വരസദനം-മമസദനം-തവ ഹൃദയം’ ഒക്കെ ഉയർന്നു താഴാനുള്ള വാക്കുകളാണ്.  ഇതിനും വളരെ മുൻപേ 1986 ഇൽ ‘ശ്രീലതികകൾ’ ഇൽ ഇത് തുടങ്ങി വെച്ചിരുന്നു: അത് നേരത്തെ പരാമർശിച്ചിട്ടുണ്ട്. 1997 ഇലെ ‘പാടീ തൊടിയിലേതോ..” താളങ്ങളെക്കൊണ്ടുള്ള ലീലാവിനോദമാണ്, അക്ഷരങ്ങളെ അമ്മാനമാടുന്നുമുണ്ട്.  “ഗോപികേ ഹൃദയമൊരു ‘ (നന്ദനം)  പല്ലവിയിൽ തന്നെ അഗാധമായി താഴുന്ന ശ്രുതി പൊടുന്നനവേ അത്യുയരത്തിൽ എത്തുന്ന പടിയാണ് കമ്പോസ് ചെയ്യപ്പെട്ടിരിക്കുന്നത്. “ഗംഗേ തുടിയിൽ..” (വടക്കുന്നാഥൻ) അക്ഷരക്കൂട്ടങ്ങൾ പെരുമഴപോലെ ഉതിർന്നു വീഴുന്ന പോലെയാണ് ചിട്ടപ്പെടുത്തൽ. “കാർ കൂന്തൽ-ചുരുളിലരിയവര-വാർതിങ്കൾ-തുളസി-“ ഭാഗത്ത്  അക്ഷരങ്ങളും സ്ഥായി കയറ്റിറങ്ങളും കൂടെ കളിയിലേർപ്പെടുകയാണ്.  “തംബുരു കുളിർ ചൂടിയോ”  സൂക്ഷ്മമായ സ്വരനിബന്ധനകളും അവയുടെ അവിചാരിതമായി പ്രതിഷ്ഠിക്കപ്പെടുന്ന രീതിയും കൊണ്ട് സാധാരണ പാട്ടുകാർക്ക് പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതാണ്. പക്ഷേ പാട്ടാകട്ടെ ആകപ്പാടെ സ്നിഗ്ദ്ധത തൊട്ടുപുരട്ടപ്പെട്ടതാണ്. രവീന്ദ്രൻ്റെ പാട്ടുകളെ വേറിട്ടതാക്കുന്നത് ഇത്തരം സാഹസികമായ ഒരുമ്പെടലുകളാണ്, അത് സർഗ്ഗാത്മകതയുടെ നിദർശനവുമാണ്.1981 ഇൽ ‘തേനും വയമ്പും നാവിൽ തൂകി” മാധുര്യം ഇറ്റിച്ചാാണ് രവീന്ദ്രൻ സ്വയം പരിചയപ്പെടുത്തിയതു തന്നെ. പിന്നീട് “ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം” എന്ന് വരാൻ പോകുന്ന പാട്ടുകളെക്കുറിച്ച് പ്രവചിച്ചിട്ടുമുണ്ട്. സമുദ്രദിഗന്തങ്ങളുടെ ശാന്തതയും  സൗമ്യതയും സാന്ദ്രമാക്കിയ എത്രയൊ പാട്ടുകൾ ആദ്യചുംബനം പോലെ അതി മനോഹരങ്ങളായി നമ്മുടെ ചുണ്ടുകളിൽ മാധുര്യം ഇറ്റിച്ചു, കാതിൽ തേന്മഴയായി പെയ്തിറങ്ങി. ‘വികാരനൗകയുമായി” ഏതോ നിദ്രതൻ”, ‘മനസ്സിൻ മണിച്ചിമിഴിൽ’, ‘നിറങ്ങളേ പാടൂ’, ‘ഹൃദയം ഒരു വീണയായ്’, ‘ചന്ദനമണിവാതിൽ പാതി ചാരി’, ‘കുടജാദ്രിയിൽ’, ‘ആത്മാവിൻ പുസ്തകത്താളിൽ’, ‘ഇരുഹൃദയങ്ങളിൽ ഒന്നായ്’, ‘ഇന്നുമെൻ്റെ കണ്ണുനീരിൽ’....... ലിസ്റ്റ് നീളുകയാണ്. നിശിതമായി ആത്മനൊമ്പരവും വിരഹവേദനയും നഷ്ടബോധവും സൃഷ്ടിച്ച് ആ പാട്ടുകൾ ഹൃദയത്തിൽ തറച്ച് കയറ്റാൻ ഉദ്ദേശിക്കപ്പെട്ടവ തന്നെ.  കസർത്തുകൾ നിബന്ധിച്ച പാട്ടുകളേക്കാൾ (ജയചന്ദ്രൻ്റെ വീക്ഷണത്തിൽ): ഇത്തരം പാട്ടുകളണേറെ. എന്തുകൊണ്ട് രവീന്ദ്രനെ സൗമ്യമായ ആത്മനൊമ്പര ഗാന കമ്പോസർ എന്ന് വിശേഷിപ്പിക്കുന്നില്ല എന്ന് ചോദിക്കേണ്ടത് സംഗതമാണ്.സിനിമാഗാനങ്ങൾ കഥയുടെ ഘട്ടങ്ങൾക്കും വികാരപരതയ്ക്കും അനുയോജ്യമായി ചിട്ടപ്പെടുത്തുന്നവയാണ്. യേശുദാസ് ആവട്ടെ കച്ചേരി പാടുന്ന സംഗീത്ജ്ഞനാണ്, കയ്യിലിരിപ്പുകൾ ചില്ലറയല്ല. അദ്ദേഹത്തെക്കൊണ്ട് സാദ്ധ്യമാകുന്നതൊക്കെ സന്ദർഭമനുസരിച്ച് പുറത്തെടുക്കാനായിരുന്നു രവീന്ദ്രൻ നിഷ്ണാതനായത്. വെല്ലുവിളികൾ ധാരാളം ഇട്ടു കൊടുത്തു, യേശുദാസ് അതിലെല്ലാം വിജയിച്ചു എന്ന് രവീന്ദ്രൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കച്ചേരികളിൽ കേൾവിക്കാർ സമക്ഷം അവതരിക്കപ്പെടുന്ന ട്രിക്കുകൾ പലതും ചുരുക്കിയോ വിപുലീകരിച്ചോ എടുക്കാൻ യേശുദാസിനെ പ്രേരിപ്പിക്കുകയായിരൂന്നു രവീന്ദ്രൻ. കച്ചേരികൾക്ക് സാധകവും കൃത്യപരിശീലനവും ഒക്കെ അനുഷ്ഠിച്ച ശേഷമാണ് അവതരണം. പക്ഷേ സിനിമാപ്പാട്ടുകൾ പെട്ടെന്ന് പാടിത്തീർക്കുന്നവയാണ്. ട്രാക്ക് പാടിയത് ഒന്നോ രണ്ടോ തവണ കേട്ട് പെട്ടെന്ന് പാടി റെക്കോർഡ് ചെയ്യുകയാണ് പതിവ്. യേശുദാസിനു പോലും അത്തരം എളുപ്പങ്ങൾ നിഷേധിച്ചു രവീന്ദ്രൻ. അത് സംഗീതത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.കമ്പോസിങ്ങ് സമയത്ത് എന്ത് കശപിശകൾ നടന്നാലും നമുക്ക് ലഭിച്ചത് ഗംഭീരവും വെല്ലുവിളികൾ നിറഞ്ഞതും പാടി ഫലിപ്പിക്കാൻ പ്രയാസമേറിയതുമായ  ചില പാട്ടുകളാണ്. ആകെയുള്ള പാട്ടുകളിൽ ഒരു ചെറിയ ശതമാനമേ ഉള്ളു ഇത്തരം പാട്ടുകൾ  പക്ഷേ ഇത് രവീന്ദ്രൻ്റെ മുഖമുദ്രയായിരുന്നില്ല. മലയാളികളുടെ ഹൃദയത്തിൻ്റെ നുനുത്ത കോണുകളിലാണ് ആന്തരസ്പർശിയായ പാട്ടുകളെ  അദ്ദേഹം പ്രതിഷ്ഠിച്ചത്.സമഗ്രമായ ഒരു ലേഖനം...ശ്രീ. Ethiran kathiravan...🌹🌹🌹#എന്റെരവീന്ദ്രൻമാസ്റ്റർ...


രതീഷ് രവി കാരിട്ടൂൺ ഡയറക്ടർ

കേരള കാർട്ടൂൺ അക്കാദമി ഈ വർഷം നടത്തുന്ന കാരിട്ടൂണിൻ്റെ ഡയറക്ടറായി പ്രശസ്ത കാരിക്കേച്ചറിസ്റ്റ് രതീഷ് രവിയെ തിരഞ്ഞെടുത്തു. ലോക കാർട്ടൂൺ ദിനമായ മെയ് 5 മുതൽ ലോക ചിരി ദിനമായ മെയ് 8 വരെ എറണാകുളത്ത് ആണ് പരിപാടി.കേരള കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി യോഗത്തിലാണ് ഡയറക്ടറെ നിശ്ചയിച്ചത്. കേരള ലളിത കലാ അക്കാദമി, കൊച്ചിൻ കോർപ്പറേഷൻ, കേരള സർക്കാർ ഐ ആൻ്റ് പി. ആർ. ഡി വകുപ്പിൻ്റെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈവിധ്യങ്ങളായ കാർട്ടൂൺ വിഷയമായ പരിപാടികളാണ് കാരിട്ടൂണിൽ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നൂറിലേറെ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ കാരിട്ടൂണിൽ കാർട്ടൂൺ സ്നേഹികളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് പറഞ്ഞു. കാർട്ടൂൺ പ്രദർശനങ്ങൾ, സെമിനാറുകൾ, കാർട്ടൂൺ വർക്ക്ഷോപ്പുകൾ തുടങ്ങിയവ കാരിട്ടൂണിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീശ് പറഞ്ഞു.25 വർഷമായി കാരിക്കേച്ചർ, കാർട്ടൂൺ, ചിത്രകലാ, ഡിസൈൻ രംഗത്ത് പ്രവർത്തിക്കുകയും കേരളാ കാർട്ടൂൺ അക്കാഡമി അംഗവുമായ രതീഷ് രവി കൊച്ചി പെരുമാനൂർ സ്വദേശിയാണ്. കാർട്ടൂണിൽ നിരവധി അന്തർദേശീയ പുരസ്കാരം നേടിയ രതീഷ് രവി 2020 ൽ ലളിതകലാ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി.  ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദം നേടുകയും ഒപ്പം കാർട്ടൂൺ കാരിക്കേച്ചർ രംഗത്ത് സജ്ജീവമാകുകയും, പഠനശേഷം കലാപ്രവർത്തനങ്ങൾക്കായി കൊച്ചി ഗിരിനഗറിൽ ഗിഫ്റ്റർമാൻ എന്ന ഡിസൈൻ സ്ഥാപനം നടത്തിവരുന്നു. ചിത്രകാരിയും ഡിസൈനറുമായ ഐശ്വര്യയാണ് ഭാര്യ. ശ്രേയ, വർഷ എന്നിവരാണ് മക്കൾ.


ചരിത്ര രചനയ്ക്ക് ഒരുങ്ങി കേരള സംഗീത നാടക അക്കാദമി : പൊതുജനങ്ങളില്‍ നിന്നും കലാസംഘടനകളില്‍ നിന്നും ചരിത്ര രേഖകള്‍ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ 65 വര്‍ഷത്തെ സുവര്‍ണ്ണ ചരിത്രത്തെ താളുകളില്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ അക്കാദമി ഒരുങ്ങുന്നു.1958 ഏപ്രില്‍ 26 ന് കേരള സംഗീത നാടക അക്കാദമിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നിര്‍വഹിച്ചതുമുതലുളള ചരിത്രമാണ്  അക്കാദമി രേഖപ്പെടുത്തിവെയ്ക്കാന്‍ പോകുന്നത്.സംഗീതം, നൃത്തം, നാടകം,നാടന്‍ / രംഗ കലകള്‍, പ്രക്ഷേപണ കല എന്നീ വ്യത്യസ്ത സര്‍ഗ്ഗ മേഖലകളുടെ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനുമായി രൂപം കൊണ്ട  അക്കാദമിയുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അടക്കമുള്ള വിവരങ്ങള്‍ ഈ ചരിത്രത്തിന്റെ ഭാഗമാകും.ഈ ഉദ്യമം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനായി അക്കാദമിയുടെ ആരംഭകാലം തൊട്ട്, ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി പല ഘട്ടങ്ങളിലായി വിവിധതലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വ്യക്തികള്‍, സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന, അക്കാദമിയെ സംബന്ധിച്ചുള്ള കത്തുകള്‍, ചിത്രങ്ങള്‍, മറ്റു രേഖകള്‍ എന്നിവ  അക്കാദമിക്ക് അയച്ചു തന്ന് സഹകരിക്കണമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.അക്കാദമിക്ക് നേരിട്ടോ,തപാല്‍ മാര്‍ഗ്ഗമോ കൈമാറുന്ന രേഖകള്‍,പകര്‍ത്തിയതിനുശേഷം ഭദ്രമായി തിരിച്ചു നല്‍കും.രേഖകള്‍ അയച്ചു തരേണ്ട വിലാസം: സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍ -20.ksnakademi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും രേഖകള്‍ അയച്ചു നല്‍കാവുന്നതാണ്.


നവകേരള സദസ്സ് : വിദ്യാർത്ഥികളുടെ തിരുവാതിര അരങ്ങേറി

നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ്സ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ. എ പറഞ്ഞു. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർത്ഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരയ്ക്ക് ചുവടുകൾ വച്ചത്.കഴക്കൂട്ടം കൗൺസിലർ എൽ .എസ് കവിത ചടങ്ങിൽ അധ്യക്ഷയായി. കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി,ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു.നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച  ക്രിക്കറ്റ് ടൂർണമെന്റ്  മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ  മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് "നവകേരളം കർഷകരിലൂടെ" എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും. മുൻകൃഷി മന്ത്രിയായ വി. എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിമുതൽ "നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി" എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.


ഒറ്റയ്ക്കുള്ള 'ചിരിപ്പരിപാടി'യുമായി സജീഷ് കുട്ടനെല്ലൂർ

ഹാസ്യ കലാകാരൻ സജീഷ് കുട്ടനെല്ലൂരിന്റെ ഒറ്റയ്ക്കുള്ള ചിരിപ്പരിപാടിയാണ് "കുട്ടനെല്ലൂക്കാരൻ കോമഡി". മലയാളികൾക്ക് സ്റ്റാൻഡ് അപ്പ് കോമഡി പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച സജീഷ് കുട്ടനെല്ലൂർ ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലും ആയി 2000 ത്തിലധികം വേദികളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മുണ്ഡനം ചെയ്ത ശിരസ് മുഖമുദ്രയായ സജീഷ് കയ്യിൽ ഒരു മൈക്കുമായി കടന്നുവന്ന് സമകാലികമായ വിഷയങ്ങളെ അനുകരണത്തിന്റേയുംയും നർമ്മത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുമ്പോൾ സദസ്സിൽ ചിരി നിറയും. ഉത്സവപ്പറമ്പോ, കോർപ്പറേറ്റ് വേദിയോ, സാംസ്കാരിക വേദിയോ എന്നൊന്നും ഇല്ല എത്തുന്ന ഇടത്തിനനുസൃതമായ അവതരണം അതാണ് സജീഷ് കുട്ടനെല്ലൂരിന്റെ പ്രത്യേകത. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ സൂര്യ ഫെസ്റ്റിവെല്ലിൽ 2019 ൽ സജീഷ് പ്രോഗ്രാം  അവതരിപ്പിച്ചിരുന്നു. ഈ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ മലയാളി സ്റ്റാൻഡ് അപ്പ്‌ കൊമേഡിയനാണ് സജീഷ് കുട്ടനെല്ലൂർ.2011ൽ മാതൃഭാഷാ പ്രചരണ പരിപാടിയായ മലയാള പ്പെരുമയുടെ അവതരണവുമായി ബന്ധപ്പെട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഗേൾസ് സ്കൂൾ ആയ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂൾ ഉൾപ്പെടെ 100 സ്കൂളിലെ വിദ്യാർത്ഥികളുമായി സജീഷ് കുട്ടനെല്ലൂർ സംവദിക്കുകയുണ്ടായി. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് മലയാളത്തിന്റെ സാഗര ഗർജ്ജനം ഡോ.സുകുമാർ അഴീക്കോട് ആയിരുന്നു. മാതൃഭൂമി, രാഷ്ട്രദീപിക തുടങ്ങിയ പത്രങ്ങളിൽ  കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. അമൃത TV യിലെ "ഫൺസ് അപ്പ് ഓൺ എ ടൈം" ഫ്‌ളവേഴ്സ് TV കോമഡി ഉത്സവം എന്നീ പരിപാടികളിൽ നിന്നും ആദരവ് ലഭിച്ചിട്ടുണ്ട്. മലയാളി മീഡിയയിലെ "ചോയ്ക്കൂ പറയാം " എന്ന ജനപ്രിയ ഇന്റർവ്യൂ പ്രോഗ്രാമിന്റെ അവതാരകനാണ്.9846391755Facebook / Sajeesh Kuttanellur


കലാത്മിക '23 - ദി ഡിസൈൻ കളക്ഷൻ

വസ്ത്രരൂപകല്പനകളിലെ വൈവിദ്ധ്യങ്ങളുമായി കോതമംഗലം എൽദോ മാർ ബസേലിയോസിലെ ഫാഷൻ ടെക്നോളജി വിഭാഗം അവസാന വർഷ വിദ്യാർത്ഥികളുടെ fashion show, കലാത്മിക '23, മുവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ ഏപ്രിൾ 29 ശനിയാഴ്ച വൈകിട്ട് 5.30ന് തെന്നിന്ത്യൻ ചലച്ചിത്രതാരം ഭാമ ഉത്ഘാടനം ചെയ്യുന്നു. നിരവധി ദേശീയ അന്തർദേശീയ ഫാഷൻ ഷോകളുടെ ഡയറക്ടറും മോഡൽ കോർഡിനേറ്ററുമായ ദാലു കൃഷ്ണദാസ് കൊറിയോഗ്രാഫറാകുന്ന ഈ ഫാഷൻ ഷോയുടെ വിധികർത്താക്കളാകുന്നത് സംസ്ഥാന പുരസ്‌കാര ജേതാവ് മെൽവി. ജെ (വസ്ത്രലങ്കാരം), ഫാഷൻ- പരസ്യരംഗത്ത് ശ്രദ്ധേയനായ ക്രീയേറ്റീവ് ഡയറക്ടർ അച്ചു, മോഡലും സംരംഭകയുമായ ഈവ്‌ലിൻ ജൂലിറ്റുമാണ്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ പതിനഞ്ചോളം പ്രൊഫഷണൽ മോഡലുകൾ, വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമായി റാംപിൽ അണിനിരക്കുന്നു.


വേരുറയ്ക്കാനും വഴിതേടാനും 36 വിദ്യാർത്ഥികൾ

ക്യാൻവാസിൽ കവിതകൾ രചിച്ച് കോതമംഗലം  എൽദോമാർ ബസേലിയോസിലെ ബി എ വിഷ്വൽ അർട്ട്സ് ഇൻ്റീരിയർ ഡിസൈൻ വിദ്യാർത്ഥികളായ മുപ്പത്തിയാറ് പേരുടെ ചിത്ര പ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ഏപ്രിൾ 27 ന് വൈകിട്ട് 4.30ന് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനും മുൻ കേന്ദ്ര ലളിതകല അക്കാദമി സെക്രട്ടറിയും, കേരള ലളിതകലാ അക്കാദമി ചെയർമാനും സെക്രട്ടറിയും ആയിരുന്ന സത്യപാൽ നിർവ്വഹിക്കുന്നു.  കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗ്ഗീസ്‌ ,അദ്ധ്യക്ഷനകുന്നതാണ് .കോളേജ് സെക്രട്ടറി ജസി ബേബി വർഗ്ഗീസ്‌, വൈസ് ചെയർമാൻ അജയ് ബേബി വർഗ്ഗീസ്‌, മാനേജിംഗ് ഡയറക്ടർ ജി അരവിന്ദ് തുടങ്ങിയവരുടെ സാന്നിദ്യം ഉണ്ടാകുന്നതാണ്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ്, ഡീൻ ഡോ.എം കെ മോഹനൻ, ചിത്രകാരനും തൃശൂർ ഫൈൻ ആർട്ട് കോളേജ് അദ്ധ്യാപകൻ എ കെ സലീം, ചിത്രകാരൻ സതീഷ് കെ.കെ. ചിത്രകാരി കാജൽ ദത്ത്, ഗവൺമെൻ്റ ആൽ എൽ വി കോളേജ് അപ്ലൈയിഡ് ആർട്ട് വിഭാഗം അദ്ധ്യാപകൻ മനുമോഹൻ, ശിൽപ്പി ലിനു ചക്രപാണി ഫാക്കൽറ്റി കോഓർഡിനേറ്റർ  അനീഷ് എസ് ജെ തുടങ്ങിയവർ ആശംസകൾ  അർപ്പിക്കുന്നു. ഇൻ റ്റീരിയർ ഡിസൈൻ വിഭാഗം എച്ച് ഒ ഡി ജാസ്മിൻ എം.എ സ്വാഗതവും ,   സെക്കൻ്റ് ഇയർ വിദ്യാർത്ഥിനി ആവണി കൃഷ്ണ നന്ദിയും പറയുന്നു. പ്രദർശ്ശനം ഏപ്രിൽ 30 ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.


ദക്ഷിണാമൂർത്തിസംഗീതോത്സവത്തിൽ പാടാൻ അവസരം

ഈ വർഷത്തെ ദക്ഷിണാമൂർത്തിസംഗീതോത്സവത്തിന്റെ ഭാഗമായി വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തിൽ 2023 ജനുവരി 15ന് രാവിലെ ഏഴു മുതൽ വൈകുന്നേരം 5 30 വരെ നടക്കുന്നു. സംഗീതാർച്ചനയിൽ പങ്കെടുക്കുന്നതിനായുള്ള നിബന്ധനകൾ താഴെ പറയുന്നവയാണ് . സംഗീതോത്സവത്തിൽ പങ്കെടുക്കുവാനുള്ള ചുരുങ്ങിയ പ്രായപ്പരിധി 13 വയസാണ്. അപേക്ഷകർ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം അഭ്യസിച്ചിരിക്കണം. എല്ലാ അപേക്ഷകളും ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കുവാൻ പാടുള്ളൂ. അപൂർണ്ണവും അവ്യക്തവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരും കീർത്തനവും അപേക്ഷയിൽ തന്നിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചു അറിയിക്കുന്നതാണ്. അപേക്ഷകർ പാടുന്നതിന് അനുവദിക്കപ്പെട്ട സമയത്തിന് ഒരു മണിക്കൂർ മുൻപ് തങ്ങളുടെ ഫോട്ടോ ഉള്ള തിരിച്ചറിയൽ രേഖ (ആധാർ) സഹിതം റിസപ്ഷൻ കൗണ്ടറിൽ എത്തി റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. വോയിസ്‌ ഫൌണ്ടേഷൻ തിരഞ്ഞെടുത്തു നൽകിയ ഒരു കീർത്തനം 5 മിനുട്ടിൽ കവിയാതെ പാടേണ്ടതാണ്. കീർത്തനങ്ങളുടെ ഭേദഗതി അനുവദിക്കുന്നതല്ല. യാത്രബത്തയോ, താമസ സൗകര്യമോ, നൽകുന്നതല്ല. പാക്കവാദ്യങ്ങൾ വോയിസ്‌ ഫൌണ്ടേഷൻ നൽകുന്നതാണ്. ഓൺലൈൻ അപേക്ഷ https://www.voicefoundation.in/front.php എന്ന വോയ്സ് ഫൗണ്ടേഷൻ്റെ ലിങ്കിൽ ലഭ്യമാണ്. ഓൺലൈനിലൂടെ മാത്രം സ്വീകരിക്കുന്ന അപേക്ഷകൾ ജനുവരി മൂന്നിന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 9846220707 എന്ന എൻക്വയറി നമ്പറിൽ ലഭ്യമാണ്.


"രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും "

രാജാക്കന്മാരും കാലാവസ്ഥ വ്യതിയാനവും' കെ ആർ സുനിലിന്റെ ഫോട്ടോഗ്രാഫുകൾ മനുഷ്യഹൃദയത്തോടെ നേരിട്ട് സംവദിക്കുന്നവയാണ്. ജീവിതത്തിലെ നിസ്സഹായതയും അനിശ്ചിതത്വവും നേർക്കാഴ്ച്ചകളാക്കുന്ന മഞ്ചു ക്കാർക്കും കടലെടുത്ത വീടുകൾക്ക് തുടർച്ചയായി സുനിലിന്റെ അടുത്ത ഫോട്ടോഗ്രാഫി പ്രദർശനം. ഇത്തവണ ചവിട്ട് നാടകവും കടലുമായി ബന്ധപ്പെട്ട പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സുനിൽ ഈ സംരംഭത്തിന് പുറകിൽ ഉണ്ട് . കാലാവസ്ഥ വ്യതിയാനം മൂലമുള്ള വേലിയേറ്റം വിതയ്ക്കുന്ന ദുരിതങ്ങൾ പേറുന്ന ജീവിത പരിസരങ്ങൾ . തട്ടിൽ അവർ രാജാക്കന്മാരും റാണികളുമാണ്. നാടകത്തിലുള്ള അഭിനിവേശമാണ് ഇല്ലായ്മ യോടും വെള്ളക്കെട്ടിനോടും പൊരുതുന്ന കലാകാരന്മാരുടെ കൈമുതൽ. മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ദുരിതവും നിന്ദയും അനുഭവിച്ച് സ്വന്തം കലയിൽ മുഴുകിയ കലാകാരന്മാരുടെ തീവ്രസൗന്ദര്യമുള്ള ഈ ചിത്രങ്ങൾ നേരിട്ട് കാണുക തന്നെ വേണം. മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റിലുള്ള കാശി ഹല്ലേ ഗ്വ ഹൗസിലാണ് കാഴ്ചയുടെ ഈ വിരുന്നൊരുക്കിയിരിക്കുന്നത്.


ഉപഭോഗ സംസ്ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനമാണ് മുബൈ ജഹാംഗീറിൽ നടക്കുന്ന അനീഷ് നെട്ടയത്തിൻ്റെ ശിൽപ്പങ്ങളിൽ ദ്യശ്യമാകുന്നത്

ഗ്രാമീണ ജീവിതത്തിൽ നിന്നും പാരമ്പര്യവിഞ്ജാനങ്ങളും, ശീലങ്ങളും പുതിയ കാലത്തിന്റെ ഉപഭോഗ സംസ്ക്കാരത്തിനു വഴിമാറിക്കൊടുക്കുമ്പോളുണ്ടാകുന്ന ആത്മസംഘർഷങ്ങളെ അനാവരണം ചെയ്യുന്ന ശിൽപ്പങ്ങളാണ് അനീഷ് നെട്ടയത്തിന്റേത്, വ്യവസായവൽക്കരണത്തെ തുടർന്നു കടന്നു വന്ന ആധുനികമായ യന്ത്രങ്ങൾ അടുക്കളയുൾപ്പെടെയുള്ള വീടകങ്ങൾ കീഴടക്കുമ്പോൾ മനുഷ്യരാശിയെ മുന്നോട്ടു നയിച്ചിരുന്ന പണിയായുധങ്ങൾ സ്വന്തം ശരീരത്തോട് ആത്മനിർവൃതിയോടെ ചേർത്തു പിടിച്ചിരിക്കുന്ന മനുഷ്യ രൂപങ്ങളാണ് അനീഷിന്റെ ഫൈബർ ഗ്ലാസിൽ തീർത്ത ശിൽപ്പങ്ങൾ. കാർഷികവൃത്തിയിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടു ഉപഭോഗസംസ്‌ക്കാരത്തിനടിപ്പെടുന്ന സാമൂഹ്യ വിമർശനം കൂടിയാണ് അനീഷിന്റെ സൃഷ്ട്ടികൾ.


സത്യപാലിൻ്റെ വീലിംഗ് ഓൺ ബോർഡർലൈൻ ബുംബെ ജഹാംഗീർ ആർട്ട് ഗ്യാലറിൽ 19 വരെ

സത്യപാലിന്റെ "വീലിംഗ് ഓൺ ബോർഡർ ലൈൻസ് " എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം മുംബൈ ജഹാംഗീർ ആർട്ടുഗലറിയിൽ സത്യപാലിന്റെ ഇരുപത്തി രണ്ടാമത് ഏകാങ്ക പ്രദർശനമാണ് ജഹാംഗീർ ആർട്ട്‌ ഗാലറിയിൽ നടക്കുന്നത്. ദീർഘകാലം ഇന്ത്യൻ ഗോത്ര സമൂഹങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ നിന്നും ആർജിച്ചെടുത്ത അനുഭവങ്ങളാണ് സത്യപാലിന്റെ ചിത്രങ്ങൾ. ആദിവാസി സമൂഹംങ്ങളുടെ സംസ്കാരവും മിത്തുകളും, വരകളും വർണങ്ങളും കൊണ്ട് പരുപരുത്ത ക്യാൻവാസ് പ്രതലത്തിലേക്കു ചിത്രങ്ങളായി പരാവർത്തനം ചെയ്യുകയാണ്. അരികുവൽക്കരിക്കപ്പെട്ട ഗോത്ര ജീവിതങ്ങളുടെ വ്യാകുലതകൾ സത്യപാൽ ചിത്രങ്ങളിൽ പ്രകടമാണ്. കേരള ലളിത കലാ അക്കാദമിയുടെ മുൻ ചെയർമാനാണ് സത്യപാൽ. സത്യപാലിന്റെ അൻപതു ചിത്രങ്ങളാണ് ഒന്നാം നമ്പർ ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. പ്രശസ്ത കവിയും ക്യുറേറ്ററുമായ ബിന സർക്കാർ ഏലിയാസ് ആണ് പ്രദർശനം ഉൽഘാടനം ചെയ്തത് പ്രദർശനം ഡിസംബർ 19നു സമാപിക്കും.


ഗ്രാമീണ ശീതളതയുടെ രജ്ഞിത് ലാലിൻ്റെ ആവിഷ്ക്കാരം മുബൈ നഗരജീവിതങ്ങളെ വളരെയേറെ ആകർഷിക്കുന്നു

ഗ്രാമീണജീവിതം നയിച്ചിരുന്ന വ്യക്തി നഗരജീവിയായി മാറുമ്പോളനുഭവിക്കുന്നക്കുന്ന സംഘർഷങ്ങളുടെയും, നഗരങ്ങളുടെ യാന്ത്രിക ഘടനക്കകത്തു ജീവിച്ചു കൊണ്ട് ഗ്രാമീണ ജീവിതത്തിന്റെ ഗ്രഹാതുരമായ ഓർമ്മകളെ അയവിറക്കുന്ന അനുഭവതലങ്ങളുടെയും ആവിഷ്ക്കാരമാണ് രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ. മൂർത്തവും അമൂർത്തവുമായ ബിംബങ്ങളെ ഒരേ സ്പേസ്സിൽ സ്മാന്വയിപ്പിക്കുന്ന രചനാരീതിയാണ് രഞ്ജിത്ത് ചിത്രരചനയിൽ സ്വീകരിക്കുന്നത്. യാന്ത്രികതയുടെ ഭ്രമാത്മകമായ ബിംബങ്ങളെ ഗ്രാമീണമായ പഛാത്തലത്തിൽ പ്രതിഷ്ടിക്കുന്നതിലൂടെ ഗ്രാമങ്ങലിലേക്ക് നഗര സംസ്കാരം പടർന്നുപിടിച്ചു ഗ്രാമജീവിതം യാന്ത്രിമായി പരിണമിക്കുക്കുന്നതിന്റ വിഹ്വലതകളും രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ കാണിക്കളുമായി പങ്കുവയ്ക്കുന്നു


അമ്പല മുറ്റത്തെ കറുത്ത ദളിത് സ്ത്രീയും ശ്രീ കോവിലിലെ സ്വർണ്ണ ദേവിയും

ശ്രീകോവിലിൽ ഭക്തരെ പ്രസാദിക്കുവാൻ ഉപവിഷ്ടയായ ദേവിക്കുമുന്നിൽ കയ്യിൽ ചൂലുമായി ക്ഷേത്രമുറ്റം വൃത്തിയാക്കുവാൻ നിൽക്കുന്ന ഒരു ദളിത്‌ സ്ത്രീ, സ്വർണ നിറമുള്ള ദേവിയും കറുത്തനിറമുള്ള സാരിയുടുത്ത സ്ത്രീയും. ദേവിയുടെ നഗ്നതയെ മറക്കുന്നത് ദളിത്‌ സ്ത്രീയുടെ രൂപമാണ്. നാലടി നീളവും മൂന്നടി വീതിയുമുള്ള അക്രിലിക്കിൽ സിന്ധു ദിവാകരൻ രചിച്ച ചിത്രത്തിന്റെ ശീർഷകം രണ്ടു സ്ത്രീദൈവങ്ങൾ (two goddess ) എന്നാണ്. ഇന്ത്യൻ കീഴാള ജീവിതാവസ്ഥകളോട് തന്റെ കലാപ്രയോഗത്തിലൂടെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് സിന്ധു ദിവാകരൻ. അരാഷ്ട്രീയതയുടെ പക്ഷത്തേയ്ക്ക് കലാലോകം ചുവടുറപ്പിക്കമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സിന്ധു. ഭരണകുട ഭീകരതയോട് പ്രതികരിക്കുന്ന നിരവധി ചിത്രങ്ങൾ സിന്ധുവിന്റെതായിട്ടുണ്ട്. ആശയങ്ങളെ മൂർത്തമായി ആവിഷ്ക്കരിക്കുമ്പോൾ തന്നെ നിറങ്ങൾകൊണ്ട് സൗന്ദര്യത്തിന്റെ അമ്മൂർത്തതലങ്ങൾ ചിത്ര പ്രതലത്തിൽ സൃഷ്ടിക്കുന്ന ശൈലി സിന്ധുവിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ദിശ തെറ്റി അപചയം സംഭവിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥയെ സിന്ധു ചിത്രീകരിക്കുന്നത് ചർക്കയിൽ നീന്നും കുതറിമാറി കെട്ടു പിണഞ്ഞു കിടക്കുന്ന നൂലുകൾ ത്രിവർണ്ണങ്ങളിൽ അമൂർത്തമായി ആവിഷ്‌കരിച്ചുകൊണ്ടാണ്. Vanishing green white and Orange എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഷ്ട്രീയമായ ഓർമ്മപ്പെടുതലാണ്.


മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനം ഡിസംബർ 18 വരെ

മുംബൈ ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഡിസംബർ 12 നു ആരംഭിച്ച ഇല്ല്യൂഷൻ ആൻഡ് റിയാലിറ്റി ഓഫ് ഇമേജസ് എന്ന ചിത്രപ്രദർശനത്തിൽ സിന്ധു ദിവാകരൻ അവതരിപ്പിക്കുന്ന ചിത്രങ്ങൾ പല മാനങ്ങളിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. പരിസ്ഥിതിയെയും അരികുവൽക്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് സിന്ധുവിന്റെ ചിത്രങ്ങൾ. ശ്രീകോവിലിൽ ഭക്തരെ പ്രസാദിക്കുവാൻ ഉപവിഷ്ടയായ ദേവിക്കുമുന്നിൽ കയ്യിൽ ചൂലുമായി ക്ഷേത്രമുറ്റം വൃത്തിയാക്കുവാൻ നിൽക്കുന്ന ഒരു ദളിത് സ്ത്രീ, സ്വർണ നിറമുള്ള ദേവിയും കറുത്ത നിറമുള്ള ദളിത്‌ സ്ത്രീയും. ദേവിയുടെ നഗ്നതയെ മറക്കുന്നത് സാരി ചുറ്റിയ ദളിത് സ്ത്രീയുടെ രൂപമാണ്. നിരവധി അടരുകളുള്ള രാഷ്ട്രീയവായനകളുടെ സാധ്യതകളാണ് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നത്. നാലടി നീളവും മൂന്നടി വീതിയുമുള്ള അക്രിലിക്കിൽ സിന്ധു ദിവാകരൻ രചിച്ച ചിത്രത്തിന്റെ ശീർഷകം രണ്ടു സ്ത്രീദൈവങ്ങൾ (two goddess ) എന്നാണ്. ഇന്ത്യൻ കീഴാള ജീവിതാവസ്ഥകളോട് തന്റെ കലാപ്രയോഗത്തിലൂടെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് സിന്ധു ദിവാകരൻ. അരാഷ്ട്രീയതയുടെ പക്ഷത്തേയ്ക്ക് കലാലോകം ചുവടുറപ്പിക്കമ്പോൾ തന്റെ രാഷ്ട്രീയ നിലപാടുകൾ ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സിന്ധു. ഭരണകുട ഭീകരതയോട് പ്രതികരിക്കുന്ന നിരവധി ചിത്രങ്ങൾ സിന്ധുവിന്റെതായിട്ടുണ്ട്. ആശയങ്ങളെ മൂർത്തമായി ആവിഷ്ക്കരിക്കുമ്പോൾ തന്നെ നിറങ്ങൾകൊണ്ട് സൗന്ദര്യത്തിന്റെ അമ്മൂർത്തതലങ്ങൾ ചിത്ര പ്രതലത്തിൽ സൃഷ്ടിക്കുന്ന ശൈലി സിന്ധുവിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ദിശ തെറ്റി അപചയം സംഭവിച്ച ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥയെ സിന്ധു ചിത്രീകരിക്കുന്നത് ചർക്കയിൽ നീന്നും കുതറിമാറി കെട്ടു പിണഞ്ഞു കിടക്കുന്ന നൂലുകൾ ത്രിവർണ്ണങ്ങളിൽ അമൂർത്തമായി ആവിഷ്കരിച്ചുകൊണ്ടാണ്. വാനിഷിങ് ഗ്രീൻ ആൻഡ് വൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഷ്ട്രീയമായ ഓർമ്മപ്പെടുതലാണ്. നാലു മലയാളി കലാകൃത്തുക്കളുടെ ഗ്രൂപ്പ്‌ ഷോയിൽ സിന്ധു ദിവാകരൻ, ഷീല കൊച്ചൗസേപ്പ്, അനീഷ് നെട്ടയം, രഞ്ജീത് ലാൽ, എന്നിവർ പങ്കെടുക്കുന്നു.


സത്യഭാമയുടെ ചിത്രപ്രദർശനം

നാടൻ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന കുറ്റിപ്പുറത്തിനടുത്തുള്ള കൊളത്തൂർ പാങ്ങിലെ സത്യഭാമ തന്റെ കഴിവുകളെ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രായമാവുന്തോറും തൊഴിലെടുക്കാൻ വയ്യാതെ വന്നപ്പോഴാണ് തന്റെ ചുററുപാടുമുള്ള കാഴ്ചകളെ കുത്തിക്കുറിക്കുവാൻ ശ്രമം തുടങ്ങിയത്. ജീവിത പരിസരങ്ങളിൽ നിന്നുള്ള കാഴ്ചകളെ വളരെ ലളിതമായി ചിത്രീകരിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായി സാമ്പ്രദായികമല്ലാത്തതും തികച്ചും പുതുമയുമുള്ള ഒരു ശൈലി അവരുടെ ചിത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു. ചിത്രകലയിൽ Naive Art എന്നെക്കെ വിവക്ഷിക്കപ്പെടുന്ന ഈ ശൈലിയിൽ നിരവധി ചിത്രങ്ങൾക്ക് പുറമെ കളിമണ്ണിൽ ചെയ്ത Installation എന്ന് വിളിക്കാവുന്ന രീതിയിലുള്ള സൃഷ്ടികളും ഉണ്ട്. മുററത്ത് ഉണക്കാനിടുന്ന മഞ്ഞളും അതിനടുത്ത് കിളികളുമൊക്കെയായി തികച്ചും സാധാരണമായ കാഴ്ചകളാണ് സത്യഭാമ ചേച്ചി കളിമണ്ണിൽ തീർത്തിരിക്കുന്നത്. ഏപ്രിൽ മാസം കോഴിക്കോട് നടന്ന ചിത്ര പ്രദർശനത്തിനു ശേഷം ഈ ചിത്രങ്ങൾ 2022 ഡിസം. 15 മുതൽ 20 വരെ തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറിയിൽ പ്രദർശിപ്പിക്കുകയാണ്. പ്രശസ്ത ചിത്രകാരനും പ്രഭാഷകനുമായ കെ.കെ. മാരാർ ഉൽഘാടനം ചെയ്യും


ബിനാലെ മാറ്റിവയ്ക്കപ്പെടുമ്പോള്‍

കെ. എസ് ദിലീപ്കുമാർ. കൊച്ചി മുസിരിസ് ബിനാലെ അഞ്ചാംപതിപ്പ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടി വന്നത് ഒരുപക്ഷെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിന്റെകൂടി സൃഷ്ടിയാകാം. പ്രവേശനടിക്കറ്റ് വരുമാനംമാത്രമല്ലല്ലോ ബിനാലെയുടെ സാമ്പത്തിക അടിത്തറ. മാറ്റിവച്ചു എന്ന അറിയിപ്പ് വരുന്നതിനു മുൻപ്തന്നെ ബിനാലെ ഫൌണ്ടേഷൻ സ്ഥാപകാംഗം ബോസ് കൃഷ്ണമാചാരി ശ്രദ്ധേയമായ കേരളയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ കലാകാരന്മാരുടെ വീട് /സ്റ്റുഡിയോകളിലേയ്ക്കാണ് അദ്ദേഹം നേരിട്ടെത്തുന്നത്. വാണിജ്യവിജയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവരെ എന്നതിനേക്കാൾ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് ആ യാത്ര നീളുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെശ്രദ്ധേയമായ സാമ്പത്തികശാസ്ത്ര വിശകലനമാണ് കനേഡിയൻ എഴുത്തുകാരി നവോമി ക്ലെയ്നിന്റെ (Naomi Klein) "ദുരന്തമുതലാളിത്തം " എന്നു സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ അറിയപ്പെടുന്ന ' ദ് ഷോക്ക് ഡോക്ടറിൻ : ദ് റൈസ് ഓഫ് ഡിസാസ്റ്റർ കാപ്പിറ്റലിസം'(2007). ലോകത്ത് ദുരന്തങ്ങളെ മറയാക്കി ചെറുസംഘങ്ങൾ ഉർജ്ജസ്വലമായി പ്രവർത്തിച്ചു ലാഭം കൊയ്യുകയും ; ഭൂരിപക്ഷം വരുന്നജനസംഖ്യ, പൊതുവിഭവങ്ങൾ നശിച്ചതിനെത്തുടർന്ന് തൊഴിലില്ലായ്‌മ രൂക്ഷമായി, വരുമാനമില്ലാതെ ദുരന്തത്തിലാകുകയും ചെയ്യുന്നു. ഇതേതുടർന്ന് സ്വതന്ത്രസാമ്പത്തിക നയങ്ങൾ പിൻവലിക്കാൻ രാഷ്ട്രീയനേതൃത്വം നിർബന്ധിതമാകുന്നു. പ്രാദേശിക /ദേശീയ വിഭവങ്ങളിലും വിപണിയിലും കേന്ദ്രീകരിച്ചു തൊഴിലും ഉല്പാദനമേഖലയും സൃഷ്ടിക്കാൻ ലോകത്ത് ദുരന്തമുതലാളിത്തം എങ്ങനെ പ്രേരണയായിയെന്ന് നവോമി വിശദീകരിക്കുന്നു. ബിനാലെയുമായി ബന്ധപെട്ടതല്ല ബോസിന്റെ കേരളയാത്രയെന്ന് ലേഖകൻ കരുതുന്നു. മറിച്ചു ബോസ് മുൻപ് നടത്തിയ ഒരു യാത്രയുടെ രണ്ടാംപതിപ്പായി ഈ യാത്രയെകാണാം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇന്ത്യയിൽ ഉണ്ടായ ആഗോളീകരണം വലിയ സാമ്പത്തികവളർച്ചയ്ക്കു കാരണമായി.ആഗോളീകരണ സാമ്പത്തീക നയങ്ങൾ കലയെയും സ്വാധീനിച്ചു. ഗ്ലോബലൈസെക്ഷന്റെ ചുവടുപിടിച്ചു ഇന്ത്യൻ ആർട്ടിന്റെ അന്താരാഷ്ട്രവൽക്കരണം നടന്നു. മെട്രോപൊളിറ്റൻ ഇന്ത്യൻ നഗരങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കലയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാധ്യമത്തിലും ആഗോളീകൃത കലാലോകത്തിന്റെ സ്വാധീനമുണ്ടായി. കേരളത്തിലെ കലാകാരന്മാരും കലയുടെ ആഗോള വിപണിയ്ക്കു മുൻപിലെത്തി. ഒപ്പം ക്യുറേറ്റർമാർ എന്നപുതിയ സംഘത്തിന്റെ ക്യുറേറ്റോറിയൽ ആശയങ്ങളും, ലോകജ്ഞാനവും, മാനേജ്‍മെന്റ് കഴിവുകളും, പ്രോത്സാഹനതന്ത്രങ്ങളും (promotion skills ) കേരളത്തിലെ കലാകാരന്മാർക്കും ഒഴിച്ചുകൂടാൻമേലാത്തതായി. ഗീത കപൂർ ഇന്ത്യൻ കലയെക്കുറിച്ചുപറഞ്ഞ 'ദേശീയതയുമായും ആധുനികതയുമായുമുള്ള ഇരട്ടസംവാദം ' ഇവിടെ പ്രസക്തമാണ്. ദേശീയ ആധുനികതയുമായും ആഗോളീകരണം സൃഷ്ടിച്ച സാർവ്വദേശീയ ആധുനികതയുമായും ഇരട്ടസംവാദത്തിന് മലയാളികലാകാരനും നിർബന്ധിതരായി. ഇന്ത്യ ആകെയുള്ള കലാവിപണി (pan indian art market ) ആഗോളീകൃത വിപണിയ്ക്കു വഴങ്ങി.2005ൽ ബോസ് ക്യുറേറ്റു ചെയ്ത 'ഡബിൾ എൻഡേർസ് '(snake boat - ചുണ്ടൻ വള്ളം ) എന്ന പ്രദർശനം സമകാലിക ഇന്ത്യൻ കലാചരിത്രത്തിലെ നാഴികകല്ലായിമാറി. ഈ പ്രദർശനം ഡൽഹിയിലും, മുംബൈയിലും, ബാംഗളൂരിലും, കൊച്ചിയിലുമാണ് നടന്നത്. ലബ്ധപ്രതിഷ്ഠരായ മലയാളികലാകാരന്മാർക്കൊപ്പം യുവകലാകാരന്മാർക്കും ഈപ്രദർശനം അവസരം നൽകി. ഗാലറി പരിലാളനത്തിൽ (patronage )നിന്നു മാറ്റിനിർത്തപ്പെടുകയോ ഗാലറികളെ മാറ്റിനിർത്തുകയോ ചെയ്തകലാകാരന്മാരുടെ ജീവിതത്തിലും ഈ പ്രദർശനം വഴിത്തിരിവു സൃഷ്ടിച്ചു. വിപണികേന്ദ്രീകൃതമായ കേരളീയകലയ്ക്ക് ആഗോളവൽക്കരിക്കപ്പെട്ട കലാവിപണിയെ സ്വാധീനിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചു. തുടർന്നു 2006ൽ കേരളത്തിലുണ്ടായ ആർട്ട് ബൂം മുഖ്യധാരാ കലാവിപണിയിൽ കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പിച്ചു. ഇവിടെയാണ്‌ ബോസ് ഇപ്പോൾ നടത്തുന്ന കേരളയാത്രയുടെ രണ്ടാംപതിപ്പിന്റെ പ്രസക്തി. ആഗോളീകരണം അതിന്റെ പ്രവചിക്കപ്പെട്ട മരണത്തിലൂടെകടന്നു പോകുകയാണ്. പകർച്ചവ്യാധിസൃഷ്ടിച്ച സാമ്പത്തികതിരിച്ചടി അതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഇന്ത്യൻ കോർപ്പറേറ്റുകൾ ഗവൺമെന്റ് നയങ്ങളെ സ്വാധീനിച്ച് വിപണിഇടപെടലുകൾ തങ്ങൾക്ക് അനുകൂലമാക്കുകയും, ആഭ്യന്തര ഉത്പാദനത്തിനു കരുത്തുപകരാൻ രാഷ്ട്രീയ നേതൃത്വം സാമ്പത്തികരംഗത്തെയും രാഷ്ട്രീയനയങ്ങളെയും സജ്ജമാക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിലാണ് ബോസ് കൃഷ്ണമാചാരി അരികുവൽക്കരിക്കപ്പെട്ട മലയാളി കലാകാരന്മാരിലേയ്ക്ക് യാത്ര നടത്തുന്നത്.സമകാലിക കലയിലെ വലിയൊരു അധികാരസ്ഥാപനമാണ് ആഗോളപ്രശസ്തനായ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അദ്ദേഹം കേരളത്തിലെ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നു.


കഥ പറയുന്ന ആദ്യ കാഴ്ചകൾ

ശ്യം കൃഷ്ണ  കളരിക്കൽ സിനിമയുടെ പ്രീ റിലീസ് പ്രമോഷനിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ് പോസ്റ്ററുകൾ. അതുവരെയുള്ള ചിന്താഗതികളെ വരെ മൊത്തത്തിൽ മാറ്റിമറിക്കാൻ കരുത്തുള്ളവയാണ് പോസ്റ്ററുകൾ. നമ്മൾ ആദ്യ കാഴ്ചയിൽ തന്നെ ഒരു പക്ഷെ സിനിമയെ നെഞ്ചിലേറ്റുന്നത്‌ നിലവാരമുള്ള പോസ്റ്ററുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. കാരണം, ടീസറോ ട്രെയ്ലറോ വരാത്ത ഒരു സാഹചര്യത്തിൽ പടത്തിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് അതിന്റെ പോസ്റ്ററുകളാണ്. വളരെ നല്ല പോസ്റ്ററുകൾ ആണെങ്കിൽ മോശം സംവിധായകരുടെ സിനിമ പോലും ഒരു പക്ഷെ "ഇത് നല്ലതാവാൻ സാധ്യത ഉണ്ട്" എന്ന് പറയിപ്പിക്കാൻ ഇടവരുത്താറുണ്ട്‌, നേരെ തിരിച്ചും, പോസ്റ്റർ മോശമാണെങ്കിൽ ഒരു പക്ഷെ നല്ല സംവിധായകൻ ആണെങ്കിൽ പോലും പടത്തിനോട് അത്ര താല്പര്യം തോന്നുകയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് "കളി" എന്ന അടുത്തിറങ്ങിയ ഒരു സിനിമയുടെ പോസ്റ്റർ, ശ്രദ്ധിച്ചാൽ അറിയാം കളി എന്ന് എഴുതിയ Typography, വളരെ അട്രാക്റ്റീവാണ്. ഡിസൈനിങ് ഉൾപ്പടെ, വളരെ നല്ല ഒരു പോസിറ്റീവ് എനർജി ആയിരുന്നു കളിയുടെ പോസ്റ്ററുകൾക്ക്. മലയാളത്തിൽ ഇന്ന് ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് അഭിപ്രായമുള്ള "Oldmonks" ആണ് അതിന്റെ അമരക്കാർ. Thought station, Papaya Media, Yellowtooth എല്ലാം നിലവിലെ നല്ല ഡിസൈനിങ് ടീമുകളാണ്.സിനിമയുടെ മൊത്തത്തിലുള്ള ഗതി മാറ്റുന്ന പോസ്റ്ററുകളിൽ ക്യാരക്ടർ ലുക്ക്‌ കഴിഞ്ഞാൽ, ചിലപ്പോൾ അതിനും മേലെ ഏറ്റവും അട്രാക്ഷൻ തരുന്ന ഘടകമാണ് Title/Typography/Lettering. ഈ അടുത്ത് ഇറങ്ങിയ ടൈറ്റിൽ എല്ലാം ശ്രദ്ധിച്ചാൽ അറിയാം, സിനിമയുടെ മൊത്തത്തിലുള്ള ഭാവം എല്ലാ ടൈറ്റിൽസിലും തെളിഞ്ഞു കാണാം. ഒരു ഡിസൈനിങ് വിദ്യാർത്ഥി എന്ന നിലക്ക് ഒരുപാട് പ്രാക്ടീസ് ചെയ്യുന്ന വിഭാഗം ആണ് Typography അഥവാ Lettering. ഒരു സംഭവത്തെ അതിന്റെ സ്വഭാവം ചോർന്നു പോകാതെ എഴുതുന്ന, അല്ലെങ്കിൽ വരയ്ക്കുന്ന രീതി. സിനിമ പോസ്റ്ററിന് ആ രീതി ഒരുപാട് ഗുണകരമാണ്‌. അത്തരത്തിൽ എനിക്ക് ഇഷ്ടപ്പെട്ട നാല് Title typography-യും അവയുടെ വേരും ആണ് ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.1. പറവ (Poster: Oldmonks, Title: Elwin Charly) :ഈ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടൈപ്പോഗ്രഫി. ഒരു വസ്തുവിനെ ഏറ്റവും അർത്ഥവത്തായി വരച്ചുകാട്ടുന്ന രീതിയാണ് "Abstraction", അതായത് ഒരു Object അതിന്റെ 'ലൈൻ ആൻഡ് ഷേപ്പ്' സ്വഭാവം നഷ്ടപ്പെടാതെ വളരെ സിമ്പിളായി ചുരുക്കി വരയ്ക്കുന്ന രീതി. Pablo Piccasso-യുടെ പെയിന്റിങ്ങുകൾ എല്ലാം ഈ 'abstraction method' അടിസ്ഥാന പെടുത്തുന്നവയാണ്. പറവയുടെ ടൈറ്റിൽ വളരെ മികച്ച ഒരു അബ്സ്ട്രാക്ഷൻ ആണ്. 'Design total skeleton' നോക്കിയാൽ അറിയാം ഒരു പറവ ചിറകുകൾ ഉയർത്തി പറന്നു വരുന്ന image ന്റെ പക്കാ simple abstraction ആണ് പറവ എന്ന് എഴുതിയിരിക്കുന്ന ശൈലി. പടത്തിന്റെ മൊത്തം മൂഡിനെ സ്വാധീനിക്കുന്ന എഴുത്ത്. അതായത് ഏറ്റവും ഫ്രീ ആയി പാറി പറന്നു നടക്കുന്ന ഒരു പക്ഷിയാണ് പറവ. പറവ എന്ന സിനിമയിലും ഇങ്ങനെ മട്ടാഞ്ചേരിയിൽ പാറിപ്പറക്കുന്ന ഒരുപാട് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. നമ്മുടെ മുൻപിൽ ഒരുകൂട്ടം പറവകൾ പറന്നുപോകുന്ന അത്ര മനോഹാരിതയാണ് പറവയിലെ ഓരോ കഥാപാത്രത്തിന്റെ ജീവിതത്തിനും. 2) മായാനദി (Poster: Oldmonks, Title Design: Elwin Charley) :അടുത്ത് ഒരുപാട് പ്രേക്ഷക പ്രശംസ കിട്ടിയ ഒരു സിനിമയാണ് മയാനദി, വ്യക്തിപരമായി ഒന്നോ രണ്ടോ ഒഴിച്ചാൽ ഈ സിനിമയുടെ പോസ്റ്ററുകൾ ഒന്നും എനിക്ക് ഇഷ്ടമായില്ല (oldmonks level ഇല്ല എന്ന് വേണേൽ പറയാം). പക്ഷെ പടത്തിന്റെ Title design വളരെ പ്രശംസ അർഹിക്കുന്നതാണ് കാരണം വളരെ സിമ്പിളായിട്ടുള്ള ഒരു write up ആണ് ആദ്യ കാഴ്ചയിൽ, ആ എഴുത്തിലെ Gradient and Texture, അതിന്റെ കളർ കോമ്പിനേഷൻ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്. മാത്രമല്ല ഒരു പുഴ ഒഴുകുമ്പോൾ അതിന്റെ ഓളങ്ങളിൽ കാഴ്ചയിൽ ഉണ്ടാവുന്ന variation shape എല്ലാം ചെറിയ രീതിയിൽ അബ്സ്ട്രാക്റ്റ്‌ ചെയ്തിട്ടുള്ള എഴുത്താണു മായാനദിയുടെ. അക്ഷരങ്ങളുടെ വളഞ്ഞും പുളഞ്ഞും ഉള്ള style നദിയുടെ ഒഴുക്കിനെയും ഉള്ളിലുള്ള gradients നദിയുടെ light/shade എന്ന വിഭാഗത്തിന്റെ അബ്സ്ട്രാക്ഷനെയുമാണ് സൂചിപ്പിക്കുന്നത്. മാത്തന്റെ മരണശേഷവും, താൻ തന്റെ ലക്ഷ്യത്തിൽ എത്തി നിൽക്കുന്ന നേരത്ത്‌ മാത്തനെ കുറിച്ചുള്ള മായാത്ത ഓർമകകളാണ് മായാനദി (പടം ഹൊറർ ആണെന്ന് ഒരു രീതിയിലും അംഗീകരിക്കുന്നില്ല).3) തൊണ്ടിമുതലും ദൃക്‌സാക്ഷിയും (Poster & Title: Oldmonks) :ഈ കൂട്ടത്തിൽ ഏറ്റവും രസകരമായ Title typography തൊണ്ടിമുതലിന്റേതാണ്. Title card അതിലും രസകരം, ഒറ്റ നോട്ടത്തിൽ ഇത് കാണുമ്പോൾ മുകളിൽ ഒരു curtian (ഉർവശി തീയേറ്റേഴ്സ് ബാനർ ആയത്‌ കൊണ്ട് ആവും) അതിന്റെ താഴെ ഡീസന്റ് Font ൽ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും", എന്നാൽ അത് മാത്രം അല്ല ഈ പോസ്റ്റർ ഉദ്ദേശിക്കുന്നത്‌. പോത്തട്ടൻ ബ്രില്ല്യൻസ്‌ പോലെ തന്നെ സിനിമയുടെ സന്ദർഭം ആയി വളരെ ബന്ധപ്പെട്ട ഒരു കാര്യം ഒളിഞ്ഞ്‌ കിടപ്പുണ്ട്‌ ഇതിൽ; തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന എഴുത്തിൽ അവിടേം ഇവിടേയുമായി ഒരു വിള്ളൽ വന്ന് അക്ഷരം ഒടിഞ്ഞു വീഴുന്നത് പോലെ ഫീൽ ഉണ്ട്, അത് സൂചിപ്പിക്കുന്നത് മനുഷ്യ വിസർജ്ജ്യം ആണ്. പിന്നെ Title Card-ലെ മുകൾ ഭാഗത്തു ഉള്ള curtian ശ്രദ്ധിച്ചാൽ അറിയാം അത് ബട്ടക് shape ആണ്. മൊത്തത്തിൽ ആ പോസ്റ്ററിന്റെ Skeleton പറയുക ആണെങ്കിൽ മനുഷ്യ വിസർജ്ജ്യം വീണ് കിടക്കുന്നതിന്റെ ഒരു Abstraction. ആദ്യ കാഴ്ചയിൽ എനിക്ക് ഇത് മനസ്സിലായില്ല പടം കണ്ടു കഴിഞ്ഞപ്പോൾ ആണ് പിടികിട്ടിയത്. ഇപ്പോഴും ഈ Title Card കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും. 4 ) പ്രേമം (Poster: Thought Station, Title: 24AM Team) :ഞാൻ ആദ്യമായി Object ഇല്ലുസ്ട്രേഷൻ Title ശ്രദ്ധിക്കുന്നത് പ്രേമം എന്ന സിനിമയുടെതാണ്, കാരണം Title design രംഗത്ത് ഒരുപാട് മാറ്റം കൊണ്ടുവന്നതും, ചർച്ച ചെയ്യപ്പെട്ടതും ആയ Design ആണ് പ്രേമത്തിന്റേത്‌, പടത്തിൽ ചിത്രശലഭവും ഒരു കഥാപാത്രം ആണ്. ഒരു പൂവിൽ ഓരോ കാലഘട്ടത്തിലും വന്ന് തേൻ ഇറക്കുന്ന ചിത്രശലഭങ്ങളുമായ് ബന്ധപ്പെടുത്തിയാണ് ജോർജ് എന്ന വ്യക്തിയുടെ മൂന്ന് കാലഘട്ടവും പ്രണയവും ചിത്രീകരിചിരിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ Illustrational Typography ആണ് പ്രേമം എന്ന ടൈറ്റിൽ.  ഇതിന്റെ ടൈറ്റിലിനെ കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നു "title കൊള്ളാം, പക്ഷെ പ്രേമം എന്ന് വായിക്കില്ല" , "title ഇല്ലാത്ത പടമോ?, " പ്രേമം എന്ന് വായിച്ചെടുക്കുമ്പോൾ ആയുസ്സ് തീരും" എന്നൊക്കെ. ഒന്ന് ചിന്തിച്ച്‌ നോക്കു ഒരു സിനിമയിൽ, അതിന്റെ തിരക്കഥയിലെ സന്ദർഭങ്ങളിൽ ചെറിയ ചെറിയ കാര്യങ്ങളിൽ നല്ല രീതിയിൽ ശ്രദ്ധ കൊടുത്തു ഡീറ്റയിൽ ചെയ്തു ആ ഡീറ്റയിലിങ്ങിൽ ആരും ശ്രദ്ധിക്കാത്ത ഒരു വഴിയിൽ ഒളിപ്പിച്ചു വെക്കുന്നു, പടത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ കാഴ്ചയിൽ തികച്ചും സ്പൂൺ ഫീഡിങ് ഒഴിവാക്കി ആ കാര്യം നമ്മൾ മനസ്സിലാക്കിയെടുക്കുമ്പോളാണ് അതൊരു ബ്രില്ല്യൻസായി കാണുന്നത്‌. അതേ രീതി തന്നെയാണ് ഇവിടെ title ലും ഉപയോഗിച്ചത്. ഫേസ്ബുക്കിൽ ഈ പോസ്റ്റർ കാണുമ്പോൾ കിട്ടുന്ന അട്രാക്ഷനിൽ പേര് വായിക്കാൻ ബുദ്ധിമുട്ടുമ്പോഴും നമ്മൾ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ മുകളിലെ കാപ്ഷൻ നോക്കും, "Revealing Premam Movie Title" എന്ന്. അപ്പോൾ നമുക്ക് അറിയാം, അത് പ്രേമം എന്ന് എഴുതിയത് ആണെന്ന് (what we know and what we see), പക്ഷെ നമ്മൾ കാണുന്നത് ഒരു ചിത്രശലഭത്തെ, അപ്പോൾ അതിന്റെ ഉള്ളിൽ പ്രേമം എന്ന് എഴുതിയ രീതി നമ്മൾ ശ്രദ്ധിക്കും. ആ ശ്രദ്ധയിൽ വളരെ മികച്ച ഒരു ഡിസൈൻ അല്ലെങ്കിൽ കിടിലൻ എന്നൊക്കെ അഭിപ്രായം ഉരുവപ്പെടും. Title ആയാൽ കണ്ടു വായിക്കൽ അല്ലാതെ അറിഞ്ഞു വായിക്കുന്ന രീതി ഉണ്ട്. അതാണ്‌ ശെരിക്കും Typography ആസ്വദിക്കേണ്ട രീതി. ഇന്നും ഈ ടൈറ്റിൽ, one of the Best Title design ആയി അവശേഷിക്കുന്നു. ഇത്ര മികച്ച അഭിപ്രായമുണ്ടായ Title design മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.


​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കൈമാറി

​കേരളത്തിലെ ​​അൺ എയിഡഡ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി ദുരിതാശ്വാസഫണ്ട് കണ്ടെത്താൻ തെരുവോര ചിത്രരചന നടത്തി പ്രദർശനവും വില്പനയും ഒരുക്കി സമാഹരിച്ച തുക കേരള ലളിതകലാ അക്കാദമിക്ക് കൈമാറി.നൂറ് രൂപ മുതൽ അയ്യായിരം രൂപക്ക് വരെ ചിത്രങ്ങൾ വിറ്റ് കിട്ടിയ ഇരുപത്തി അയ്യായിരം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ലളിതകലാ അക്കാദമി വഴി കൈമാറിയത്. ടീച്ച് ആർട്ട് കൊച്ചി കോഡിനേറ്റർ ആർ.കെ ചന്ദ്രബാബു അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്യൻ ചന്ദ്രൻ എന്നിവർക്ക് ദർബാർ ഹാളിൽ കൂടിയ യോഗത്തിൽ കൈമാറി. ചിത്രകാരൻമ്മാരായ ഒണിക്സ് പൗലോസ്, സാറാ ഹുസൈൻ, തോമസ് കുരിശിങ്കൽ രജ്ഞിത് ലാൽ, എം.പി മനോജ് എന്നിവർ പ്രസംഗിച്ചു.



ചിത്രകലയിലെ അമൂല്യപ്രതിഭ സാറാ ഹുസൈൻ

ചിത്രകലാ പരമ്പര 1ചന്ദ്രബാബു  എഴുതുന്നു സാറ ഹുസൈൻ ​നാട് അരൂക്കുറ്റി.. സ്റ്റുഡിയോ ,ഗ്യാലറി ,  മട്ടാഞ്ചേരിയിലെ ജ്യൂ സ്ട്രീറ്റ് ചിത്രകലയിൽ ഡിപ്ലോമ ഇൻ ഫൈൻ ആർട്സ്സും, ബി എഫ് എ  പൈന്റിങ്ങും  ​കഴിഞ്ഞ 20 വർഷമായി സാറ വരകളുടെ ലോകത്ത് സജീവമാണ്. കഴിഞ്ഞ ഐ.പി.എൽ  സീസണിൽ  സച്ചിൽ  ടെണ്ടുൽക്കൽ  സാറയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ട്പെടുകയും അദ്ദേഹത്തെ ആകർഷിച്ച മൂന്ന് ചിത്രങ്ങൾ വാങ്ങുകയും ചെയ്തു.മനസ്സിനെ ചിത്രങ്ങളാക്കുന്ന സറാഹുസൈൻ.         കാലം  തട്ടിപ്പറിക്കുന്ന പഴമയുടെ കാഴ്ചകള്‍ മനസ്സില്‍ നിറയെ വരച്ചിട്ട് അതു നിറങ്ങളിലൂടെ ക്യാന്‍വാസിലേക്ക് പകർത്തുക യാണ് സാറ ചെയ്യുന്നത്.."ഒരു ചിത്രകാരി എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹിക ജീവി എന്ന നിലയിലും എന്റെ മനസ്സിലുണ്ടാകുന്ന ഭാവങ്ങൾ അത് പലതരത്തിലാകാം കാഴ്ച്ച കളാകാം അനുഭവങ്ങളാകാം ഇതൊക്കെ തന്നെ എന്റെ വരയിൽ തെളിയാറുണ്ട്."തെരുവിന്റെ  സൗന്ദര്യമാണ്  സാറാ ഹുസൈൻ എന്ന അരൂകുറ്റി യിലെ കൊച്ചിയുടെ ചിത്രകാരി വിഷയമാക്കുന്നത് ഗാലറിയിൽ കാണികളെ വരവേൽക്കുന്നത് സാറാ ഹുസൈന്റെ തെരുവുചിത്രങ്ങളാണ്.  ഗല്ലികളും ഇത്തിരിപ്പോന്ന ഇടറോഡുകളും വഴിയിൽ അലയുന്ന മാടുകളും  തലങ്ങും വിലങ്ങും കടന്നുപോകുന്ന വൈദ്യുതി കമ്പികളും ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെ നിറയുന്ന ചിത്രക്കാഴ്ചകൾ  .സാറാഹുസൈ ന്റെ ചിത്രങ്ങൾ ഇതിനോടകം സച്ചിൻ ടെൻഡുകർ  ഉൾപ്പെടെ  പല പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്..ചെറുപ്പം മുതല്‍ക്കു ചിത്രരചനയോടു താൽപര്യമുണ്ടായിരുന്ന സാറ സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയ ശേഷമാണു ചിത്രരചന പഠിക്കാന്‍ ആരംഭിച്ചത്.ചേർത്തലക്കടുത് "ഗീത സ്കൂൾ ഓഫ് ആർട്‌സ്" ൽ ആർട്ടിസ്റ്റ്  പി ജി ഗോപകുമാർ സർ ന്റെ ശിക്ഷണത്തിൽ ഫൈൻ ആർട്ടിൽ  ഡിപ്ലോമ  എടുത്തു.         എന്റെ കുടുംബത്തിൽനിന്നും കിട്ടിയ പ്രോത്സാഹനവും,പിന്നീട് പ്രശസ്ഥ ശില്പിയും ചിത്രകാരനുമായ ഓനിക്സ് പൗലോസിനെ പരിചയപ്പെടുകയും അദേഹത്തിന്റെ ശിക്ഷണത്തിൽ ചിത്രകലയെ കൂടുതൽ അറിയുവാനും പരിശീലിക്കാനുംകഴിഞ്ഞു.


ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം അവസാന തിയതി 2019 ഏപ്രിൽ 22 വരെ നീട്ടിയിരിക്കുന്നു

വൈറ്റില, സൗത്ത്, നോർത്ത്, വടുതല യൂണിറ്റുകൾ ഉൾപ്പെടുന്ന എറണാകുളം സിറ്റി മേഖലയിലെ അംഗങ്ങളുടെ പ്രാവിണ്യം വർധിപ്പിക്കുകയും അതിലൂടെ സംസ്ഥാന, ദേശീയ, അന്തർദേശീയ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുക്കുവാൻ പ്രാപ്തരായ ഫോട്ടോഗ്രാഫർമാരെ ക്ലബ്ബിലെ അംഗങ്ങളുടെ ഇടയിൽ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് AKPA എറണാകുളം സിറ്റി മേഖല *'സിറ്റി ക്യാമറ ക്ലബ് '* രൂപീകരിച്ചിട്ടുള്ളത്, ക്ലബ്ബിന്റെ പരിപാടികളിൽ മേൽപറഞ്ഞ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. *(ക്ലബ് അംഗം ആകണമെന്നില്ല)* ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ അംഗങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം *"വേനൽക്കാലം"* ഒരാൾക്ക് 4 ചിത്രങ്ങൾ വരെ അയക്കാം. എല്ലാവരെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവസാന തിയതി 2019 ഏപ്രിൽ 22 വരെ നീട്ടിയിരിക്കുന്നു. *12 x 8 വലിപ്പത്തിലുള്ള ചിത്രങ്ങളുടെ സോഫ്റ്റ് കോപ്പി akpaekmcityzone@gmail.com എന്ന വിലാസത്തിൽ അയക്കുക, മത്സരത്തിൽ പങ്കെടുക്കാൻ എൻട്രി ഫീ ഇല്ല, തികച്ചും സൗജന്യമാണ്*


പി രാജീവ് കാപട്യമില്ലാത്ത രാഷ്ട്രീയകാരൻ

ഗുലാം നബി ആസാദ്, മായാവതി, അരുൺ ജെയ്റ്റ്ലി എന്നിവർ ഒരേ സ്വരത്തിൽ ശ്രീ പി രാജീവ് രാജ്യസഭയിൽ തുടരണമെന്ന് ആവശ്യപെട്ടപ്പോൾ തന്നെ ശ്രീ രാജീവിന്റെ വ്യക്തിത്വം രാജ്യമാകെ ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. പി രാജീവ് കലകളോടും കലാകാരന്മാരോടും ആദരവും ഏറെ ബഹുമാനവുമുള്ള ഒരു വ്യക്‌തി കൂടിയാണ്. നാം നിരന്തരം കണ്ടുമുട്ടുന്ന കരിയറിസ്റ്റുകളായ കാപട്യം നിറഞ്ഞ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിഭിന്നൻ, കലാപ്രയോഗങ്ങളെ കുറിച്ച് ചരിത്രപരവും, സൗന്ദര്യശാസ്ത്രപരവും, സൈദ്ധ്ന്തികവുമായ ധാരണകളുള്ള പി. രാജീവ് പാർലിമെന്റിൽ എത്തിയാൽ, അത് കലാ സാഹിത്യ സാംസ്കാരിക മേഖലകളുടെ പ്രാതിനിധ്യം കൂടിയാകും. കലയുടെ കാര്യത്തിൽ മാത്രമല്ല സഹജീവികളായ ദളിത്‌, ട്രാസ്‌ജെന്റർ സമൂഹങ്ങളെ സമഭാവനയോടെ ചേർത്ത് നിർത്തുന്നതിനുള്ള രാജീവിന്റെ നിലപാട് എനിക്ക് നേരിട്ടറിയാവുന്ന സന്ദർഭങ്ങൾ നിരവധി, രാജീവ്‌ ജയിച്ചു വന്നാൽ പതിതരായ അവരുടെ നേർത്ത ശബ്ദവും പാർലിമെന്റിൽ മുഴങ്ങും. ചിത്രപ്രദര്ശനങ്ങളിൽ ചിത്രങ്ങൾക്ക് മുന്നിൽ എത്തുന്ന രാഷ്ട്രീയക്കാർ ചിത്രങ്ങളുടെ അർത്ഥം തിരക്കുകയാണ് സാധാരണ പതിവ്, എന്നാൽ രാജീവ്‌, ചിത്രങ്ങൾ മനസ്സിരുത്തി കാണുകയും ചിത്രകാരനുമായി ആശയ സംവാദത്തിനു തയ്യാറാക്കുന്നതും എന്റെ നേരനുഭവം. ചിത്രകലാക്യാമ്പുകളിൽ കലാകാരന്മാരോടൊപ്പം അദ്ദേഹം ദിവസങ്ങൾ ചിലവിട്ടതും ആശയവിനിമയങ്ങൾ നടന്നതും എന്റെ ഓർമകളിലുണ്ട്. പുസ്തകങ്ങൾ ഡ്രോയിങ് റൂമിൽ "പ്രദർശിപ്പിക്കുന്ന" രാഷ്ട്രീയക്കാർ നിരവധി, സ്വന്തം ഭിത്തിയിൽ ഒരു ചിത്രമുള്ളവർ വിരളം. രാജീവിന് ആഴമേറിയ വായനയും അദ്ദേഹത്തിന്റെ ഭിത്തിയിൽ ചിത്രങ്ങളുണ്ട്. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയവർക്കു ശേഷമുള്ള മാർക്സിസ്റ്റു ധാരണകളെയും നൂതനമായ ചിന്താപദ്ധതികളേയും അടുത്തറിഞ്ഞു ധീഷണയുടെ തെളിമ വർധിപ്പിച്ചിട്ടുള്ള രാഷ്ട്രീയക്കാർ രാജീവിനെപ്പോലെ വിരളം. പുതിയ ചിന്താധാരകളെ അടുത്തറിയുന്നവരുടെ രാഷ്ട്രീയബോധവും, രാഷ്ട്രീയപ്രയോഗങ്ങളും നൂതനവും പ്രത്യാശാഭരിതമായ ഭാവനകളും കൊണ്ട് നിറഞ്ഞതായിരിക്കും, അതുകൊണ്ടാണ് പാർലിമെന്ററി പ്രവർത്തനങ്ങളിലും, സംഘടനപ്രവർത്തനങ്ങളിലും വൈവിധ്യമായ പ്രയോഗസാധ്യതകളുടെ വാതായനങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നിടുവാൻ രാജീവിന് കഴിഞ്ഞത്. കാലം കരുവാളിച്ചു നിന്ന നാളുകളിൽ പീഡനപർവങ്ങളെ തല ഉയർത്തി ചങ്കുറപ്പോടെ നേരിട്ട പോരാളിയയുടെ ആത്മബലമാണ്, ഉറച്ച കാൽവെപ്പുകളോടെ സമൂഹത്തെ, മുന്നിൽ നിന്ന്‌ നയിക്കാൻ രാജീവിനെ പ്രാപ്തനാക്കുന്നത്. പ്രത്യയശാസ്ത്ര ധാരണകൾ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും അന്യവൽക്കരിക്കാത്ത ഉത്തമ കമ്മ്യുണിസ്റ്റ് ആയത്കൊണ്ടാണ് വിഭാഗീയതയുടെ അഴുക്കു ചാലിൽ ആണ്ടു പോയ എറണാകുളംത്തെപാർട്ടിയെ , കമ്മ്യുണിസ്റ്റ് പ്രസ്ഥാനമായി വീണ്ടെടുക്കുന്നതിന്, ശ്രീ സി. എൻ മോഹനൻ തുടങ്ങിയ കമ്മ്യൂണിസ്റ്റുകളോടൊപ്പം നിന്ന് നേതൃത്വപരമായ പങ്കു നിർവഹിക്കുവാൻ രാജീവിന് കഴിഞ്ഞത്. അശാന്തൻ എന്ന ദളിത്‌ കലാകാരന്റെ മൃതദേഹത്തെ അപമാനിച്ചവർക്ക് നേരെ ഉയർന്ന രാജീവിന്റെ രൂക്ഷ വിമർശനം ഇന്നും കലാ സമൂഹം നന്ദി യോടെ സ്മരിക്കുന്നു. ഞാൻ ലളിതകലാ അക്കാദമിയുടെ സെക്രട്ടറി ആയിരുന്ന കാലം 2006-2011, എറണാകുളം ദർബാർ ഹാളിനോട് ചേർന്നുള്ള കെയർ എന്ന ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ പണത്തിനായി വിഷമിക്കുന്ന നാളുകൾ, പതിനഞ്ചു ലക്ഷം രൂപയുണ്ടെങ്കിൽ പണി പൂർത്തിയാകും, ഗതികേട് കൊണ്ട് എം പി ഫണ്ട് ലഭിക്കുമോയെന്നുള്ള അന്ന്വേഷണം തുടങ്ങി. അക്കാലയളവിൽ എറണാകുളത്തു നിന്നും രാജ്യസഭാ - ലോകസഭാ പ്രതിനിധി കളായി മൂന്നു പേർ എം പി മാരായി വന്നുപോയി. ഫണ്ടിനായ് രണ്ടു ലോകസഭാംഗങ്ങളെയും, ഒരു രാജ്യസഭാംഗത്തിനെയും ഞാൻ സമീപിച്ചിരുന്നു ഫലമുണ്ടായില്ല. എന്റെ ശല്ല്യം തുടർന്നപ്പോൾ Ldf എം പി മാർ പാർട്ടി വഴി സമീപിക്കാൻ സൗമ്യമായി നിർദ്ദേശിച്ചു കൊണ്ട് എന്നെ ഒഴിവാക്കി. . പാർട്ടിയെ സമീപിച്ചു, എന്നാൽ അന്ന് പാർട്ടിയിൽ വിഭാഗീയതയുടെ ഭ്രാന്തു മൂർച്ഛിച്ച നാളുകളായിരുന്നു, ഗ്രൂപ്പ്‌ പരിഗണനകൾ മാത്രമായിരുന്നു എറണാകുളത്ത്‌ അന്ന് മാനദണ്ഡം. മെറിറ്റിനായിരുന്നില്ല. "ഇപ്പ ശരിയാക്കിത്തരാം" എന്ന കുതിരവട്ടം പപ്പു ശൈലിയിലുള്ള മറുപടിയായിരുന്നു കോൺഗ്രസ്‌ എം. പിയുടേത്. അങ്ങനെയിരിക്കെ ഒരു പത്രവാർത്ത. "പി രാജീവ്‌ രജ്യസഭ യിലേക്ക് " രാവിലെ വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെതന്നെ ഞാൻ ശ്രീ രാജീവിനെ ഫോണിൽ വിളിച്ചു. എം . പി ആയാൽ ലളിത കലാ അക്കാദമിക്ക് 15 ലക്ഷം രൂപ തരണം. കാര്യങ്ങൾ ഫോണിലൂടെ ഞാൻ വിശദീകരിച്ചു. " നമുക്കു നോക്കാം " രാജീവിന്റെ മറുപടി. താമസിയാതെ രാജീവ്‌ രാജ്യസഭാംഗമായി. നാളുകൾക്കു ശേഷം പത്രങ്ങളിൽ വാർത്ത. " ലളിത കലാ അക്കാദമിക്ക് ബുക്ക്‌ ഗ്യാലറി പണിതു നൽകും, പി രാജീവ്‌ " രാജീവ് വാക്കു പാലിച്ചു. ബുക്ക്‌ ഗ്യാലറി യുടെ പണി നിർമ്മിതി ഏറ്റെടുത്തു. പിന്നീട് ദർബാർ ഹാളിൽ സംസ്ഥാന അവാർഡ് സമർപ്പണത്തിന്റെ സന്ദർഭം പി രാജീവ്‌ എം പി, ചിഫ് ഗസ്റ്റ്‌. ബുക്ക്‌ ഗാല്ലറിക്ക്‌ പണം നൽകിയതിന് ഞാൻ സ്വാഗത പ്രസംഗത്തിനിടെ രാജീവിനു നന്ദി പറഞ്ഞത്കൊണ്ട് ഒരു വിഷയം ശ്രദ്ധയിൽ പെടുത്തി, ഫണ്ട് അനുവദിക്കുന്ന MLA മാരും MP മാരും അവരവരുടെ പേരുകൾ മഞ്ഞയും കറുപ്പും നിറങ്ങളിൽ, കെട്ടിടത്തേക്കാൾ വലിപ്പത്തിൽ അക്ഷരവടിവിൽ എഴുതിനിറച്ചു വാസ്തുശില്പത്തിന്റെ ഭംഗി കെടുത്തുന്ന ആത്മരതി നിറഞ്ഞ സംസ്കാരത്തെ കുറിച്ചായിന്നു ഞാൻ പ്രസംഗമധ്യേ സൂചിപ്പിച്ചത്. ബുക്ക്‌ ഗാലറി പണി തീർന്നു, "തന്റെ പേര് ബുക്ക്‌ ഗ്യാലറി മന്ദിരത്തിൽ എഴുതരുതെന്നു " രാജീവ്‌ നിർമ്മിതി അധികാരികളോട് പറഞ്ഞു. പി രാജീവ്‌ എം. പി ആണ് പണം നൽകിയതെന്ന് അക്കാദമി, മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തി കെട്ടിടമതിലിൽ പതിച്ചു. കലാധാരണകളെ ഉറപ്പിച്ചടുത്താൽ മാത്രമേ സമൂഹത്തിന്റെ ദൃശ്യശേഷി വളരുകയുള്ളൂ എന്ന ഉൾക്കാഴ്ച രാജീവിനുണ്ടായിരുന്നു. മേൽ സൂചിപ്പിച്ച അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത് വാക്കും പ്രവൃത്തിയും സംസ്കാരവും തത്വബോധവും ഇച്ഛാശക്തിയോടെ എങ്ങിനെ കീഴ് വഴക്കങ്ങളെ സൗമ്യമായി മറികടന്നുകൊണ്ട് ഒരു വ്യക്തിയിൽ സമ്മേളിച്ചു മുന്നോട്ടു പോകുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. എറണാകുളത്തെ പ്രതിനിധീകരിച്ചു ലോകസഭയിൽ എത്തേണ്ടത് വാക്ക് പാലിക്കുന്ന, വ്യക്തിശുദ്ധിയും സഹജീവികളോട് കാരുണ്യമുള്ള സർവോപരി കലാബോധവും, വിഷ്വൽ സെൻസിബിലിറ്റിയുമുള്ള പി. രാജീവ്‌ തന്നെയാകണം. സാംസ്‌കാരിക പ്രവർത്തകരും, കലാകാരൻമാരും പി. രാജീവിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം സത്യപാൽ