മാലതി ടീച്ചർക്ക് കലകൾ ചെയ്യാൻ സമയം തികഞ്ഞിരുന്നില്ല
തൃപ്പൂണിത്തുറയിലെ ചേന്നാട്ട് കുടുംബാന്ഗമായ ശ്രീമതി. മാലതി ചന്ദ്രഹാസൻ, ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നതും സ്നേഹിക്കപ്പെട്ടിരുന്നതും ഒരദ്ധ്യാപികയായിട്ടായിരുന്നു. തൃപ്പൂണിത്തുറ സർകാർ ഗേൾസ് ഹൈ സ്കൂളിൽ
വളരെയേറെ കാലം പഠിപ്പിച്ച മാലതി ടീച്ചർക്ക് എവിടെ പോയാലും ശിഷ്യ ഗണങ്ങളുടെ സ്നേഹ ബഹുമാനം സൂലഭമായിരുന്നു.
കലാകാരും കലയോട് ആരാധനയുളളവരും ഉണ്ടായിരുന്ന തറവാട്ടിൽ ജനിച്ച മാലതി ടീച്ചർക്ക് കുഞ്ഞുനാൾ മുതൽ പ്രകൃതിയിലെ നിറങ്ങളോട് അടക്കാനാവാത്ത
അഭിനിവേശമായിരുന്നു. കുട്ടിക്കാലത്ത് ഒരു വലിയ പ്രകൃതി സ്നേഹിയും ഭാവനാത്മകമായ ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.
പൂക്കളെയും, നിറങ്ങളെയും, ഏറെ സ്നേഹിച്ചിരുന്ന കുട്ടി മാലതി ടീച്ചർക്ക് പൂക്കൾ കൊണ്ട് മാല കെട്ടാനും, നൃത്തം ചെയ്യാനും, പാട്ട് പാടാനുമൊക്കെ ഇഷ്ടമായിരുന്നു.
മാലതി ടീച്ചറുടെ സ്കൂൾ കാലം മുതൽ ശക്തമായിരുന്ന കലയോടുള്ള അഭിരുചി കോളേജ് കാലത്തിലേക്ക് നീണ്ടു. കോളേജ് കാലത്ത്, 21 വയസ്സുള്ള മാലതി ടീച്ചർ, ആ കാലത്ത് വളരെ പുതുമയുള്ള ഷാഡോ പ്ലേ (നിഴൽ നാടകം) എന്ന കലാ നൃത്ത
രൂപത്തിൽ ആകൃഷ്ടയായതും അത് പഠിച്ച് വേദിയിൽ അവതരിപ്പിച്ചതും ഒരു വിപ്ലവാത്മകമായ സംഭവമായിരുന്നു.
മാലതി ടീച്ചറുടെ ജീവിത പങ്കാളിയായത് ശ്രീ. കെ. എ. ചന്ദ്രഹാസനായിരുന്നു (1928 – 2002). അവർക്ക് മൂന്നു കുട്ടികളായിരുന്നു. ജയചന്ദ്രൻ (1956 – 2012), Engineer,
Ford Company, Michigan, USA, ശൈലജ, retired professor (Delhi University), വാസന്തി, Clinical
Psychologist, Delaware, USA.
അധ്യാപികയിൽ നിന്നും. ഹെഡ്മിസ്ട്രസ്, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ ആയി ജോലിക്കയറ്റം കിട്ടിയ മാലതി ടീച്ചർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ പദവിയിൽ അവസാനത്തെ നാലഞ്ച് വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് 1983 ൽ വിരമിച്ചത്.
കുടുംബ-ഔദ്യോഗിക ജീവിതത്തിനിടയിലും, ടീച്ചർ കുട്ടി കുപ്പായങ്ങളിലും, തൂവാലകളിലും മറ്റും, ചിത്ര തയ്യലിന് സമയം കണ്ടെത്തിയിരുന്നു.
വിജയകരമായ ഔദ്യോഗിക ജീവിതത്തിന് ശേഷം, വളരെയധികം അഭിനിവേശത്തോടെ പലതരം കലകൾ പഠിച്ചും, കലാരൂപങ്ങൾ സൃഷ്ടിച്ചും സംപൂർണവും സമ്പന്നവുമായ ജീവിതമാണവർ നയിച്ചത്. ഉതകുന്ന അവസരങ്ങളും, സൌകര്യങ്ങളും, പിന്തുണക്കുന്ന ജീവിത പങ്കാളിയും ടീച്ചറുടെ കലാത്പരമായ മികവുകളെ ഉചിതമായി പരിപോഷിപ്പിച്ചു. പല വേദികളിലും കർണാടക സംഗീതം കാഴ്ച വയ്ക്കാനും, ആഭരണങ്ങൾ, അലങ്കാര തുന്നൽ പണികൾ, ക്രോഷെ-നിറ്റിങ് പണികൾ, ചിത്ര രചനകൾ മുതലായവയുടെ പല പല പ്രദർശനങ്ങൾ കൊച്ചി, ഡൽഹി, അമേരിക്ക എന്നിവിടങ്ങളിൽ സംഘടിപ്പിക്കുവാനും ടീച്ചർക്ക് സാധിച്ചു.
1983ൽ എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയിൽ, കർണാടക സംഗീതത്തിൽ അഡ്വാൻസ്ഡ് കോർസിന് ചേർന്നതിൽ പിന്നീട് സംഗീതത്തിൽ മുഴുകിയ ജീവിതമായിരുന്നു ടീച്ചറുടേത്. കുട്ടികളെ പഠിപ്പിച്ചും, റേഡിയോ എഫ്.എമിൽ പാടിയും, ഗുരുവായൂരിലും മറ്റു ക്ഷേത്രങ്ങളിലും പഞ്ചരത്ന കൃതികൾ, അഷ്ടപദി മുതലായവ പാടിയും, ആഭരണങ്ങൾ design ചെയ്തും, വളരെ കലാ പൂർണമായ ജീവിതം ആസ്വദിച്ചു. ഈ കാലമത്രയും, ഭർത്താവ്, ശ്രീ.കെ.എ.ചന്ദ്രഹാസൻടെ (1928-2002) പ്രോത്സാഹനവും, പിന്തുണയും, ടീച്ചറുടെ കലാജീവിത വിജയത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു.
2008 ൽ, മക്കളും കുടുംബവും താമസിച്ചിരുന്ന, അമേരിക്കയിലെ മിഷിഗനിലും, ഡെലാവറിലും ടീച്ചറുടെ കാലാരൂപങ്ങളുടെ പ്രദർശനം ഒരുക്കുകയും, അതിൽ വളരെയധികം കാണികളുടെ പ്രശംസ പിടിച്ചു പറ്റുകയുമുണ്ടായി.
ഈ കാലങ്ങളിലത്രയും ടീച്ചറുടെ സംഗീത സപര്യ തുടർന്നു കൊണ്ടേയിരുന്നു. 2009 മുതൽ, കുറെ നാളായി നിന്നു പോയിരുന്ന ചിത്ര രചന വീണ്ടും തുടങ്ങി. പല മീഡിയങ്ങളും പരീക്ഷിക്കുന്നത് ടീച്ചർക്ക് ഏറെ പ്രിയമുള്ള കാര്യമായിരുന്നു. പോസ്റ്റർ കളർ, ഓയിൽ, അക്റിലിക്, അങ്ങനെ പലതും പേപ്പറിലും, കാൻവാസിലും, തുണിയിലും ഒക്കെയായി മാറി മാറി ഉപയോഗിച്ച് വർണ്ണ സമ്മിശ്രണങ്ങളുടെ മാന്ത്രികത സൃഷ്ടിക്കാൻ ടീച്ചർക്ക് സാധിച്ചു. പ്രകൃതി ദൃശ്യങ്ങൾ, പൂക്കൾ, കിളികൾ എന്നിവയായിരുന്നു ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ. ഇവ കൂടാതെ, പേപ്പർ ഉപയോഗിച്ചുള്ള പൂക്കുലകളും, ഇലകളും, വിൻഡ് കൈമും ഒക്കെ ടീച്ചറുടെ കലാസൃഷ്ടികളായി.
അവസാനത്തെ 6 വർഷങ്ങൾ മൂത്ത മകൾ ശൈലജയുടെ കൂടെ ഡെൽഹിയിലാണ് താമസിച്ചിരുന്നത്. ആ കാലയളവിൽ തൻടെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ വീട്ടിലും പുറത്തുമൊക്കെ നടത്തിയിരുന്നു. പ്രദർശനങ്ങളിൽ നിന്നും കിട്ടിയ തുക, തൃപ്പൂണിത്തുറ ആർ. എൽ. വി. അക്കാദമിയിലെ അർഹയായ ഒരു വിദ്യാർഥിനിക്ക്
കൊടുക്കുകയാണുണ്ടായത്. ജീവിതത്തിന്ടെ അവസാന രണ്ടു മൂന്നു വർഷങ്ങളിലെ കലാ സൃഷ്ടികൾ അധികവും ചായാചിത്രങ്ങളും, കുറച്ച് ചിത്ര തയ്യലുകളുമായി ചുരുങ്ങി.
എടുത്തു പറയേണ്ട ഒരു കാര്യം, 2020 ൽ കോവിഡ് ലോക് ഡൌൺ കാലത്ത് ചെയ്ത ട്യൂലിപ്സ് പൂക്കളുടെ ഒരു എംബ്രോയ്ഡെറിക്ക് മാലതി ടീച്ചർ കൊടുത്ത തലക്കെട്ട്: ‘കോവിഡിൻടെ ദുരിത ഘട്ടത്തിൽ വിരിഞ്ഞ നല്ല നാളെകളെ കാത്തിരിക്കുന്ന ട്യൂലിപ്സ്’ എന്നായിരുന്നു. നിർഭാഗ്യവശാൽ, ആ നല്ല നാളെകളെ കാണാൻ മാലതി ടീച്ചർ കാത്തു
നിന്നില്ല!!
കോവിഡ് സമയത്ത് ടീച്ചർ 96 ചായാചിത്രങ്ങൾ ഉണ്ടാക്കിയപ്പോൾ ലക്ഷ്യം, കോവിഡ് ഘട്ടം കഴിഞ്ഞ് എല്ലാം സാധാരണ പോലെ ആകുമ്പോൾ ഒരു പ്രദർശനം സംഘടിപ്പിക്കാമെന്നും, അതിൽ നിന്നും കിട്ടുന്ന വരുമാനം, കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ഡോക്ടറിൻടെയോ, നേഴ്‌സിൻടെയോ കുടുംബത്തിന് കൊടുക്കാമെന്നുമായിരുന്നു.
ശ്രീമതി. മാലതി ടീച്ചർ തന്നോട് ഇടപെടുന്ന ആർക്കും ഏറെ പ്രചോദനവും പോസിറ്റീവ് ഊർജ്ജവും പകർന്നു നൽകുന്ന വ്യക്തിത്വത്തിന്റെ ഉടമയും, ജീവിതത്തെ പ്രണയിച്ചിരുന്ന, എന്നും ഉഉളിനുള്ളിൽ യുവത്ത്വം നിലനിർത്തിയിരുന്ന വ്യക്തിയുമായിരുന്നു. മാലതി ടീച്ചറുടെ ജീവിതത്തിൻടെ പ്രമാണ വാക്യം:
‘സമയം വളരെ വിലപ്പെട്ടതാണ്. ഒരിക്കലുമത് പാഴാക്കരുത്. എപ്പോഴും ഏതെങ്കിലും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിക്കുക’
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.