എറണാകുളം ഡർബാർ ഹാളിലെ ഹനാൻ ബനാമറിൻ്റെ സൃഷ്ടി നശിപ്പിച്ചതുമായി ( നശിപ്പിച്ചില്ല പറിച്ച് മാറ്റിയതെയൊള്ളൂവെന്ന് ശില്പി ഹോച്ചിമിൻ ) ബന്ധപ്പെട്ട് ഒട്ടനവധി ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. അക്കാദമിയുടെ ഭാഗത്തു നിന്ന് അല്ലെങ്കിൽ ചിത്രകാരിയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിന് ഒറ്റവാക്കിൽ ഉത്തരം കണ്ടെത്താനും കഴിയില്ല. കലാസൃഷ്ടിയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയമായതിനാൽ വ്യക്തികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ഇതൊന്നും ഏകമായൊരു അഭിപ്രായത്തിൽ അവസാനിപ്പിച്ച് പോകാൻ കഴിയുന്നതാണെന്ന് തോന്നുന്നുമില്ല.
ബനാമറിൻ്റെ സൃഷ്ടി ചിത്രമാണോ അല്ലയോ, കലയാണോ അല്ലയോ എന്നുള്ള കാര്യത്തിൽ പോലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. വെറും തെറിവാക്കുകളുടെ ഉള്ളടക്കം മാത്രമല്ല ഇത് കലയല്ല എന്ന ഹോചിമിൻ്റെ നിരീക്ഷണമാണ് അതിനെ കീറിക്കളയുന്നതിലേക്ക് നയിച്ചത്.
ഇവിടെ ഒരു ചോദ്യം പ്രസക്തമായിട്ടുള്ളത് ഈ സൃഷ്ടിയെ കീറിക്കളഞ്ഞ പി എച്ച് ഹോച്ചിമിൻ ആരാണ് ? അദ്ദേഹം സംഘിയാണോ ? സദാചാര പോലീസാണോ ? ഇത്തരം ചോദ്യം ഇന്ന് പല ദിക്കുകളിൽ നിന്നും ഉയർന്നു വരുന്നതായി മനസ്സിലാക്കുന്നുണ്ട്. ചില മാധ്യമങ്ങളുടെ വിശേഷണം ഇത്തരത്തിലെല്ലാം ആണ്.
ഹോചിമിൻ ചെയ്ത പ്രവർത്തിയെ അങ്ങേയറ്റം എതിർത്തുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ചില നിരീക്ഷണങ്ങൾ നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്ന സദാചാര പോലീസിന്റെയോ സംഘപരിവാരങ്ങളുടെയോ ഗണത്തിൽ പെടുന്ന ഒരാളല്ല ഹോചിമിൻ. മുകളിൽ പറഞ്ഞ കൂട്ടർ നടത്തിയ ആക്രമണങ്ങളോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് ഒരുതരത്തിലും യോജിക്കാവുന്ന ഒന്നല്ല. 1993 മുതൽ ഹോച്ചിമിനുമായി വ്യക്തിപരമായി അടുപ്പമുള്ള ഒരാളാണ് ഞാൻ. മാത്രമല്ല അദ്ദേഹത്തിൻ്റെ സഹോദരൻ ചെഗുവേരയുമായും പിതാവ് ഹനീഫയുമായും സഹധർമ്മിണി സിലയുമായും; ചുരുക്കത്തിൽ ആ കുടുംബവുമായി ബന്ധമുള്ള ഒരാളാണ്. മതനിരപേക്ഷ മൂല്യം കാത്തു സൂക്ഷിക്കുകയും ഇടതുപക്ഷ ത്തിൻ്റെ ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ് ഹോച്ചിമിനും കുടുംബവും. സമീപകാലത്ത് വിട്ടുപിരിഞ്ഞ അദ്ദേഹത്തിൻ്റെ പിതാവ് ഹനീഫ ദീർഘകാലം സി പി ഐ എം നേതാവായി പ്രവർത്തിക്കുകയും പ്രത്യയശാസ്ത്രപരമായി നല്ല ധാരണയുമുള്ള ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു. ഹോച്ചിമിൻ, ചെഗുവേര എന്ന് മക്കൾക്ക് പേരിട്ടത് തന്നെ അതിന് ഉദാഹരണം.
തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലമുതൽ തന്നെ ഹോച്ചിമിനും ചെഗുവേരയും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രണ്ട് വിദ്യാർത്ഥികളായിരുന്നു. ഹോച്ചിമിൻ അന്നും ഏതൊരു വിഷയത്തെ സംബന്ധിച്ചും അഭിപ്രായം രേഖപ്പെടുത്തുകയും പ്രതികരിക്കുകയും ചെയ്യുമായിരുന്നു. സമൂഹത്തിന് നിരക്കാത്ത ഏത് പ്രവർത്തി കണ്ടാലും അതിനെതിരായ നിലപാട് സ്വീകരിക്കുന്നതിന് ഒരു മടിയും കാണിച്ചിട്ടില്ല. മതത്തിനും ജാതിയ്ക്കും എതിരായി നിലപാട് സ്വീകരിക്കുകയും, വാക്കിൽ മാത്രം ഒതുങ്ങാതെ ജീവിച്ചു കാണിക്കുകയും ചെയ്തു എന്നതാണ് ഹോചിമിനെ വേറിട്ട് നിർത്തുന്നത്. അദ്ദേഹത്തെ ഒരു സംഘി /സദാചാര പോലീസ് നിലവാരത്തിലേക്ക് തരംതാഴ്ത്തി ചിത്രീകരിക്കുന്ന മാധ്യമ സമീപനത്തിലേക്ക് കലാലോകവും പൊതുസമൂഹവും ചേർന്ന് നിൽക്കരുത്. വർത്തമാനം മതേതരവും ജീവിതം സംഘിവത്കൃതവുമായി കലാലോകത്ത് പ്രവർത്തിക്കുന്നവർക്ക് എത്തിപ്പെടാൻ കഴിയാത്ത മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ നന്നായി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഹോചിമിൻ.
ദേശാഭിമാനിയിലെ ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ കലാ പ്രവർത്തകനായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. ദൃശ്യ സംസ്കാരത്തിൽ തുലോം നിരക്ഷരരായ കേരളീയ പശ്ചാത്തലത്തിൽ ഇത് എന്തുമാത്രം റിസ്ക് ആണെന്ന് ഏവർക്കും അറിയാം. ഒരു മുഴുവൻസമയ കലാ പ്രവർത്തകനായി ധാരാളം മനോഹര ശില്പങ്ങൾ കരിങ്കല്ല് പോലുള്ള അത്യന്തം ദുഷ്കരമായ മാധ്യമങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ശില്പകലയിൽ ബിരുദാനന്തര ബിരുദവും നേടി. അനേകം ക്യാമ്പുകൾ പ്രദർശനങ്ങൾ എന്നിവയിൽ പങ്കാളിയായി. തൻ്റെ പ്രൊഫഷനെ കുറിച്ചും സമൂഹത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള ഹോച്ചിമിനെപ്പോലെയുള്ള കലാകാരൻമാരുടെ പ്രതിഷേധത്തെ ഒരു ക്രിമിനൽ പ്രവർത്തിയായി ചിത്രീകരിക്കുവാൻ കേരളീയ സമൂഹവും ലളിതകലാ അക്കാദമിയും ശ്രമിക്കരുത്. നിയമപരമായ നടപടികൾ ആവാം; തീർത്തും അനിവാര്യമെങ്കിൽ മാത്രം. കേരളത്തിലെ മൂന്നാംകിട മാധ്യമങ്ങളും കലാ നിരക്ഷരരായ മാധ്യമ പ്രവർത്തകരും വരച്ചുകാട്ടുന്ന വിവരണങ്ങളെ ഗാലറിയിൽ പ്രദർശിപ്പിച്ച് ലളിതകല അക്കാദമി ആ പ്രദർശനത്തെ മലീമസമാക്കുകയും ചെയ്യേണ്ടിയിരുന്നില്ല എന്ന് ഓർമിപ്പിക്കട്ടെ.
മനോജ് നാരായണൻ
27/10/2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.