ബിനാലെ മാറ്റിവയ്ക്കപ്പെടുമ്പോള്‍

കെ. എസ് ദിലീപ്കുമാർ.
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാംപതിപ്പ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടി വന്നത് ഒരുപക്ഷെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിന്റെകൂടി സൃഷ്ടിയാകാം. പ്രവേശനടിക്കറ്റ് വരുമാനംമാത്രമല്ലല്ലോ ബിനാലെയുടെ സാമ്പത്തിക അടിത്തറ. മാറ്റിവച്ചു എന്ന അറിയിപ്പ് വരുന്നതിനു മുൻപ്തന്നെ ബിനാലെ ഫൌണ്ടേഷൻ സ്ഥാപകാംഗം ബോസ് കൃഷ്ണമാചാരി ശ്രദ്ധേയമായ കേരളയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. കേരളത്തിലെ കലാകാരന്മാരുടെ വീട് /സ്റ്റുഡിയോകളിലേയ്ക്കാണ് അദ്ദേഹം നേരിട്ടെത്തുന്നത്. വാണിജ്യവിജയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവരെ എന്നതിനേക്കാൾ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് ആ യാത്ര നീളുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെശ്രദ്ധേയമായ സാമ്പത്തികശാസ്ത്ര വിശകലനമാണ് കനേഡിയൻ എഴുത്തുകാരി നവോമി ക്ലെയ്നിന്റെ (Naomi Klein) "ദുരന്തമുതലാളിത്തം " എന്നു സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ അറിയപ്പെടുന്ന ' ദ് ഷോക്ക് ഡോക്ടറിൻ : ദ് റൈസ് ഓഫ് ഡിസാസ്റ്റർ കാപ്പിറ്റലിസം'(2007). ലോകത്ത് ദുരന്തങ്ങളെ മറയാക്കി ചെറുസംഘങ്ങൾ ഉർജ്ജസ്വലമായി പ്രവർത്തിച്ചു ലാഭം കൊയ്യുകയും ; ഭൂരിപക്ഷം വരുന്നജനസംഖ്യ, പൊതുവിഭവങ്ങൾ നശിച്ചതിനെത്തുടർന്ന് തൊഴിലില്ലായ്‌മ രൂക്ഷമായി, വരുമാനമില്ലാതെ ദുരന്തത്തിലാകുകയും ചെയ്യുന്നു. ഇതേതുടർന്ന് സ്വതന്ത്രസാമ്പത്തിക നയങ്ങൾ പിൻവലിക്കാൻ രാഷ്ട്രീയനേതൃത്വം നിർബന്ധിതമാകുന്നു. പ്രാദേശിക /ദേശീയ വിഭവങ്ങളിലും വിപണിയിലും കേന്ദ്രീകരിച്ചു തൊഴിലും ഉല്പാദനമേഖലയും സൃഷ്ടിക്കാൻ ലോകത്ത് ദുരന്തമുതലാളിത്തം എങ്ങനെ പ്രേരണയായിയെന്ന് നവോമി വിശദീകരിക്കുന്നു.
ബിനാലെയുമായി ബന്ധപെട്ടതല്ല ബോസിന്റെ കേരളയാത്രയെന്ന് ലേഖകൻ കരുതുന്നു. മറിച്ചു ബോസ് മുൻപ് നടത്തിയ ഒരു യാത്രയുടെ രണ്ടാംപതിപ്പായി ഈ യാത്രയെകാണാം.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ ഇന്ത്യയിൽ ഉണ്ടായ ആഗോളീകരണം വലിയ സാമ്പത്തികവളർച്ചയ്ക്കു കാരണമായി.ആഗോളീകരണ സാമ്പത്തീക നയങ്ങൾ കലയെയും സ്വാധീനിച്ചു. ഗ്ലോബലൈസെക്ഷന്റെ ചുവടുപിടിച്ചു ഇന്ത്യൻ ആർട്ടിന്റെ അന്താരാഷ്ട്രവൽക്കരണം നടന്നു. മെട്രോപൊളിറ്റൻ ഇന്ത്യൻ നഗരങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കലയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാധ്യമത്തിലും ആഗോളീകൃത കലാലോകത്തിന്റെ സ്വാധീനമുണ്ടായി. കേരളത്തിലെ കലാകാരന്മാരും കലയുടെ ആഗോള വിപണിയ്ക്കു മുൻപിലെത്തി. ഒപ്പം ക്യുറേറ്റർമാർ എന്നപുതിയ സംഘത്തിന്റെ ക്യുറേറ്റോറിയൽ ആശയങ്ങളും, ലോകജ്ഞാനവും, മാനേജ്മെന്റ് കഴിവുകളും, പ്രോത്സാഹനതന്ത്രങ്ങളും (promotion skills ) കേരളത്തിലെ കലാകാരന്മാർക്കും ഒഴിച്ചുകൂടാൻമേലാത്തതായി. ഗീത കപൂർ ഇന്ത്യൻ കലയെക്കുറിച്ചുപറഞ്ഞ 'ദേശീയതയുമായും ആധുനികതയുമായുമുള്ള ഇരട്ടസംവാദം ' ഇവിടെ പ്രസക്തമാണ്. ദേശീയ ആധുനികതയുമായും ആഗോളീകരണം സൃഷ്ടിച്ച സാർവ്വദേശീയ ആധുനികതയുമായും ഇരട്ടസംവാദത്തിന് മലയാളികലാകാരനും നിർബന്ധിതരായി.
ഇന്ത്യ ആകെയുള്ള കലാവിപണി (pan indian art market ) ആഗോളീകൃത വിപണിയ്ക്കു വഴങ്ങി.2005ൽ ബോസ് ക്യുറേറ്റു ചെയ്ത 'ഡബിൾ എൻഡേർസ് '(snake boat - ചുണ്ടൻ വള്ളം ) എന്ന പ്രദർശനം സമകാലിക ഇന്ത്യൻ കലാചരിത്രത്തിലെ നാഴികകല്ലായിമാറി. ഈ പ്രദർശനം ഡൽഹിയിലും, മുംബൈയിലും, ബാംഗളൂരിലും, കൊച്ചിയിലുമാണ് നടന്നത്. ലബ്ധപ്രതിഷ്ഠരായ മലയാളികലാകാരന്മാർക്കൊപ്പം യുവകലാകാരന്മാർക്കും ഈപ്രദർശനം അവസരം നൽകി. ഗാലറി പരിലാളനത്തിൽ (patronage )നിന്നു മാറ്റിനിർത്തപ്പെടുകയോ ഗാലറികളെ മാറ്റിനിർത്തുകയോ ചെയ്തകലാകാരന്മാരുടെ ജീവിതത്തിലും ഈ പ്രദർശനം വഴിത്തിരിവു സൃഷ്ടിച്ചു. വിപണികേന്ദ്രീകൃതമായ കേരളീയകലയ്ക്ക് ആഗോളവൽക്കരിക്കപ്പെട്ട കലാവിപണിയെ സ്വാധീനിക്കാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചു. തുടർന്നു 2006ൽ കേരളത്തിലുണ്ടായ ആർട്ട് ബൂം മുഖ്യധാരാ കലാവിപണിയിൽ കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യം ഉറപ്പിച്ചു.
ഇവിടെയാണ്‌ ബോസ് ഇപ്പോൾ നടത്തുന്ന കേരളയാത്രയുടെ രണ്ടാംപതിപ്പിന്റെ പ്രസക്തി. ആഗോളീകരണം അതിന്റെ പ്രവചിക്കപ്പെട്ട മരണത്തിലൂടെകടന്നു പോകുകയാണ്. പകർച്ചവ്യാധിസൃഷ്ടിച്ച സാമ്പത്തികതിരിച്ചടി അതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഇന്ത്യൻ കോർപ്പറേറ്റുകൾ ഗവൺമെന്റ് നയങ്ങളെ സ്വാധീനിച്ച് വിപണിഇടപെടലുകൾ തങ്ങൾക്ക് അനുകൂലമാക്കുകയും, ആഭ്യന്തര ഉത്പാദനത്തിനു കരുത്തുപകരാൻ രാഷ്ട്രീയ നേതൃത്വം സാമ്പത്തികരംഗത്തെയും രാഷ്ട്രീയനയങ്ങളെയും സജ്ജമാക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിലാണ് ബോസ് കൃഷ്ണമാചാരി അരികുവൽക്കരിക്കപ്പെട്ട മലയാളി കലാകാരന്മാരിലേയ്ക്ക് യാത്ര നടത്തുന്നത്.സമകാലിക കലയിലെ വലിയൊരു അധികാരസ്ഥാപനമാണ് ആഗോളപ്രശസ്തനായ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അദ്ദേഹം കേരളത്തിലെ അരികുവൽക്കരിക്കപ്പെട്ട കലാകാരന്മാരിലേയ്ക്ക് എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click