ക്ലാസിക്കൽ കലകളെ ആൾക്കൂട്ട ആരവങ്ങളും കെട്ടുകാഴ്ചകളും ആക്കരുത്
കെട്ടുകാഴ്ചകളും ആൾക്കൂട്ട അവതരണങ്ങളുമാണ് മൂല്യമുള്ള കലകളെന്ന തെറ്റിദ്ധാരണ വ്യാപകമാകുന്ന കാലമാണിത്. കൊച്ചി മുസരീസ് ബിനാലെയാണ് കെട്ടുകാഴ്ച സംസ്കാരത്തിന് കേരളത്തിൽ തുടക്കമിട്ടത്. മെഗാ തിരുവാതിരകൾ കണ്ടു കണ്ണു മഞ്ഞളിക്കുന്ന സാംസ്കാരിക നായകന്മാരുടെ എണ്ണം സമൂഹത്തിൽ പെരുകുന്ന കാലം കൂടിയാണിത്. അതിന്റെയെല്ലാം പരിണിത ഫലമാണ് എറണാകുളത്തു നടന്ന കലാഭാസവും തട്ടിപ്പും.
ഫ്യൂഡൽ കാലങ്ങളിൽ പിറവികൊണ്ട ബലവും സൗന്ദര്യവുമുള്ള കലകൾ
കാലാതിവർത്തിയായി നമ്മുടെ നാട്ടിൽ നിലകൊള്ളുന്നു. സമൂഹം ഈ കലകളെ പരിപോഷിപ്പിച്ച് നിലനിർത്തി പോരുകയും ചെയ്യുന്നു. ഇത്തരം കലകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യം. ആർത്തിപൂണ്ട ഒരുപറ്റം സാമൂഹ്യവിരുദ്ധ കൊള്ളക്കാർ ചേർന്നു കൊണ്ട് മനോഹരമായ ഈ നൃത്തരൂപത്തെ അരോചകമായ ആൾക്കൂട്ട കെട്ടുകാഴ്ചയായി എറണാകുളത്തവതരിപ്പിച്ചു. നൃത്തം പരിശീലിക്കുന്ന ആയിരക്കണക്കിനു കലാകാരികളെ അപമാനിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വൈകൃതമായ
ഒരവതരണമായിരുന്നു എറണാകുളത്ത് നടന്നത്.
ദുര മൂത്ത ദിവ്യ ഉണ്ണി എന്ന മൂന്നാംകിട കലാകാരി പ്രശസ്തിക്കു വേണ്ടി ഒരു കൊള്ളസംഘത്തെ കൂട്ടുപിടിച്ചുകൊണ്ട് അനേകം നർത്തകികളിൽ നിന്നും പണം ഈടാക്കി അവരെ നോക്കുകുത്തികളാക്കി വഞ്ചിച്ചു.
12000 പെൺകുട്ടികൾ നീല സാരി ഉടുത്തു നിൽക്കുന്നതാണ് ഭരതനാട്യമെന്നാണ്
സാംസ്കാരിക വകുപ്പ് മന്ത്രി ധരിച്ചു വെച്ചിരിക്കുന്നത്. ഈ കലാഭാസത്തിനു സാന്നിധ്യം നൽകി പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത്തരം വൈകൃതങ്ങളെ മഹത്തായ കലാവതരണങ്ങളായി വിലയിരുത്തുന്ന സാംസ്കാരിക വകുപ്പ് മന്ത്രി കേരളത്തിന്റെ സാംസ്കാരിക രംഗം ജീർണ്ണമാക്കുന്നതിനു നേതൃത്വം നൽകുകയാണ്.
ശ്രീ പിണറായി വിജയനെ പോലുള്ള ഒരു മികച്ച ഭരണാധികാരിക്ക് തന്റെ സർക്കാരിന് നിരന്തരം ക്ഷതമേൽപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിയെ മാറ്റിനിർത്താൻ കഴിയേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സാംസ്കാരിക വകുപ്പു കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരെ ഈ വകുപ്പ് ഏൽപ്പിക്കുന്നതായിരിക്കും ഈ സന്ദർഭത്തിൽ ചെയ്യാവുന്ന ഏറ്റവും മികച്ച സാംസ്കാരിക ഇടപെടൽ. സാംസ്കാരിക പ്രവർത്തനത്തിൽ പരിചയസമ്പന്നരും ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നവരുമായ നിരവധി പേർ ഈ മന്ത്രിസഭയിൽ തന്നെ ഉണ്ടല്ലോ.......?
ടി കെ രാമകൃഷ്ണനും എം എ ബേബിയുമൊക്കെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാംസ്കാരിക വകുപ്പിനാണ് ഈ ഗതികേട്.
എഴുത്ത്:
സത്യപാൽ അരവിന്ദാക്ഷൻ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.