കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകൻ ഞാനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ആർ. എൽ. വി. രാമകൃഷ്ണൻ

പ്രിയ സുഹൃത്തുക്കളെ നിങ്ങൾ നൽകിയ വലിയ പ്രോത്സാഹനത്തിന് നന്ദി പറയുന്നതോടൊപ്പം ചില സത്യസന്ധമായ കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കലാമണ്ഡലം ഡീംഡ് ടു ബി .യൂണിവേഴ്സിറ്റി ആക്കിയതിനു ശേഷം ഭരതനാട്യവിഭാഗത്തിൽ ഒരു പുരുഷ അധ്യാപകനെ നിയമിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾ എല്ലാവരും കണ്ടതാണല്ലോ.

എൻ്റെ അറിവ് ശരിയാണെങ്കിൽ അടുത്ത വർഷം മുതൽ ഭരതനാട്യം, കുച്ചുപ്പുഡി എന്നീ വിഷയങ്ങൾക്ക് പ്രത്യേക വിഭാഗമായി PG ക്ലാസുകൾ തുടങ്ങുന്നതിനായിട്ടാണ് പുതിയ പോസ്റ്റുകൾ വിളിച്ചതും നിയമനങ്ങൾ നടന്നതും. അതിൻ്റെ ഭാഗമായിട്ടുള്ള ആദ്യനിയമനത്തിലാണ് ഞാൻ ഉൾപ്പെട്ടത്. ഈ വാർത്തയാണ് ഇപ്പോൾ ചിലർ വിമർശനങ്ങൾക്ക് വിധേയമാക്കുന്നത്.

 ആട്ടത്തിലെ ആൺവഴികൾ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നതിനാണ് M.phil with Intagrated കോഴ്സിന് 2007 ൽ ഞാൻ കലാമണ്ഡലത്തിലെത്തുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിലെ പുരുഷസാന്നിധ്യങ്ങളെ ഈ ഗവേഷണ പുസ്തകത്തിൽ ഞാൻ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്.

 കേരളത്തിലെ കലാ ചരിത്രങ്ങളെ രേഖപ്പെടുത്തുക എന്ന നിലയ്ക്ക് കേരള കലാമണ്ഡലത്തിലെ നൃത്തകളരിലെ പ്രത്യേകിച്ച് മോഹിനിയാട്ട കളരിയിലെ പുരുഷസാന്നിധ്യങ്ങളെ കൃത്യമായി ഈ ഗവേഷണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

 ചരിത്രം പഠിക്കുമ്പോൾ എല്ലാം കൃത്യമായി മനനം ചെയ്തിട്ടു ആണല്ലോ ഓരോ ഗവേഷകരും തൻ്റെ കാഴ്ചപ്പാടിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ കേരള കലാമണ്ഡലത്തിലെ കളരിയിലെ പൂർവ്വസൂരികളായ ഗുരുക്കന്മാരെ കൃത്യമായി എൻ്റെ ഗവേഷണത്തിനായി പഠിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ഇനി കാര്യത്തിലേക്ക് കടക്കട്ടെ !
ഇന്നലെ കലാമണ്ഡലത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളിൽ എൻ്റെ നിയമനം "ചരിത്രത്തിൻ്റെ ഭാഗമായി " എന്ന തലക്കെട്ടുകൾ കലാമണ്ഡലത്തിന് "പുറത്ത് " ഉള്ള ചിലർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിയാൻ കഴിഞ്ഞു.

ഇതിൽ എൻ്റെ ഭാഗം ഞാൻ പറയട്ടെ.
ഞാനുമായി അഭിമുഖം നടത്തിയ ഓരോ മാധ്യമപ്രവർത്തകരോടും  കലാമണ്ഡലത്തിലെ പൂർവ്വസൂരികളായ ഗുരു ARR ഭാസ്ക്കർ,ഗുരു  രാജരത്നം പിള്ള തുടങ്ങിയ ഗുരുക്കന്മാർ പഠിപ്പിച്ച കളരിയിൽ " ഏകദേശം " 80 വർഷത്തിനിപ്പുറം ഒരു അധ്യാപകനാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. പല മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പത്രപ്രവർത്തകരും ഈ ഗുരുക്കന്മാരുടെ പേരുകൾ എന്നോട് പ്രത്യേകം ചോദിച്ച് എഴുതി എടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എൻ്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് ഞാൻ കരുതുന്നില്ല

എന്നാൽ ചില ഗ്രൂപ്പുകളിലും FB പോസ്റ്റിലും വന്ന വാർത്തകൾ ചിലരെങ്കിലും എന്നെ തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യുന്നത്. ഞാൻ വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത് എന്ന  ബോധ്യം എനിക്കുണ്ട്. അതിൽ എന്നെ പഴി പറഞ്ഞിട്ട് കാര്യമില്ല. 

 പൂർവ്വസൂരികളായ പുരുഷ നട്ടുവന്മാരെയും നർത്തകരെയും ഗുരുക്കന്മാരെയും കുറിച്ച് എൻ്റെ തീസിസിൽ എഴുതിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞത് ഞാൻ നേരിൽ കണ്ടതാണ്. അങ്ങനെയൊക്കെ ഉണ്ടോ എന്ന് പലരും ചോദ്യശരങ്ങൾ തൊടുത്തു. തെളിവുകൾ നിരത്തിയിട്ടും ചിലർക്ക് മനസ്സിൽ പിടിച്ചില്ല. അങ്ങനെയുള്ള ചിലർ ഇന്ന് പൂർവ്വസൂരികളായ പുരുഷ പ്രതിഭകളെ  സ്മരിക്കുന്നത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.



ഒരിക്കലും ചരിത്രത്തിൻ്റെ ഭാഗമാകാൻ വേണ്ടി ആരും കല പഠിക്കില്ലല്ലോ. എൻ്റെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി മാറ്റി വച്ചതാണ്. പഠനവും ഗവേഷണവും രംഗാവതരണവും പുതു ആവിഷ്ക്കാരങ്ങളുമായി ഞാൻ മുന്നോട്ടു പോകുക തന്നെ ചെയ്യും തീർച്ച.

ജോലിയൊന്നും വേണ്ട എന്ന് തീരുമാനിച്ചായിരുന്നു കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഉണ്ടായിരുന്ന ഗസ്റ്റ് അധ്യാപകൻ്റെ ജോലി രാജിവച്ച് വീണ്ടുമൊരു എം.എ പഠനത്തിനായി പോയതും രണ്ടാം റാങ്കോടെ എം.എ ഭരതനാട്യം പാസ്സായതും..അതിനു ശേഷം കലാമണ്ഡലത്തിൽ ഒരു പോസ്റ്റ് ലഭിച്ചത് സൗഭാഗ്യമായി കാണുന്നു.

 കുറച്ച് സ്വതന്ത്രമായി കലാരംഗത്ത് സഞ്ചരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് കാലടിയിൽ നിന്ന് പോന്നത്. ജീവിക്കാൻ അത്ര വലിയ പണം വേണമെന്ന് തോന്നുന്നകയും ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ഞാൻ. ഇനി ജോലിയിൽ അത്രകണ്ട് സർവ്വീസും എനിക്ക് ഇല്ല എന്നറിയാം. ഞാൻ കലാമണ്ഡലത്തിൽ നിയമിതനായത് ചിലർക്കെങ്കിലും ഇഷ്ടകേട് ഉണ്ടായിട്ടുണ്ടായിരിക്കാം.

ഇനി നിങ്ങൾ എൻ്റെ രാജിയാണോ ആഗ്രഹിക്കുന്നത്.? അങ്ങനെയാമ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടുമോ? ഇതിൻ്റെയെല്ലാം "ആണി "ആരാണെന്ന് എല്ലാവർക്കും അറിയാം. നമ്മളും കഴിക്കുന്നത് അരിയാഹാരം തന്നെയാണ്. കട പല്ല് കടിച്ച് പിടിച്ച് ചിരിക്കുന്നവരെ കാണാൻ തുടങ്ങിയിട്ട് നാളേറയായി. 

ചില വിവാദങ്ങൾ ഉണ്ടായപ്പോൾ ആടി കളിക്കുന്ന കുറേ പേരെ ഞാൻ കണ്ടതാണ്. ഇന്നിപ്പോ ഇതിൻ്റെ പുറകിലുള്ള "ആട്ടം " കാണുമ്പോൾ എല്ലാം മനസിലാവും പ്രിയപ്പെട്ടവരെ നിങ്ങൾക്ക് വേണ്ടത് എൻ്റെ ചോരയാണെങ്കിൽ പറയൂ ഞാൻ നെഞ്ചുവിരിച്ച് നിൽക്കാം മുൻപിൽ വന്ന് ഏറ്റുമുട്ടുക . അതല്ലാതെ പിന്നിൽ നിന്ന് കുത്തുകയല്ല വേണ്ടത്.  പുറകിൽ നിന്ന് കുത്തുന്നവരുടെ പേര് പുരാണങ്ങളിൽ നിന്ന് വായിച്ചെടുക്കാം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click