കഥ പറയുന്ന ആദ്യ കാഴ്ചകൾ
ശ്യം കൃഷ്ണ കളരിക്കൽ
സിനിമയുടെ പ്രീ റിലീസ് പ്രമോഷനിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ് പോസ്റ്ററുകൾ. അതുവരെയുള്ള ചിന്താഗതികളെ വരെ മൊത്തത്തിൽ മാറ്റിമറിക്കാൻ കരുത്തുള്ളവയാണ് പോസ്റ്ററുകൾ. നമ്മൾ ആദ്യ കാഴ്ചയിൽ തന്നെ ഒരു പക്ഷെ സിനിമയെ നെഞ്ചിലേറ്റുന്നത് നിലവാരമുള്ള പോസ്റ്ററുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. കാരണം, ടീസറോ ട്രെയ്ലറോ വരാത്ത ഒരു സാഹചര്യത്തിൽ പടത്തിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് അതിന്റെ പോസ്റ്ററുകളാണ്. വളരെ നല്ല പോസ്റ്ററുകൾ ആണെങ്കിൽ മോശം സംവിധായകരുടെ സിനിമ പോലും ഒരു പക്ഷെ "ഇത് നല്ലതാവാൻ സാധ്യത ഉണ്ട്" എന്ന് പറയിപ്പിക്കാൻ ഇടവരുത്താറുണ്ട്, നേരെ തിരിച്ചും, പോസ്റ്റർ മോശമാണെങ്കിൽ ഒരു പക്ഷെ നല്ല സംവിധായകൻ ആണെങ്കിൽ പോലും പടത്തിനോട് അത്ര താല്പര്യം തോന്നുകയില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് "കളി" എന്ന അടുത്തിറങ്ങിയ ഒരു സിനിമയുടെ പോസ്റ്റർ, ശ്രദ്ധിച്ചാൽ അറിയാം കളി എന്ന് എഴുതിയ Typography, വളരെ അട്രാക്റ്റീവാണ്. ഡിസൈനിങ് ഉൾപ്പടെ, വളരെ നല്ല ഒരു പോസിറ്റീവ് എനർജി ആയിരുന്നു കളിയുടെ പോസ്റ്ററുകൾക്ക്. മലയാളത്തിൽ ഇന്ന് ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് എനിക്ക് അഭിപ്രായമുള്ള "Oldmonks" ആണ് അതിന്റെ അമരക്കാർ. Thought station, Papaya Media, Yellowtooth എല്ലാം നിലവിലെ നല്ല ഡിസൈനിങ് ടീമുകളാണ്.
സിനിമയുടെ മൊത്തത്തിലുള്ള ഗതി മാറ്റുന്ന പോസ്റ്ററുകളിൽ ക്യാരക്ടർ ലുക്ക് കഴിഞ്ഞാൽ, ചിലപ്പോൾ അതിനും മേലെ ഏറ്റവും അട്രാക്ഷൻ തരുന്ന ഘടകമാണ് Title/Typography/Lettering. ഈ അടുത്ത് ഇറങ്ങിയ ടൈറ്റിൽ എല്ലാം ശ്രദ്ധിച്ചാൽ അറിയാം, സിനിമയുടെ മൊത്തത്തിലുള്ള ഭാവം എല്ലാ ടൈറ്റിൽസിലും തെളിഞ്ഞു കാണാം. ഒരു ഡിസൈനിങ് വിദ്യാർത്ഥി എന്ന നിലക്ക് ഒരുപാട് പ്രാക്ടീസ് ചെയ്യുന്ന വിഭാഗം ആണ് Typography അഥവാ Lettering. ഒരു സംഭവത്തെ അതിന്റെ സ്വഭാവം ചോർന്നു പോകാതെ എഴുതുന്ന, അല്ലെങ്കിൽ വരയ്ക്കുന്ന രീതി. സിനിമ പോസ്റ്ററിന് ആ രീതി ഒരുപാട് ഗുണകരമാണ്. അത്തരത്തിൽ എനിക്ക് ഇഷ്ടപ്പെട്ട നാല് Title typography-യും അവയുടെ വേരും ആണ് ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
1. പറവ (Poster: Oldmonks, Title: Elwin Charly) :
ഈ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടൈപ്പോഗ്രഫി. ഒരു വസ്തുവിനെ ഏറ്റവും അർത്ഥവത്തായി വരച്ചുകാട്ടുന്ന രീതിയാണ് "Abstraction", അതായത് ഒരു Object അതിന്റെ 'ലൈൻ ആൻഡ് ഷേപ്പ്' സ്വഭാവം നഷ്ടപ്പെടാതെ വളരെ സിമ്പിളായി ചുരുക്കി വരയ്ക്കുന്ന രീതി. Pablo Piccasso-യുടെ പെയിന്റിങ്ങുകൾ എല്ലാം ഈ 'abstraction method' അടിസ്ഥാന പെടുത്തുന്നവയാണ്. പറവയുടെ ടൈറ്റിൽ വളരെ മികച്ച ഒരു അബ്സ്ട്രാക്ഷൻ ആണ്. 'Design total skeleton' നോക്കിയാൽ അറിയാം ഒരു പറവ ചിറകുകൾ ഉയർത്തി പറന്നു വരുന്ന image ന്റെ പക്കാ simple abstraction ആണ് പറവ എന്ന് എഴുതിയിരിക്കുന്ന ശൈലി. പടത്തിന്റെ മൊത്തം മൂഡിനെ സ്വാധീനിക്കുന്ന എഴുത്ത്. അതായത് ഏറ്റവും ഫ്രീ ആയി പാറി പറന്നു നടക്കുന്ന ഒരു പക്ഷിയാണ് പറവ. പറവ എന്ന സിനിമയിലും ഇങ്ങനെ മട്ടാഞ്ചേരിയിൽ പാറിപ്പറക്കുന്ന ഒരുപാട് ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. നമ്മുടെ മുൻപിൽ ഒരുകൂട്ടം പറവകൾ പറന്നുപോകുന്ന അത്ര മനോഹാരിതയാണ് പറവയിലെ ഓരോ കഥാപാത്രത്തിന്റെ ജീവിതത്തിനും.
2) മായാനദി (Poster: Oldmonks, Title Design: Elwin Charley) :
അടുത്ത് ഒരുപാട് പ്രേക്ഷക പ്രശംസ കിട്ടിയ ഒരു സിനിമയാണ് മയാനദി, വ്യക്തിപരമായി ഒന്നോ രണ്ടോ ഒഴിച്ചാൽ ഈ സിനിമയുടെ പോസ്റ്ററുകൾ ഒന്നും എനിക്ക് ഇഷ്ടമായില്ല (oldmonks level ഇല്ല എന്ന് വേണേൽ പറയാം). പക്ഷെ പടത്തിന്റെ Title design വളരെ പ്രശംസ അർഹിക്കുന്നതാണ് കാരണം വളരെ സിമ്പിളായിട്ടുള്ള ഒരു write up ആണ് ആദ്യ കാഴ്ചയിൽ, ആ എഴുത്തിലെ Gradient and Texture, അതിന്റെ കളർ കോമ്പിനേഷൻ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്. മാത്രമല്ല ഒരു പുഴ ഒഴുകുമ്പോൾ അതിന്റെ ഓളങ്ങളിൽ കാഴ്ചയിൽ ഉണ്ടാവുന്ന variation shape എല്ലാം ചെറിയ രീതിയിൽ അബ്സ്ട്രാക്റ്റ് ചെയ്തിട്ടുള്ള എഴുത്താണു മായാനദിയുടെ. അക്ഷരങ്ങളുടെ വളഞ്ഞും പുളഞ്ഞും ഉള്ള style നദിയുടെ ഒഴുക്കിനെയും ഉള്ളിലുള്ള gradients നദിയുടെ light/shade എന്ന വിഭാഗത്തിന്റെ അബ്സ്ട്രാക്ഷനെയുമാണ് സൂചിപ്പിക്കുന്നത്. മാത്തന്റെ മരണശേഷവും, താൻ തന്റെ ലക്ഷ്യത്തിൽ എത്തി നിൽക്കുന്ന നേരത്ത് മാത്തനെ കുറിച്ചുള്ള മായാത്ത ഓർമകകളാണ് മായാനദി (പടം ഹൊറർ ആണെന്ന് ഒരു രീതിയിലും അംഗീകരിക്കുന്നില്ല).
3) തൊണ്ടിമുതലും ദൃക്‌സാക്ഷിയും (Poster & Title: Oldmonks) :
ഈ കൂട്ടത്തിൽ ഏറ്റവും രസകരമായ Title typography തൊണ്ടിമുതലിന്റേതാണ്. Title card അതിലും രസകരം, ഒറ്റ നോട്ടത്തിൽ ഇത് കാണുമ്പോൾ മുകളിൽ ഒരു curtian (ഉർവശി തീയേറ്റേഴ്സ് ബാനർ ആയത് കൊണ്ട് ആവും) അതിന്റെ താഴെ ഡീസന്റ് Font ൽ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും", എന്നാൽ അത് മാത്രം അല്ല ഈ പോസ്റ്റർ ഉദ്ദേശിക്കുന്നത്. പോത്തട്ടൻ ബ്രില്ല്യൻസ് പോലെ തന്നെ സിനിമയുടെ സന്ദർഭം ആയി വളരെ ബന്ധപ്പെട്ട ഒരു കാര്യം ഒളിഞ്ഞ് കിടപ്പുണ്ട് ഇതിൽ; തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന എഴുത്തിൽ അവിടേം ഇവിടേയുമായി ഒരു വിള്ളൽ വന്ന് അക്ഷരം ഒടിഞ്ഞു വീഴുന്നത് പോലെ ഫീൽ ഉണ്ട്, അത് സൂചിപ്പിക്കുന്നത് മനുഷ്യ വിസർജ്ജ്യം ആണ്. പിന്നെ Title Card-ലെ മുകൾ ഭാഗത്തു ഉള്ള curtian ശ്രദ്ധിച്ചാൽ അറിയാം അത് ബട്ടക് shape ആണ്. മൊത്തത്തിൽ ആ പോസ്റ്ററിന്റെ Skeleton പറയുക ആണെങ്കിൽ മനുഷ്യ വിസർജ്ജ്യം വീണ് കിടക്കുന്നതിന്റെ ഒരു Abstraction. ആദ്യ കാഴ്ചയിൽ എനിക്ക് ഇത് മനസ്സിലായില്ല പടം കണ്ടു കഴിഞ്ഞപ്പോൾ ആണ് പിടികിട്ടിയത്. ഇപ്പോഴും ഈ Title Card കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും.
4 ) പ്രേമം (Poster: Thought Station, Title: 24AM Team) :
ഞാൻ ആദ്യമായി Object ഇല്ലുസ്ട്രേഷൻ Title ശ്രദ്ധിക്കുന്നത് പ്രേമം എന്ന സിനിമയുടെതാണ്, കാരണം Title design രംഗത്ത് ഒരുപാട് മാറ്റം കൊണ്ടുവന്നതും, ചർച്ച ചെയ്യപ്പെട്ടതും ആയ Design ആണ് പ്രേമത്തിന്റേത്, പടത്തിൽ ചിത്രശലഭവും ഒരു കഥാപാത്രം ആണ്. ഒരു പൂവിൽ ഓരോ കാലഘട്ടത്തിലും വന്ന് തേൻ ഇറക്കുന്ന ചിത്രശലഭങ്ങളുമായ് ബന്ധപ്പെടുത്തിയാണ് ജോർജ് എന്ന വ്യക്തിയുടെ മൂന്ന് കാലഘട്ടവും പ്രണയവും ചിത്രീകരിചിരിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ Illustrational Typography ആണ് പ്രേമം എന്ന ടൈറ്റിൽ. ഇതിന്റെ ടൈറ്റിലിനെ കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നു "title കൊള്ളാം, പക്ഷെ പ്രേമം എന്ന് വായിക്കില്ല" , "title ഇല്ലാത്ത പടമോ?, " പ്രേമം എന്ന് വായിച്ചെടുക്കുമ്പോൾ ആയുസ്സ് തീരും" എന്നൊക്കെ. ഒന്ന് ചിന്തിച്ച് നോക്കു ഒരു സിനിമയിൽ, അതിന്റെ തിരക്കഥയിലെ സന്ദർഭങ്ങളിൽ ചെറിയ ചെറിയ കാര്യങ്ങളിൽ നല്ല രീതിയിൽ ശ്രദ്ധ കൊടുത്തു ഡീറ്റയിൽ ചെയ്തു ആ ഡീറ്റയിലിങ്ങിൽ ആരും ശ്രദ്ധിക്കാത്ത ഒരു വഴിയിൽ ഒളിപ്പിച്ചു വെക്കുന്നു, പടത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ കാഴ്ചയിൽ തികച്ചും സ്പൂൺ ഫീഡിങ് ഒഴിവാക്കി ആ കാര്യം നമ്മൾ മനസ്സിലാക്കിയെടുക്കുമ്പോളാണ് അതൊരു ബ്രില്ല്യൻസായി കാണുന്നത്.
അതേ രീതി തന്നെയാണ് ഇവിടെ title ലും ഉപയോഗിച്ചത്. ഫേസ്ബുക്കിൽ ഈ പോസ്റ്റർ കാണുമ്പോൾ കിട്ടുന്ന അട്രാക്ഷനിൽ പേര് വായിക്കാൻ ബുദ്ധിമുട്ടുമ്പോഴും നമ്മൾ ഫേസ്ബുക്ക് പോസ്റ്റിന്റെ മുകളിലെ കാപ്ഷൻ നോക്കും, "Revealing Premam Movie Title" എന്ന്. അപ്പോൾ നമുക്ക് അറിയാം, അത് പ്രേമം എന്ന് എഴുതിയത് ആണെന്ന് (what we know and what we see), പക്ഷെ നമ്മൾ കാണുന്നത് ഒരു ചിത്രശലഭത്തെ, അപ്പോൾ അതിന്റെ ഉള്ളിൽ പ്രേമം എന്ന് എഴുതിയ രീതി നമ്മൾ ശ്രദ്ധിക്കും. ആ ശ്രദ്ധയിൽ വളരെ മികച്ച ഒരു ഡിസൈൻ അല്ലെങ്കിൽ കിടിലൻ എന്നൊക്കെ അഭിപ്രായം ഉരുവപ്പെടും. Title ആയാൽ കണ്ടു വായിക്കൽ അല്ലാതെ അറിഞ്ഞു വായിക്കുന്ന രീതി ഉണ്ട്. അതാണ് ശെരിക്കും Typography ആസ്വദിക്കേണ്ട രീതി. ഇന്നും ഈ ടൈറ്റിൽ, one of the Best Title design ആയി അവശേഷിക്കുന്നു. ഇത്ര മികച്ച അഭിപ്രായമുണ്ടായ Title design മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.