കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്താധ്യാപകനല്ല ആർ. എൽ. വി. രാമകൃഷ്ണൻ

ഡോ. മേഘാ ജോബി
കേരള കലാമണ്ഡലം മറന്നുപോയ അവിടുത്തെ ആദ്യത്തെ  ഭരതനാട്യ അധ്യാപകൻ: 
കേരള കലാമണ്ഡലത്തിലെ ആദ്യത്തെ ഭരതനാട്യ ആചാര്യൻ അഭിനയശിരോമണി തഞ്ചാവൂർ രാജരത്നം പിള്ളയാണ്. ആദ്യത്തെ ബാച്ചിൻ്റെ അരങ്ങേറ്റം നടത്തിയ ശേഷം അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും പിരിഞ്ഞു പോന്നു. എന്നാൽ കലാമണ്ഡലത്തിൽ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിനും നിർബന്ധത്തിനുമൊടുവിൽ അദ്ദേഹം അവിടെ അടുത്ത് തന്നെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ലളിതകലാ സദനം എന്ന പേരിൽ ഭരതനാട്യം അഭ്യസിപ്പിക്കാനുള്ള  കേന്ദ്രം ആരംഭിച്ചു.  

കലാമണ്ഡലത്തിലെ വിദ്യാർത്ഥികളായിരുന്ന  പെരുമ്പാവൂർ സ്വദേശി സുമതിയും (കലാമണ്ഡലം സുമതി ടീച്ചർ), മോഹന തുളസി (കലാമണ്ഡലം മോഹന തുളസി ടീച്ചർ) തുടങ്ങി ധാരാളം പേർ ഗുരുവിൻ്റെ  അടുത്ത് ഭരതനാട്യ പരിശീലനം തുടർന്നു. നാട്യരംഗത്തേക്ക്  പ്രത്യേകിച്ച് ഭരതനാട്യ രംഗത്തേയ്ക്ക്  നാട്യകല - സിദ്ധാന്തവും പ്രയോഗവും, നാട്യകല-അഭിനയപാഠം , ശൃംഗാര ലഹരി, താളം-നട്ടുവം തുടങ്ങി 4 പുസ്തകങ്ങളും യുഗാന്തരങ്ങൾ എന്ന ആത്മകഥയും തഞ്ചാവൂർ തനിമയിലുടലെടുത്ത ഭരതനാട്യത്തിൻ്റെ   വ്യായാമ മുറകളുടെയും, അടവുകൾ-മുദ്രകൾ-അഭിനയം-നൃത്ത നാട്യയിനങ്ങൾ എന്നിവയുടെയും ദൃശ്യഭാഷ്യവും  സംഭാവന ചെയ്ത റിട്ടയേഡ് സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ ശ്രീ പി.ജി. ജനാർദ്ദനൻ മാസ്റ്ററുടെ ഗുരുവും തഞ്ചാവൂർ രാജരത്നം പിള്ളയായിരുന്നു. ജനാർദ്ദനൻ മാസ്റ്ററും ലളിതകലാ സദനത്തിത്തിൽ നിന്നുതന്നെയാണ്  ഗുരുവിൽ നിന്നും ഭരതനാട്യം അഭ്യസിച്ചിരുന്നത്.   

എന്നാൽ കേരള കലാമണ്ഡലം ഭരണസമിതിയംഗങ്ങൾ തഞ്ചാവൂർ രാജത്‌നം പിള്ളയെ ഫോക്ക് ഡാൻസ് മാത്രം പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ എന്ന നിലയിലാണ് കലാമണ്ഡലത്തിൻ്റെ ചരിത്രം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ പി.ജി. ജനാർദ്ദനൻ മാസ്സ്റ്റർ തൻ്റെ നാട്യകല- സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിൽ വളരെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഭരതനാട്യത്തിന് പുറമേ മണിപ്പൂരിയും കിഴക്കൻ ഭാരത പ്രവിശ്യകളിലെയും ദക്ഷിണ ഭാരതത്തിലെയും പതിനഞ്ചിലധികം നാടോടി നൃത്തങ്ങളിലും വളരെ പരിജ്ഞാനം നേടിയ ആചാര്യനായിരുന്നു തഞ്ചാവൂർ രാജരത്നം പിള്ള എന്നത്  ശരിയാണ്, ശ്രദ്ധേയമാണ്.  എന്നാൽ കലാമണ്ഡലത്തിൽ അദ്ദേഹം മൂന്ന് കൊല്ലത്തോളം പഠിപ്പിച്ചതും അരങ്ങേറ്റം നടത്തിക്കൊടുത്തതും ഭരതനാട്യമാണ്.  


കലാമണ്ഡലത്തിൽ പിന്നീട് പഠിപ്പിക്കാനെത്തിയ ഏ.ആർ. ആർ. ഭാസ്ക്കർ എന്ന അധ്യാപകൻ  ലളിത കലാസദനത്തിൽ  വന്ന്  ഗുരു രാജരത്നo പിള്ളയിൽ നിന്നും ഭരതനാട്യം പ്രത്യേകിച്ചും   അടവുകളിലെ ശുദ്ധത,  പദം, വർണ്ണം, തില്ലാന പോലുള്ള ഇനങ്ങൾ വളരെയധികം പഠിച്ചു പോയിരുന്നതിന് ജനാർദ്ദനൻ മാഷും  അന്നവിടെ ഉണ്ടായിരുന്ന  മറ്റ് വിദ്യാർത്ഥികളും സാക്ഷികളാണ്.    ഭാസ്കർ  റാവു എന്ന അധ്യാപകൻ കലാമണ്ഡലത്തിൽ  വന്നതിന് ശേഷം അദ്ദേഹത്തിൻ്റെയും ഗുരുവായി തീർന്ന  അഭിനയശിരോമണി  തഞ്ചാവൂർ രാജരത്നം പിള്ളയെ   കലാമണ്ഡലത്തിലെ പില്ക്കാല വിദ്യാർത്ഥികൾ അറിയാതെ പോയത്  കലാമണ്ഡലത്തിൻ്റെ അക്കാലത്തെയും തുടർന്നുള്ള കാലങ്ങളിലെയും ഭരണകർത്താക്കൾ ഈ ചരിത്ര സത്യം മൂടിവെച്ചതിനാലാണ്.  ഇപ്പോൾ  ഭാസ്ക്കർ റാവു മാസ്റ്റർ  കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  ഓർമ്മയിലേക്ക് മാത്രം  ഒതുക്കപ്പെടുന്നതുപോലെ  അന്ന് രാജരത്നം മാസ്റ്ററേയും അദ്ദേഹത്തിൻ്റെ സംഭാവനകളേയും ഒരു കൂട്ടം ആളുകൾ ഒതുക്കി മറച്ചുവച്ചു. 

എന്നാൽ സത്യമെന്ന  സൂര്യനെ എല്ലാക്കാലത്തും ഒതുക്കി മറച്ചു വക്കാനാവില്ല. സമകാലിക-നവമാധ്യമങ്ങൾ ക്യാപ്ഷനുകളിട്ട് വാർത്തകൾ തട്ടിക്കൂട്ടുമ്പോൾ  ഇടയ്ക്കെങ്കിലും ചരിത്രം പഠിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും.
രാജരത്‌നം മാസ്റ്റർ ഒന്നുരണ്ട് വർഷക്കാലം കലാമണ്ഡലം സുമതി ടീച്ചറുടെ വീട്ടിൽ താമസിച്ച് താഞ്ചാവൂരിൽ ഉദ്ഭവിച്ച ഭരതനാട്യത്തിൻ്റെ പാഠങ്ങൾ പകർന്നു നല്ലിയിട്ടുണ്ട്. ആ മഹാഗുരുവിൻ്റെ മരണം വരെ എൻ്റെ ഗുരുനാഥൻ ജനാർദ്ദനൻ മാസ്റ്റർ അദ്ദേഹവു മായുള്ള ഗുരുശിഷ്യബന്ധം തുടർന്നു പോന്നിരുന്നു. ജനാർദ്ദനൻ മാഷിൻ്റെ വാടാനപ്പള്ളിയിലെ വീട്ടിലും ഗുരു ഇടയ്ക്ക് വന്ന് താമസിക്കുമായിരുന്നു. ഇപ്പോഴും ഗുരുവിനെ സ്മരിക്കാത്ത ഒരു ദിനം പോലും ജനാർദ്ദനൻ മാഷിനില്ല.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click