പി രാജീവ് കാപട്യമില്ലാത്ത രാഷ്ട്രീയകാരൻ

ഗുലാം നബി ആസാദ്, മായാവതി, അരുൺ ജെയ്റ്റ്ലി എന്നിവർ ഒരേ സ്വരത്തിൽ ശ്രീ പി രാജീവ് രാജ്യസഭയിൽ തുടരണമെന്ന് ആവശ്യപെട്ടപ്പോൾ തന്നെ ശ്രീ രാജീവിന്റെ വ്യക്തിത്വം രാജ്യമാകെ ബോധ്യപ്പെട്ടു കഴിഞ്ഞതാണ്. പി രാജീവ് കലകളോടും കലാകാരന്മാരോടും ആദരവും ഏറെ ബഹുമാനവുമുള്ള ഒരു വ്യക്‌തി കൂടിയാണ്. നാം നിരന്തരം കണ്ടുമുട്ടുന്ന കരിയറിസ്റ്റുകളായ കാപട്യം നിറഞ്ഞ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിഭിന്നൻ, കലാപ്രയോഗങ്ങളെ കുറിച്ച് ചരിത്രപരവും, സൗന്ദര്യശാസ്ത്രപരവും, സൈദ്ധ്ന്തികവുമായ ധാരണകളുള്ള പി. രാജീവ് പാർലിമെന്റിൽ എത്തിയാൽ, അത് കലാ സാഹിത്യ സാംസ്കാരിക മേഖലകളുടെ പ്രാതിനിധ്യം കൂടിയാകും. കലയുടെ കാര്യത്തിൽ മാത്രമല്ല സഹജീവികളായ ദളിത്‌, ട്രാസ്‌ജെന്റർ സമൂഹങ്ങളെ സമഭാവനയോടെ ചേർത്ത് നിർത്തുന്നതിനുള്ള രാജീവിന്റെ നിലപാട് എനിക്ക് നേരിട്ടറിയാവുന്ന സന്ദർഭങ്ങൾ നിരവധി, രാജീവ്‌ ജയിച്ചു വന്നാൽ പതിതരായ അവരുടെ നേർത്ത ശബ്ദവും പാർലിമെന്റിൽ മുഴങ്ങും. ചിത്രപ്രദര്ശനങ്ങളിൽ ചിത്രങ്ങൾക്ക് മുന്നിൽ എത്തുന്ന രാഷ്ട്രീയക്കാർ ചിത്രങ്ങളുടെ അർത്ഥം തിരക്കുകയാണ് സാധാരണ പതിവ്, എന്നാൽ രാജീവ്‌, ചിത്രങ്ങൾ മനസ്സിരുത്തി കാണുകയും ചിത്രകാരനുമായി ആശയ സംവാദത്തിനു തയ്യാറാക്കുന്നതും എന്റെ നേരനുഭവം. ചിത്രകലാക്യാമ്പുകളിൽ കലാകാരന്മാരോടൊപ്പം അദ്ദേഹം ദിവസങ്ങൾ ചിലവിട്ടതും ആശയവിനിമയങ്ങൾ നടന്നതും എന്റെ ഓർമകളിലുണ്ട്. പുസ്തകങ്ങൾ ഡ്രോയിങ് റൂമിൽ "പ്രദർശിപ്പിക്കുന്ന" രാഷ്ട്രീയക്കാർ നിരവധി, സ്വന്തം ഭിത്തിയിൽ ഒരു ചിത്രമുള്ളവർ വിരളം. രാജീവിന് ആഴമേറിയ വായനയും അദ്ദേഹത്തിന്റെ ഭിത്തിയിൽ ചിത്രങ്ങളുണ്ട്. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയവർക്കു ശേഷമുള്ള മാർക്സിസ്റ്റു ധാരണകളെയും നൂതനമായ ചിന്താപദ്ധതികളേയും അടുത്തറിഞ്ഞു ധീഷണയുടെ തെളിമ വർധിപ്പിച്ചിട്ടുള്ള രാഷ്ട്രീയക്കാർ രാജീവിനെപ്പോലെ വിരളം. പുതിയ ചിന്താധാരകളെ അടുത്തറിയുന്നവരുടെ രാഷ്ട്രീയബോധവും, രാഷ്ട്രീയപ്രയോഗങ്ങളും നൂതനവും പ്രത്യാശാഭരിതമായ ഭാവനകളും കൊണ്ട് നിറഞ്ഞതായിരിക്കും, അതുകൊണ്ടാണ് പാർലിമെന്ററി പ്രവർത്തനങ്ങളിലും, സംഘടനപ്രവർത്തനങ്ങളിലും വൈവിധ്യമായ പ്രയോഗസാധ്യതകളുടെ വാതായനങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നിടുവാൻ രാജീവിന് കഴിഞ്ഞത്. കാലം കരുവാളിച്ചു നിന്ന നാളുകളിൽ പീഡനപർവങ്ങളെ തല ഉയർത്തി ചങ്കുറപ്പോടെ നേരിട്ട പോരാളിയയുടെ ആത്മബലമാണ്, ഉറച്ച കാൽവെപ്പുകളോടെ സമൂഹത്തെ, മുന്നിൽ നിന്ന്‌ നയിക്കാൻ രാജീവിനെ പ്രാപ്തനാക്കുന്നത്. പ്രത്യയശാസ്ത്ര ധാരണകൾ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും അന്യവൽക്കരിക്കാത്ത ഉത്തമ കമ്മ്യുണിസ്റ്റ് ആയത്കൊണ്ടാണ് വിഭാഗീയതയുടെ അഴുക്കു ചാലിൽ ആണ്ടു പോയ എറണാകുളംത്തെപാർട്ടിയെ , കമ്മ്യുണിസ്റ്റ് പ്രസ്ഥാനമായി വീണ്ടെടുക്കുന്നതിന്, ശ്രീ സി. എൻ മോഹനൻ തുടങ്ങിയ കമ്മ്യൂണിസ്റ്റുകളോടൊപ്പം നിന്ന് നേതൃത്വപരമായ പങ്കു നിർവഹിക്കുവാൻ രാജീവിന് കഴിഞ്ഞത്. അശാന്തൻ എന്ന ദളിത്‌ കലാകാരന്റെ മൃതദേഹത്തെ അപമാനിച്ചവർക്ക് നേരെ ഉയർന്ന രാജീവിന്റെ രൂക്ഷ വിമർശനം ഇന്നും കലാ സമൂഹം നന്ദി യോടെ സ്മരിക്കുന്നു. ഞാൻ ലളിതകലാ അക്കാദമിയുടെ സെക്രട്ടറി ആയിരുന്ന കാലം 2006-2011, എറണാകുളം ദർബാർ ഹാളിനോട് ചേർന്നുള്ള കെയർ എന്ന ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുവാൻ പണത്തിനായി വിഷമിക്കുന്ന നാളുകൾ, പതിനഞ്ചു ലക്ഷം രൂപയുണ്ടെങ്കിൽ പണി പൂർത്തിയാകും, ഗതികേട് കൊണ്ട് എം പി ഫണ്ട് ലഭിക്കുമോയെന്നുള്ള അന്ന്വേഷണം തുടങ്ങി. അക്കാലയളവിൽ എറണാകുളത്തു നിന്നും രാജ്യസഭാ - ലോകസഭാ പ്രതിനിധി കളായി മൂന്നു പേർ എം പി മാരായി വന്നുപോയി. ഫണ്ടിനായ് രണ്ടു ലോകസഭാംഗങ്ങളെയും, ഒരു രാജ്യസഭാംഗത്തിനെയും ഞാൻ സമീപിച്ചിരുന്നു ഫലമുണ്ടായില്ല. എന്റെ ശല്ല്യം തുടർന്നപ്പോൾ Ldf എം പി മാർ പാർട്ടി വഴി സമീപിക്കാൻ സൗമ്യമായി നിർദ്ദേശിച്ചു കൊണ്ട് എന്നെ ഒഴിവാക്കി. . പാർട്ടിയെ സമീപിച്ചു, എന്നാൽ അന്ന് പാർട്ടിയിൽ വിഭാഗീയതയുടെ ഭ്രാന്തു മൂർച്ഛിച്ച നാളുകളായിരുന്നു, ഗ്രൂപ്പ്‌ പരിഗണനകൾ മാത്രമായിരുന്നു എറണാകുളത്ത്‌ അന്ന് മാനദണ്ഡം. മെറിറ്റിനായിരുന്നില്ല. "ഇപ്പ ശരിയാക്കിത്തരാം" എന്ന കുതിരവട്ടം പപ്പു ശൈലിയിലുള്ള മറുപടിയായിരുന്നു കോൺഗ്രസ്‌ എം. പിയുടേത്. അങ്ങനെയിരിക്കെ ഒരു പത്രവാർത്ത. "പി രാജീവ്‌ രജ്യസഭ യിലേക്ക് " രാവിലെ വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെതന്നെ ഞാൻ ശ്രീ രാജീവിനെ ഫോണിൽ വിളിച്ചു. എം . പി ആയാൽ ലളിത കലാ അക്കാദമിക്ക് 15 ലക്ഷം രൂപ തരണം. കാര്യങ്ങൾ ഫോണിലൂടെ ഞാൻ വിശദീകരിച്ചു. " നമുക്കു നോക്കാം " രാജീവിന്റെ മറുപടി. താമസിയാതെ രാജീവ്‌ രാജ്യസഭാംഗമായി. നാളുകൾക്കു ശേഷം പത്രങ്ങളിൽ വാർത്ത. " ലളിത കലാ അക്കാദമിക്ക് ബുക്ക്‌ ഗ്യാലറി പണിതു നൽകും, പി രാജീവ്‌ " രാജീവ് വാക്കു പാലിച്ചു. ബുക്ക്‌ ഗ്യാലറി യുടെ പണി നിർമ്മിതി ഏറ്റെടുത്തു. പിന്നീട് ദർബാർ ഹാളിൽ സംസ്ഥാന അവാർഡ് സമർപ്പണത്തിന്റെ സന്ദർഭം പി രാജീവ്‌ എം പി, ചിഫ് ഗസ്റ്റ്‌. ബുക്ക്‌ ഗാല്ലറിക്ക്‌ പണം നൽകിയതിന് ഞാൻ സ്വാഗത പ്രസംഗത്തിനിടെ രാജീവിനു നന്ദി പറഞ്ഞത്കൊണ്ട് ഒരു വിഷയം ശ്രദ്ധയിൽ പെടുത്തി, ഫണ്ട് അനുവദിക്കുന്ന MLA മാരും MP മാരും അവരവരുടെ പേരുകൾ മഞ്ഞയും കറുപ്പും നിറങ്ങളിൽ, കെട്ടിടത്തേക്കാൾ വലിപ്പത്തിൽ അക്ഷരവടിവിൽ എഴുതിനിറച്ചു വാസ്തുശില്പത്തിന്റെ ഭംഗി കെടുത്തുന്ന ആത്മരതി നിറഞ്ഞ സംസ്കാരത്തെ കുറിച്ചായിന്നു ഞാൻ പ്രസംഗമധ്യേ സൂചിപ്പിച്ചത്. ബുക്ക്‌ ഗാലറി പണി തീർന്നു, "തന്റെ പേര് ബുക്ക്‌ ഗ്യാലറി മന്ദിരത്തിൽ എഴുതരുതെന്നു " രാജീവ്‌ നിർമ്മിതി അധികാരികളോട് പറഞ്ഞു. പി രാജീവ്‌ എം. പി ആണ് പണം നൽകിയതെന്ന് അക്കാദമി, മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തി കെട്ടിടമതിലിൽ പതിച്ചു. കലാധാരണകളെ ഉറപ്പിച്ചടുത്താൽ മാത്രമേ സമൂഹത്തിന്റെ ദൃശ്യശേഷി വളരുകയുള്ളൂ എന്ന ഉൾക്കാഴ്ച രാജീവിനുണ്ടായിരുന്നു. മേൽ സൂചിപ്പിച്ച അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നത് വാക്കും പ്രവൃത്തിയും സംസ്കാരവും തത്വബോധവും ഇച്ഛാശക്തിയോടെ എങ്ങിനെ കീഴ് വഴക്കങ്ങളെ സൗമ്യമായി മറികടന്നുകൊണ്ട് ഒരു വ്യക്തിയിൽ സമ്മേളിച്ചു മുന്നോട്ടു പോകുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. എറണാകുളത്തെ പ്രതിനിധീകരിച്ചു ലോകസഭയിൽ എത്തേണ്ടത് വാക്ക് പാലിക്കുന്ന, വ്യക്തിശുദ്ധിയും സഹജീവികളോട് കാരുണ്യമുള്ള സർവോപരി കലാബോധവും, വിഷ്വൽ സെൻസിബിലിറ്റിയുമുള്ള പി. രാജീവ്‌ തന്നെയാകണം. സാംസ്‌കാരിക പ്രവർത്തകരും, കലാകാരൻമാരും പി. രാജീവിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം സത്യപാൽ


2 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

bahuleyan2019-05-18 08:28:37
Best sir...
Valsala2019-05-18 08:28:32
Very very true



Need another security code? click