നാടക ജഡ്ജിങ് പാനൽ വിവാദമുക്തമാക്കുക

നാടകം എന്ന കലയോട് അത് അർഹിക്കുന്ന ബഹുമാനവും ഇടപെടലുകളിൽ ആവശ്യമായ ഗൗരവവും  സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്. ഇപ്പോൾ അടിയന്തരമായി ശ്രദ്ധയിൽ പെടുത്താനുള്ള ഒരു കാര്യം HS ജഡ്ജസ് പാനൽ സംബന്ധിച്ചുള്ളതാണ്. നാളെ ( 07/01/2025) ന് നടക്കാനിരിക്കുന്ന ഹൈസ്കൂൾ നാടക മത്സരത്തിൽ നാടകം പഠിച്ചവരും കുട്ടികളുടെ നാടക മേഖലയെ കുറിച്ച് ബോധവും വിവരവും ഉള്ളവർ ആയിരിക്കണം എന്നതാണ് ആവശ്യം.

എപ്പോഴോ നാടകം പഠിച്ചാൽ മാത്രം പോരാ അത് നാടകത്തിൻറെ ഏതെങ്കിലും മേഖലയിൽ  പ്രാക്ടീസ് ചെയ്യുന്നവരാകണം, ഏറ്റവും ചുരുങ്ങിയത് നാടകങ്ങൾ നിരന്തരമായി കാണുന്നവരും ആ മേഖലയിൽ അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് ബോധമുള്ളവരും ആയിരിക്കണം.

ഗൗരവ നാടക മേഖലയുടെ ഭാഗമായ സ്കൂൾ നാടക മത്സരത്തിന് വിധി പറയാൻ പ്രൊഫഷണൽ നാടകം മാത്രം ചെയ്തിട്ടുള്ളവരേയും സിനിമ സീരിയൽ കാരേയും ഉൾപ്പെടുത്തുന്ന രീതി ഉണ്ടാവരുത്. അത്തരം പ്രവണതകൾ നാടകത്തിന് ഗുണകരമല്ല എന്നുമാത്രമല്ല വിപരീതമായ ഫലങ്ങൾ നിർമ്മിക്കുകയും ചെയ്യും.

സംഘാടകർ പരിപാടിക്ക് ഗുമ്മുണ്ടാകാനോ, ജനങ്ങളുടെ സിനിമാ സീരിയൽ ഭ്രമത്തെ മുതലെടുക്കാനോ ഇക്കാര്യത്തിൽ ശ്രമിക്കുന്നത് ശുദ്ധ ഫോഷ്കാണ്.  വിഷയത്തെക്കുറിച്ച്  ഒട്ടും ശ്രദ്ധയോ ആത്മാർത്ഥതയോ ഇല്ലാതെ നിസ്സാരമായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ നാടകത്തോട് തന്നെയുള്ള നിന്ദയും നിഷേധവും ആണ്. 

ഇന്നലെ നടന്ന ഹയർസെക്കൻഡറി മത്സരത്തിന്റെ ജഡ്ജസ്  പാനൽ വായിച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന എല്ലാ നാടകക്കാർക്കും തോന്നിയത് ഒരേ കാര്യമാണ്. എന്തുകൊണ്ട് ഇത്രയും നിരുത്തരവാദപരമായ ഒരു സമീപനം? നാടകക്കാർക്കുള്ള ഇത്തിരി ഇടത്തിലും അവരുടെ ഐഡന്റിറ്റിയും അർഹതയും  തട്ടിപ്പറിക്കുന്ന ഈ പ്രതിഭാസത്തിന് എന്ത് പേരാണ് പറയേണ്ടത്?

വിളിക്കുമ്പോൾ ഓസ്കാർ അവാർഡ് ആയി കണ്ടു ഓടി വരുന്ന, അർഹതയില്ലാത്ത സ്ഥലത്ത് വന്നിരിക്കുന്ന ചങ്ങാതിമാർ, നിങ്ങൾ ചെയ്യുന്നത് വലിയ ദ്രോഹം ആണെന്നും ഒരു സമൂഹത്തിനെ  ചവിട്ടിത്താഴ്ത്താൻ നിങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും അറിയാതെ പോകരുത്. അതിന് നിങ്ങളെ യോഗ്യരാക്കുന്നത് സിനിമയും സീരിയലും അത്യാവശ്യം സംഗീത നാടക അക്കാദമിയിലെ പ്രൊഫഷണൽ നാടക അവാർഡുകളും ആണെങ്കിൽ നിങ്ങൾ അറിയണം ഈ കടുത്ത രാഷ്ട്രീയ വിവേചനത്തിന് എതിരെ കൂടിയാണ് നാടകം നിലകൊള്ളുന്നത്.

യുവജനോത്സവവുമായി ബന്ധപ്പെട്ട്  നാടക മത്സരത്തെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ അക്കമിട്ട്  പറയുവാൻ ഉണ്ട്. അതൊക്കെ ഇനി സമയം പോലെ ആകാം. നാളത്തെ മത്സരത്തിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്ക് അവരെ ജഡ്ജ് ചെയ്യുന്നത് അർഹതയുള്ളവരാകട്ടെ എന്ന് ആശംസിക്കുന്നു. വേണ്ടപ്പെട്ടവർ ഇത് ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

എഴുത്ത്: ഷൈലജ ജാല
തീയേറ്റർ ഡയറക്ടർ, ഡിസൈനർ ആർട്ടിസ്റ്
ഫൗണ്ടിങ് ഡയറക്ടർ ഓഫ് ഇറ്റ്ഫോക്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click