Facebook Post of Kavitha Balakrishnan ദാദാസാഹിബ് ഫാൽക്കെ യെ അറിയാത്ത എല്ലാ രാംഗോപാൽവർമ്മമാരും അറിയാൻ:
എൻ്റെ സുഹൃത്ത് Raman VR, ഒരു കുട്ടിയുടെ ചോദ്യം അടിസ്ഥാനമാക്കി മോഹൻലാലിന് കിട്ടിയ അവാർഡിൻ്റെ പ്രാധാന്യം ആളുകൾ കൂടുതൽ ഗഹനമായി മനസ്സിലാക്കാൻ വേണ്ടി കുറിച്ചത് ഇവിടെ പങ്കുവയ്ക്കുന്നു:
ഫാൾക്കെ എന്ന വഴിവെട്ടുകാരൻ
മോഹൻലാലിന് ദാദാ സാഹിബ് ഫാൾക്കെ അവാർഡ് കിട്ടിയപ്പോഴാണ് ഈ പേര് കേരളത്തിൽ കൂടുതൽ പ്രശസ്തമായത്. അടൂർ ഗോപാലകൃഷ്ണനും 2004ൽ ഈ അവാർഡ് കിട്ടി എങ്കിലും അത് കേരളത്തിൽ ഇത്രയും ജനകീയ ചർച്ച ആയില്ല.
പറഞ്ഞുവരുമ്പോൾ കേരളവുമായി മറ്റൊരു ബന്ധമുണ്ട് ധുണ്ഡിരാജ് ഫാൾക്കെ എന്ന, ദാദാ സാഹിബ് എന്ന് വിളിക്കപ്പെട്ട, ഫാൾക്കേക്ക്. അത് വഴിയെ പറയാം.
അക്കാലം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ട ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച ഫാൾക്കെയുടെ കർമ്മഭൂമി ആദ്യം ബറോഡയും പിന്നീട് മുംബൈയും ആയിരുന്നു. ചലച്ചിത്രമേഖലയിൽ എത്തും മുമ്പ് ജെ ജെ സ്കൂൾ ഓഫ് ആർട്സ് ബോംബേ, കലാഭവൻ ബറോഡ എന്നിവിടങ്ങളിൽ നിന്ന് ചിത്രകല, വസ്ത്രകല എന്നിവ പഠിച്ച ഫാൾക്കേ ആദ്യകാലം ഫോട്ടോഗ്രാഫിയിൽ ഏറെ ആകൃഷ്ടൻ ആയി മികച്ച ക്യാമറകൾ സ്വന്തമാക്കി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു പക്ഷേ ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ അത് ഉപേക്ഷിച്ചാണ് അദ്ദേഹം ഫോട്ടോ പ്രിൻ്റിംഗിൽ എത്തിച്ചേർന്നത്. ആദ്യം കലാഭവനിൽ ഫോട്ടോ പ്രിൻ്റിംഗ് ലാബ് തുടങ്ങിയ ഫാൾക്കെ പിന്നീട് രാജാരവിവർമ്മ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യകാല ലിത്ഥോ ബ്ലോക്ക് പ്രിൻ്റിംഗ് സ്ഥാപനമായ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് പ്രസ്സിൻ്റെ നടത്തിപ്പ് ജോലി ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മരിച്ച ഒഴിവിൽ വേണമെങ്കിൽ ബറോഡ ദിവാൻ ആകാനുള്ള സാധ്യത തുറന്നുകിടപ്പുണ്ടായിരുന്നു ഫാൾക്കെയുടേ മുന്നിൽ എങ്കിലും അയാള് തിരഞ്ഞെടുത്തത് ഈ വേറിട്ട വഴിയാണ്.
ഒരുപക്ഷെ ഫാൾക്കെയുടെ ഈ തെരഞ്ഞെടുപ്പും കലാപരമായ പ്രിൻ്റിംഗ് ക്ഷമതയും ഇല്ലായിരുന്നു എങ്കിൽ രാജാ രവിവർമ്മ കലാലോകത്ത് രാജാവ് തന്നെ ആയിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ഇത്രമാത്രം എത്തുമായിരുന്നോ എന്നത് സംശയകരമാണ്. രാജാ രവിവർമ്മ, (അതുപോലെ ചുരുക്കം വേറെ ചില കലാകാരൻമാരും) മോഡലുകളെ മുന്നിൽ ഇരുത്തി സൃഷ്ടിച്ച പല ദേവീ ദേവതാ രൂപങ്ങൾ, സുന്ദരചിത്രങ്ങൾ എന്നിവയാണ് ഫാൾക്കെ നടത്തിയിരുന്ന ഇന്ത്യയിലെ ആദ്യത്തെ ലിത്ഥോഗ്രാഫിക്ക് ത്രീ കളർ പ്രിൻ്റിംഗ് പ്രസ്സ് ആയ ലക്ഷ്മി പ്രസ്സിൽ വലിയ തോതിൽ അച്ചടിക്കപ്പെട്ട് ജനിച്ചത്, പിന്നീട് ഇന്ത്യയൊട്ടാകെ ദൈവങ്ങളായി, സുന്ദരരൂപങ്ങളായി നമ്മുടെ പൂജാമുറികളെ, മറ്റിടങ്ങളെ ഒക്കെ അലങ്കരിച്ചത്. ഈ അർത്ഥത്തിൽ നമ്മുടെ മിക്കവാറും ദേവീദേവന്മാരുടെ ഇന്ന് നാം സങ്കൽപിക്കുന്ന സ്വരൂപങ്ങളുടെ അച്ഛനമ്മമാർ രവിവർമ്മയും ഫാൾക്കെയും ആണ്.
ആദ്യകാലം ബോംബെ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് (ബ്ലോക്ക്) പ്രസ്സ് നടത്തിപ്പുകാരൻ ആയിരുന്ന ഫാൽക്കെ പിന്നീടാണ് ലക്ഷ്മി പ്രസ്സ് തുടങ്ങിയത്. ഈ സ്ഥാപനവും പ്രധാനമായി അച്ചടിച്ചത് രവിവർമ്മച്ചിത്രങ്ങളുടെ ഭക്തിഭാവമോ രതിഭാവമോ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ ഫോട്ടോകൾ തന്നെ.
പിന്നീട് അയാള് ആദ്യകാല നിശ്ചല സിനിമകൾക്ക് വസ്ത്രവിധാനം, രംഗപടം, മേക്കപ്പ്, ഫോട്ടോഗ്രാഫി ഒക്കെ ചെയ്തു. കൂട്ടത്തിൽ മാജിക്കും പഠിച്ചു അയാൾ.
ചലിക്കുന്ന ചിത്രങ്ങൾ എന്ന ഭാവന ഒരു പക്ഷെ ഫാൾക്കെയുടെ മനസ്സിൽ ഉദിച്ചതും ഫോട്ടോഗ്രഫിയിലും ലിത്ഥോഗ്രാഫിയിലും തുടങ്ങി പിന്നീട് സിനിമാലോകത്തേക്ക് നടന്ന ഈ വഴിത്താരയിൽ നിന്നാകണം. അതിനെ പിന്നീട് വളർത്തി മൂർത്തമായ ആശയമാക്കിയത് അയാളുടെ പുതിയ പുതിയ ടെക്നോളജികൾ അന്വേഷിച്ചുള്ള യൂറോപ്യൻ യാത്രകളും. അക്കാലം ബോംബെയിലെ അമേരിക്ക ഇന്ത്യ പിക്ചർ ഹൗസിൽ വിദേശ സിനിമകൾ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെ 1907ൽ കണ്ട Amazing Animals എന്ന സിനിമയും, പിന്നീട് കുടുംബത്തോടൊപ്പം ഈ സിനിമ വീണ്ടും കാണാൻ പോയപ്പോൾ ഈസ്റ്റർ നാൾ ആകയാൽ The Life of Christ എന്ന ഫ്രഞ്ച് സിനിമയാണ് കളിച്ചത്, അതും കണ്ടു. ഈ സിനിമയാണ് ഹരിശ്ചന്ദ്രൻ, രാമൻ, കൃഷ്ണൻ, തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ സിനിമാ മാധ്യമത്തിലൂടെ സ്ക്രീനിൽ എത്തിക്കാൻ അയാളെ പ്രചോദിപ്പിച്ചത്. പിന്നീട് രണ്ടു കണ്ണിൻ്റെയും കാഴ്ച നന്നായി കുറയുന്ന തരത്തിൽ ഉറക്കം പോലും ഇല്ലാതെ സിനിമകൾ കണ്ടുകൊണ്ടിരുന്നു അദ്ദേഹം.
പ്രിൻ്റിംഗ് പ്രസ്സ് ഉപേക്ഷിച്ച ശേഷം പണമില്ലാത്ത അവസ്ഥയിൽ, ആർക്കും ഫിനാൻസ് ചെയ്യാൻ വിശ്വാസം ഇല്ലാത്ത സ്ഥിതിയിൽ, തൻ്റെ ഇന്ഷുറൻസ് പോളിസികൾ പണയം വെച്ച് കടമെടുത്താണ് അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിൽ പോയി മൂവി ക്യാമറ, ഫിലിം ഒക്കെ കണ്ട് സിനിമാ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളും പിന്നണി സംവിധാനങ്ങളും ഒക്കെ മനസ്സിലാക്കുന്നത്. ശേഷം ക്യാമറ, ഫിലിം റോള് ഒക്കെ വാങ്ങി, ഫിലിം പെർഫോറേഷൻ ടെക്നോളജി പഠിച്ച്, കുടുംബക്കാരെ പഠിപ്പിച്ച്, ഫാൾക്കെ ഫിലിം കമ്പനി തുടങ്ങുന്നു. നാല് നാൽ കൊണ്ടാണ് ദാദറിലെ സ്റ്റുഡിയോ സെറ്റപ്പ് വരച്ച് സ്റ്റുഡിയോ സജ്ജീകരിച്ചത്.
ആദ്യം ഒരു വിത്തിൽനിന്ന് ചെടി പിറന്നുവളരുന്ന ഒരു ലഘു ചിത്രമാണ് ഇവിടെ ഉണ്ടാക്കിയത്. 1913ൽ രാജാ ഹരിശ്ചന്ദ്ര എന്ന ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന സിനിമ അഥവാ മൂവി പിറക്കുന്നതും പിന്നീട് ഇന്ത്യൻ സിനിമയുടെ ആണിക്കല്ലായി അദ്ദേഹം മാറുന്നതും ഇങ്ങനെയുള്ള അന്വേഷണ ശേഷിയുടെ ഭാഗമായാണ്. പുരാണകഥകൾ ആസ്പദമാക്കി അയാള് പിന്നെയും കുറെ സിനിമകൾ സൃഷ്ടിച്ചു, ശബ്ദചിത്രങ്ങൾ അടക്കം പുതിയ സിനിമാ ടെക്ക്‌നോളജികൾ അവതരിപ്പിച്ചു.
1922ൽ സിനിമയിൽ നിന്ന് റിട്ടയർ ചെയ്യാൻ തീരുമാനിച്ച് കുടുംബസമേതം കാശിയാത്രക്ക് തിരിച്ച ഫാൾക്കെ പക്ഷെ തിരിച്ച് വരികയും തൻ്റെ കമ്പനിയെ രത്തൻജി ടാറ്റ, ബാലഗംഗാധര തിലകൻ എന്നിവരുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ ഫിലിംസ് ലിമിറ്റഡ് എന്ന വലിയ കമ്പനി ആയി വളർത്തി അതിലെ വർക്കിംഗ് പാർട്ണർ ആവുകയും ചെയ്തു. പലതരം ഉയർച്ച താഴ്ചകളെ തരണം ചെയ്ത് ആ ജീവിതം ഇന്ത്യൻ സിനിമയിൽ ഒരുപാട് ചരിത്രങ്ങൾ രചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.