കുട്ടികൾ കലകൾ അറിഞ്ഞു വളരട്ടെ

അഭിമാനം.. സന്തോഷം.....

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൊതുവിദ്യാലയങ്ങളില്‍ ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ ഉള്‍പ്പെടെ അഞ്ചുമേഖലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് ഒരു പാഠപുസ്തകം കുട്ടികളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീളുന്ന കലാദ്ധ്യാപകരുടെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. 5,7,9 ക്ലാസുകളിലാണ് ഈ വര്‍ഷം പുസ്തകമെത്തിയത്. 6,8,10 ക്ലാസുകളിലും അടുത്ത വര്‍ഷം പുസ്തകമെത്തും. 

എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്.  പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായ പാഠപുസ്തകരചനാസമിതിയില്‍ ഒരംഗമായി എന്നെ ഉള്‍പ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസവകുപ്പിനോടും, എസ്.സി.ഇ.ആര്‍.ടി യോടും, വിശിഷ്യാ റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറിനോടും എന്റെ സുഹൃത്തുക്കളായ, ഊര്‍ജസ്വലരായ കലാദ്ധ്യാപകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കട്ടെ...

തിക്താനുഭവങ്ങള്‍ മാത്രം നിറഞ്ഞ 12 വര്‍ഷത്തെ എളിയ അദ്ധ്യാപനജീവിതത്തില്‍ ഇന്ന് ആദ്യമായി ക്ലാസില്‍ പുസ്തകത്തോടൊപ്പം കുട്ടികളെ കലാകാശങ്ങളിൽ സഞ്ചരിപ്പിക്കാനായതില്‍ ഏറെ സന്തോഷം.. 

മുന്‍പുളള പാഠപുസ്തകസമിതിയിലും അംഗമായിരുന്നെങ്കിലും അന്നത്തെ പുസ്തകങ്ങള്‍ ഒന്നും തന്നെ വെളിച്ചം കണ്ടിരുന്നില്ല. എന്നാല്‍ അത് ആവര്‍ത്തിക്കരുതെന്നുള്ള ഉറച്ച തീരുമാനത്തോടെ തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ സിലബസ് ഗ്രിഡ് ഉള്‍പ്പെടെ സമഗ്രമേഖലകളും അഴിച്ചുപണിതുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച ഒരു കൂട്ടം ചെറുപ്പക്കാരായ കലാധ്യാപകരും വിഷയവിദഗ്ധരും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറും എസ്.സി.ആര്‍.ടിയും ഈ പുസ്തകപ്പിറവിക്കു നല്‍കിയ പ്രചോദനം ചെറുതല്ല. 

ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പുസ്തകരചന നടന്നത്. സ്‌കൂളുകളില്‍ കല പഠിക്കേണ്ടതില്ല എന്നും കലാദ്ധ്യാപകര്‍ എന്നും ഇകഴ്ത്തപ്പെടേണ്ടവരും തഴയപ്പെടേണ്ടവരുമാണെന്ന ചില വികലമനസ്‌കരുടെയും അരസികവാദികളുടെയും മുനകളാണ് ഇതോടെ ഒടിയുന്നത്. രചന പൂര്‍ത്തിയായിട്ടും പുസ്തകം ഇറങ്ങില്ല എന്നു തന്നെ പല അദ്ധ്യാപകരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആയതിന് വിരാമമിട്ട് 2024 ജൂണ്‍ മാസം കേരളത്തിലെ നാലരലക്ഷം വരുന്ന വിദ്യാര്‍ത്ഥികളിലേക്ക് പുസ്തകമെത്തി...

ഇനി കുട്ടികളിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങട്ടെ...

നന്ദി.....
അഭിമാനം....
ഒരു കലാദ്ധ്യാപകനെന്ന നിലയില്‍...

- പി.എസ്. അജിത്.*




ഇത് അഭിമാനകരം... !

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ചിത്ര-ശില്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ച് കലാമേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് പാഠപുസ്തകം നിലവിൽ വന്നിരിക്കുന്നു...!

കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്കരണം നടന്നുവരികയാണ്. ഒന്നാം ഘട്ട പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കഴിഞ്ഞു.

ജ്ഞാനസമൂഹനിർമ്മിതിയിലധിഷ്ഠിതമായ നവകേരളത്തെ വിഭാവനം ചെയ്യുന്നതിൽ വിദ്യാഭ്യാസരംഗത്തെ സമഗ്രപുരോഗതി അത്യന്താപേക്ഷിതമാണ്.  ദീർഘകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും നടത്തിയാണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് എത്തിച്ചേർന്നത്. ശിശുകേന്ദ്രീകൃത സമീപനവും സാമൂഹിക ജ്ഞാനനിർമിതിവാദത്തെ മുൻനിർത്തിയുള്ള ദാർശനികതലവും ഏറ്റവും ഫലപ്രദമായി വിളക്കിച്ചേർത്തുകൊണ്ട് നിർമിക്കപ്പെട്ട പാഠപുസ്തകങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ, കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട കാലത്തെ ആവശ്യവും ആവശ്യകതയും ആയിരുന്ന കലാവിദ്യാഭ്യാസ പാഠപുസ്തകം യാഥാർത്ഥ്യമാവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നോളം കലാവിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയോ നിലപാട് രേഖയോ പാഠപുസ്തകമോ ഉണ്ടായിരുന്നില്ല. എന്നാൽ അതിൽ നിന്നും വിഭിന്നമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്ന രീതിയിൽ അവരുടെ കൈകളിലേക്ക് കലാവിദ്യാഭ്യാസ പാഠപുസ്തകം എത്തുകയാണ്. തീർത്തും ശിശുകേന്ദ്രീകൃത സമീപനത്തിൽ ഉറച്ചുനിന്നുകൊണ്ട് തയ്യാറാക്കിയ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങളിലെ പുതുമ അതിന്റെ കവർ ചിത്രം മുതൽ തന്നെ ആരംഭിക്കുന്നു. പ്രശസ്ത കലാകാരരായ  Reji Kp Ratheesh T എന്നിവരുടെ പെയ്ന്റിംഗുകളാണ് 7,9 ക്ലാസുകളിലെ കവർചിത്രമായി കൊടുത്തിരിക്കുന്നത്. അഞ്ചാംക്ലാസിന്റെ കവർചിത്രം ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വടക്കാഞ്ചേരിയിലെ കുട്ടികളാണ് വരച്ചിരിക്കുന്നത് എന്നതിനാൽ തന്നെ സവിശേഷത പുലർത്തുന്നു.
കുട്ടികളുടെ സർഗവാസനകളെയും കലാവബോധത്തെയും സാമൂഹിക-സാംസ്കാരിക ബോധത്തെയും വളർത്താനും മുന്നോട്ടു നയിക്കാനും ഉതകുന്നതാണ് ഇതിലെ ഓരോ പേജുകളും. ഇതിലുൾച്ചേർത്തിരിക്കുന്ന കലയറിവുകൾ പഠിതാക്കളിൽ ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും. അടുത്ത അധ്യയനവർഷം മുതൽ 2, 4, 6, 8, 10 ക്ലാസുകളിലെ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങൾ കൂടി കുട്ടികളുടെ കൈകളിലെത്തുമ്പോൾ ഈ മാറ്റങ്ങളുടെ സമഗ്രത നമുക്ക് ദർശിക്കാനാവും.



Scert Kerala കലാവിദ്യാഭ്യാസം റിസർച്ച് ഓഫീസർ Satheesh Kumar K യുടെ നേതൃത്വത്തിൽ കലാധ്യാപകരുടെയും വിഷയ വിദഗ്ദരുടെയും കലാകാരരുടെയും കലാചരിത്രകാരരുടെയും അക്കാദമിഷ്യരുടെയും  കഴിഞ്ഞ രണ്ട് വർഷക്കാലത്തെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പാഠപുസ്തകങ്ങൾ. ഇതിൽ ഭാഗഭാക്കായിക്കൊണ്ട്
പാഠപുസ്തക സമിതിയിൽ അംഗമായി പാഠഭാഗരചനകകൾ നടത്താൻ സാധിച്ചതിലെ നിസ്തുലമായ സന്തോഷവും അഭിമാനവും ഈ അവസരത്തിൽ പങ്കുവെക്കുന്നു...

തലമുറകളിൽ കലയറിവുകൾ നിറയട്ടെ...✨️
കലാസാക്ഷരരായ ജനസമൂഹം നിർമിക്കപ്പെടട്ടെ... ✨

- ഷിനോജ് ചോറൻ


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click