കെ.എസ്.ആർ.ടി.സിയുടെ 'ബസ് ഓൺ ഡിമാൻറ്' പദ്ധതിക്ക് തുടക്കമായി

യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്‌കരിച്ച 'ബസ് ഓൺ ഡിമാൻറ്' ( BOND ) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് രണ്ടുവീതം സർവീസുകളാകും ബുധനാഴ്ച മുതൽ ആരംഭിക്കുക.
ഇത്തരം സർവീസുകളിൽ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കും. ഇത്തരത്തിൽ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.  
രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടർച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുക്കാൻ 950 രൂപ നൽകിയാൽ മതി. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നൽകിയാൽ മതി.
നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. യാത്രക്കാർ ഓഫീസുകളിൽ എത്താൻ ചെറുവാഹനങ്ങൾ ഒഴിവാക്കുന്നത് വഴി നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനും കഴിയും. ഇത്തരം ബസ് യാത്രക്കാർക്ക് അപകട സമൂഹ ഇൻഷുറൻസ് കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. വായുമലിനീകരണം കുറയ്ക്കാനും സുഖകരമായ യാത്രയൊരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരായ ആന്റോ, പ്രശാന്ത് എന്നിവർക്ക് 'ബസ് ഓൺ ഡിമാൻറ്' ടിക്കറ്റുകൾ നൽകിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. പരീക്ഷണം വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജി. അനിൽകുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click