പ്രിയപ്പെട്ട സുരേഷ് ഗോപിയേട്ടാ,
ഏട്ടാ എന്ന് വിളിച്ചത് ഈ പോസ്റ്റിൻ്റെ അടിയിൽ ചിലരെങ്കിലും വന്ന് പറയാൻ സാധ്യതയുള്ളതുപോലെ അങ്ങ് കേന്ദ്ര ടൂറിസം സഹമന്ത്രിയും ഞാൻ ഒരു മുൻ ടൂറിസം ഉദ്യോഗസ്ഥനുമായതുകൊണ്ട് ഏതെങ്കിലും സ്ഥാനം കിട്ടാനുള്ള കുതന്ത്രമല്ല. പക്ഷേ, അങ്ങ് കേന്ദ്രത്തിൽ ടൂറിസം മന്ത്രിയാകുമെന്ന് കേട്ടപ്പോൾ നടക്കില്ല എന്നറിഞ്ഞു തന്നെ അങ്ങനെ ഒരു നിമിഷം ആഗ്രഹിച്ചു എന്ന സത്യം വെളിപ്പെടുത്തട്ടെ.
നടക്കില്ല എന്നതുകൊണ്ടല്ല ,അത്യാവശ്യത്തിന് മാത്രം സമ്പാദിച്ച്, എഴുതിയും യാത്ര ചെയ്തും ചില അഭിനിവേശങ്ങളുടെ പിന്നാലെ പോയും ചില നന്മകൾ ചെയ്തും ശിഷ്ടജീവിതത്തിൽ സർവ്വതന്ത്ര സ്വതന്ത്രനായി നടക്കാൻ ആഗ്രഹിച്ചു കൂടി 30 വർഷത്തെ സർക്കാർ ജീവിതത്തിൽ നിന്ന് ഒരു വർഷം മുമ്പേ സ്വയം വിരമിച്ചതാകയാൽ ആ ആഗ്രഹത്തെ അപ്പോൾത്തന്നെ വെള്ളമൊഴിച്ച് കെടുത്തി. ഇനിയും അത്തരം സ്വാതന്ത്ര്യമില്ലായ്മകളുടെ അടിമയാകാനില്ല എന്നത് തീരുമാനം തന്നെയാണ്.ജീവിതത്തിൽ ഒരു പ്രാവശ്യം അങ്ങയുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. സർക്കാരിൻ്റെ ഒരു പരിപാടിയിൽ ചീഫ് ഗസ്റ്റായി പല വിധത്തിലും അന്ന് രാഷ്ട്രീയത്തിലൊന്നും വരാതെ സൂപ്പർ സ്റ്റാർ പദവിയിൽ വിരാജിച്ചിരുന്ന അങ്ങയെ കിട്ടാൻ പല വട്ടം ഞാൻ ശ്രമിച്ചിട്ടും ഒന്നു മുട്ടാൻ പോലും കഴിഞ്ഞില്ല. അപ്പോൾ ജയറാമേട്ടനാണ് എൻ്റെ സഹായത്തിനെത്തിയത്.
2013 ൽ ആണ് സംഭവം. യു . ഡി. എഫ് സർക്കാരാണ്. "ങാഹാ , അവനെ കിട്ടിയില്ലേ? ഞാൻ പറയാം" എന്നു പറഞ്ഞ് ജയറാമേട്ടൻ സംസാരിക്കാൻ ഒരവസരം തരപ്പെടുത്തിത്തന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് അന്ന് ഫോണിൽ അങ്ങ് കലയെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും നാൽപത് മിനിട്ടിലധികം സംസാരിച്ചു. അതെനിക്ക് ശരിക്കും അത്ഭുതമായിരുന്നു. തുടർന്ന് അങ്ങ് പലപ്പോഴും എടുക്കാറുള്ള മൗനവ്രതത്തിലേയ്ക്ക് പോയെങ്കിലും ആ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അങ്ങയുടെ പ്രസംഗം അങ്ങേയ്ക്കായി എഴുതി മറ്റൊരാളെക്കൊണ്ട് വായിപ്പിച്ചു! സാന്ദർഭികമായി ഓർത്തു എന്നു മാത്രം. അങ്ങ് ഓർമ്മിക്കാൻ യാതൊരു സാധ്യതയുമില്ല.
കഴിഞ്ഞ ദിവസവും പൊതു പ്രവർത്തകനും മന്ത്രിയും ആയ ശേഷവും അങ്ങ് തുടരുന്ന നാടകീയ പ്രതികരണ രീതികളെ ന്യായീകരിച്ച് ഒരു സീനിയർ അഡ്വക്കേറ്റിനോട് ഞാൻ സംസാരിച്ചതേയുള്ളൂ. അതങ്ങയുടെ സ്വാഭാവിക പ്രതികരണ രീതിയാണെന്നും പൊതു പ്രവർത്തകനും മന്ത്രിയുമായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് അങ്ങാ സ്വാഭാവിക ശൈലി ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് ഞാൻ അഭിപ്രായപ്പെട്ടത്.
പക്ഷേ ചേട്ടാ, അങ്ങയുടെ നേതാവും നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിജിയെപ്പറ്റിയുള്ള ചിലരുടെ ഒരാക്ഷേപം അങ്ങും കേട്ടിട്ടുണ്ടാവും. അത് അദ്ദേഹം പലപ്പോഴും നന്നായി അഭിനയിക്കുന്നു എന്നതാണ്! അത് എനിക്കും തോന്നിയിട്ടുള്ളതാണ്. പക്ഷേ ആ അഭിനയം എന്നത് ഒരു പൊതു പ്രവർത്തകൻ അല്ലെങ്കിൽ ഭരണകർത്താവ് എങ്ങനെ ജനങ്ങൾക്കിടയിൽ, മാധ്യമങ്ങളുടെയും സ്റ്റേറ്റിൻ്റെയും മുന്നിൽ, തങ്ങളെ ഉറ്റു നോക്കുന്ന ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പെരുമാറണം എന്നതിൻ്റെ ബോധപൂർവ്വവും നിരന്തരവുമായ പരിശീലനമായി കാണാനാണ് എനിക്കിഷ്ടം. ചോദ്യം ചോദിക്കുന്നവരോട് അവർ ആരായാലും കയർത്തു സംസാരിച്ചാൽ, വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിച്ചാൽ, നടപ്പിലും വസ്ത്രധാരണത്തിലും ആക്ഷൻസിലും ബോധപൂർവ്വമായ ശ്രദ്ധ പ്രകടിപ്പിക്കാതിരുന്നാൽ ലോകം എങ്ങനെയാവും നമ്മുടെ പ്രധാനമന്ത്രിയെ വിലയിരുത്തുക! അത് മോദിജിയ്ക്കറിയാം.
മരണശേഷവും ഭാരതവും ലോകവും വിലയിരുത്തുന്നതാണ് ഒരു ലോക നേതാവിൻ്റെ gestures ഉം mannerisms ഉം way of reactions ഉം. അതു പോലെ ഭാരതം എന്നും വിലയിരുത്തുന്നതാവും അങ്ങയെപ്പോലെ ഒരു കേന്ദ്രമന്ത്രിയുടെ പ്രതികരണ രീതികളും. ഒരു പക്ഷേ, അങ്ങയുടെ രക്തത്തിനായി നിരന്തരം ദാഹിക്കുന്ന ചിലർ, മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നുണ്ടാവാം. ഇത്രയും നാളായിട്ടും അത് മനസ്സിലാക്കി ആ പ്രകോപനത്തിൽ വീഴാതെ മുന്നോട്ടു പോകാൻ കഴിയുന്നില്ല എങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിച്ചു കൂടേ എന്ന് അപേക്ഷിക്കാനാണീ കുറിപ്പ്. ശ്രദ്ധിച്ചാൽ, ഒറ്റപ്പെട്ട ചില സംഭവങ്ങളെ പർവ്വതീകരിച്ചു കാട്ടി അങ്ങ് ചെയ്യുന്ന നൻമകളെ കെടുത്താനുള്ള ശ്രമങ്ങൾക്ക് ഒരറുതി വരെ പരിഹാരമാകും എന്നും തോന്നുന്നു. അതെ, 'എനിക്ക് ഞാനാകാനേ പറ്റൂ' എന്ന ന്യായം അങ്ങയെപ്പോലെ ഒരു പൊതു പ്രവർത്തകൻ / ഭരണകർത്താവ് ബോധപൂർവ്വം ഉപേക്ഷിക്കാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്?
സ്നേഹിക്കാനും പിന്തുണയ്ക്കാനും എക്കാലവും ആളുള്ളതു പോലെ എതിർക്കാനും അധിക്ഷേപിയ്ക്കാനും അതുപോലെ ആളുണ്ടാവും എന്നത് വാസ്തവമാണ്. എങ്കിലും പറ്റുമെങ്കിൽ ഇതൊന്ന് ചിന്തിക്കുകയെങ്കിലും വേണം എന്നപേക്ഷിച്ചു കൊണ്ട്, അങ്ങ് ചെയ്യുന്ന നൻമകളെ പിന്തുണച്ച് അങ്ങയെ സ്നേഹിക്കുന്ന ഒരുവൻ.
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടന്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.