കേരളത്തിലെ മുഴുവൻ ഊത്തപിടുത്തക്കാരുടെ സമക്ഷത്തിലേക്ക് വരാൽ (ബ്രാൽ ) സമർപ്പിക്കുന്ന അപേക്ഷ

പ്രിയരേ,

വളരെ പാവപ്പെട്ട ഒരു ശുദ്ധജല മത്സ്യമാണ് ഞാൻ.ഇന്ന് ഇടവം ഒന്നാണെങ്കിലും രണ്ടു മൂന്നു ദിവസമായി മഴ പെയ്യുകയാണല്ലോ?! കാലാവസ്ഥ വ്യതിയാനമാണ് എന്നൊക്കെ പറഞ്ഞാലും മഴ വരുമ്പോഴേ ഞങ്ങൾക്കൊരു സന്തോഷമാണ് കാരണം, ഞങ്ങൾ ഇണകൾ ഉല്ലാസയാത്രയ്ക്ക് തെരെഞ്ഞെടുക്കുന്ന സമയമാണിത്. പരക്കെ മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് ചില മാറ്റങ്ങളൊക്കെയുണ്ടാവും.

വാലിലും, കവിളിലും ചില മറുകുകളും നിറവും ഒക്കെയായി വയറു നിറയെ മുട്ടകളുമായിട്ടാണ് യാത്ര....
പക്ഷേ ഇതുവരെ വളരെ അപൂർവ്വം ആളുകൾ മാത്രമേ ആയാത്ര പൂർത്തീകരിച്ചിട്ടുള്ളൂ! ശുദ്ധജലമെന്ന ഓമനപ്പേരേയുള്ളൂ, മലിനജലത്തിൽ കിടന്നു കഷ്ടപ്പെടുകയായിരുന്നു ഇതുവരെ.... 

പ്ലാസ്റ്റിക് മീനും, മറ്റ് ചെറുമീനുകളെയുമിട്ട് കത്തുന്ന വിശപ്പുമായി പുളയുന്ന ഞങ്ങളെ മരണച്ചൂണ്ടയുമായി കാത്തിരിക്കുന്നവരെ ഓർക്കുക!
വിശന്നിട്ടാണ്, കഴിക്കുന്ന ആഹാരത്തിൽ മരണം ചേർക്കുന്നതിനെ എന്താണു പറയുക.
തോട്ടിനരികിലും, കണ്ടത്തിൻ വരമ്പിലും ചേർന്നു നില്കുമ്പോൾ അവിടെയും വരും ഒറ്റാലുമായി ചിലർ ....പരമാവധി ചാടി നോക്കും എവിടെ....!!

അവിടുന്നു മുന്നോട്ട് പോയാൽ വളരെ സൂക്ഷിക്കണം ഓരോ മുട്ടിലും വലിയ വലയുമായി തലേക്കെട്ടും, എരിഞ്ഞ ബീഡിയുമായി കുറേപ്പേരുണ്ട് വീശിപ്പിടിക്കും.... അങ്ങനെ ജീവിതം ഹോമിച്ചവർ നിരവധിയാണ്.

ആറ്റിലോ തോട്ടിലോ കുറുകെ വലയിട്ടു നിൽക്കും ചിലർ ....
ഞങ്ങളുടെ കൂടെയുള്ളവർ കൂരിയും, മുഷിയും, കല്ലേ മുട്ടിയുമൊക്കെ അതിൽ ചെകിള കുരുങ്ങിക്കിടക്കും ....
പിന്നെയൊരു കൂട്ടർ കൂട് വെക്കും ! നല്ല മനോഹരമാണ് ഉൾവശം.. കൂട്ടുകാരുടെ കൂടെ കളിച്ചു തിമിർത്തു പോകുകല്ലേ ഒരാവേശത്തിന് അങ്ങ് ചെന്നു കേറും.. പിന്നെയൊരു രക്ഷേമില്ല! അവിടെ അതവസാനിക്കും....
കണ്ണിച്ചോരയില്ലാത്ത കുറച്ചാൾ ക്കാൾക്കാർ, ദയയില്ലാത്തവർ.

ഞങ്ങളുടെ വഴിമുടക്കി കൂടു വെച്ചാൽ
പതിനയ്യായിരം രൂപേം, ആറു മാസം തടവു മുണ്ടെന്ന് നിയമമുണ്ടെങ്കിലും, ആരെയെങ്കിലും ശിക്ഷിച്ച വാർത്ത കേട്ടിട്ടുണ്ടോ...?
ചെറുതോട്ടിലൂടെ പോവാംന്നു വെച്ചാൽ കുട്ടികൾ മുതൽ വലയുമായി ചവിട്ടിപ്പിടിച്ചു നില്ക്കുകയല്ലേ !
തീർന്നു ഞങ്ങളുടെ വംശം അവസാനിക്കാറായി...



ഈ തടസ്സങ്ങൾ ഒക്കെ കടന്നു ഞങ്ങൾ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് കടക്കും... അവിടെ മിക്കവാറും അധികം വെള്ളം കാണില്ല ഞങ്ങൾ നീന്തുന്ന ഓളങ്ങൾ കാണാം ചിലപ്പോൾ ഞങ്ങളെ തെളിഞ്ഞുകാണാം ..
കൊയ്ത്ത് കഴിഞ്ഞ നെല്ലിന്റെ കുറ്റികളും ചെറു സസ്യങ്ങളും ഉള്ള കണ്ടത്തിൽ ഞങ്ങൾ അല്പം സ്നേഹിച്ചു മുട്ടയിടും മീൻ കടിക്കുക ഊത്ത് കടിക്കുക എന്നാണ് ആൾക്കാർ പറയുന്നത് മിക്കവാറും വള്ളങ്ങളും വെട്ടുകത്തികളും ചെറു വലകളും ഒക്കെയായി ആളുകൾ ഞങ്ങളെ കൊല്ലാൻ വരും ഓടിയിട്ടും രക്ഷയില്ല അവർ ഞങ്ങളെ മാരകമായി മുറിവേൽപ്പിക്കും എവിടെ എങ്കിലും പിടിക്കും ചിലപ്പോൾ ഞങ്ങൾ മുട്ടകൾ ഇട്ടു കാണില്ല ....

പലപ്പോഴും ഇണ നഷ്ടപ്പെട്ടു ഞങ്ങൾ തന്നെ ആയി പോകാറുണ്ട് ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ കുഞ്ഞുങ്ങളെ പോറ്റാനുള്ള ഞങ്ങളുടെ വംശം നിലനിർത്താനുള്ള ജീവശാസ്ത്രപരമായ അവകാശത്തെ പോലും അനുവദിക്കാതെ അവർ നിഷ്ക്കരുണം ഞങ്ങളെ കൊല്ലും...
പ്രകൃതിയുടെ നിയമങ്ങൾക്കെതിരെ ആയി നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി നിങ്ങൾ എവിടെ സാധൂകരിക്കും...

നിങ്ങൾ ഒരു വലിയ വരാലിനെ പിടിച്ചു എന്നുള്ള ഒരു ചെറിയ സന്തോഷം മാത്രമേ കിട്ടൂ പക്ഷേ ഞങ്ങൾ നഷ്ടപ്പെടുന്നത് ഞങ്ങളുടെ വംശം തന്നെയാണ്! പണ്ട് ഞങ്ങൾക്ക് ചെറിയ അഹങ്കാരം ഉണ്ടായിരുന്നു ഇപ്പോൾ അതുമാറി ഭയം മാത്രമേയുള്ളൂ.....!

നാടൻ മത്സ്യങ്ങൾ ആയ ഞങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ ജലാശയങ്ങളിൽ വിടാറില്ല എന്നാൽ വിദേശികളായ കാർപ്പുമത്സ്യങ്ങൾ കട്ല ,രോഹു  ഗ്രാസ് കാർപ് തുടങ്ങിയ മത്സ്യങ്ങളുടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ അവർ ഞങ്ങളുടെ വീടുകളായ ആറ്റിലും മറ്റുംഇറക്കി വിടുന്നു ....
തനിയെ വംശവർദ്ധന നടത്തുമത്രേ. എന്നാൽ അതിനോട് എനിക്കത്ര വിശ്വാസമില്ല, അവരിപ്പോൾ ഭൂരിപക്ഷം ആയിരിക്കുന്നു..

ഞങ്ങളുടെ പണ്ടത്തെ കൂട്ടുകാരായ നാടൻ മത്സ്യങ്ങൾ ആയ  മുഷി,കുയിൽ കാരി, കുറുവ ,പള്ളത്തി, വയമ്പ് കോല ,ആരകൻ ,മൂളി, കല്ലേമുട്ടി തുടങ്ങി പല മത്സ്യ വംശത്തിനും ഇതൊക്കെ തന്നെ ഇപ്പോഴത്തെ സ്ഥിതി.

അതുകൊണ്ട് ഞങ്ങളുടെ അപേക്ഷ എന്തെന്നാൽ ജീവൻ കാണില്ല എന്ന് ഉറപ്പിച്ചുള്ള ഞങ്ങൾ ചെയ്യുന്ന ഈ യാത്രയിൽ നിങ്ങൾക്ക് ഞങ്ങളോട് അല്ല, നിങ്ങളുടെ തന്നെ തലമുറയോട്, പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഈ സമയത്ത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക എന്നത് ഈ ചെറിയ കാലയളവിൽ, വർഷകാല ആരംഭത്തിൽ ഞങ്ങളെ ഉപദ്രവിക്കാതെ വിടാൻ നിങ്ങൾക്ക് കഴിയുമോ ,...?! അടുത്ത വർഷം മുതൽ ഇഷ്ടംപോലെ മത്സ്യസമ്പത്ത് തരാൻ ഞങ്ങൾക്കു പറ്റും...

എന്ന വിശ്വാസത്തോടെ, ഭയത്തോടെ ....,
ഒരു വരാൽ (ഒപ്പ്)

എഴുത്ത്: സജിത് സംഘമിത്ര
9847818037
കടപ്പാട്: ഒരു വാളയുടെ കത്ത് വായിച്ചത്, പൊളിച്ചെഴുതിയത്


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click