ഇസ്രായേലിൽ ഭരണാധികാരികളെ ഞാൻ വെറുക്കുന്നു, പക്ഷെ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... പലസ്തീനിനെയും - ഷഹർ അദാൻ
ഞാൻ ക്യുറേറ്റ് ചെയ്ത സമ്മിശ്ര ബിംബങ്ങൾ എന്ന കലാപ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ തുടരുകയാണ്. ദൈനംദിനം നിരവധി വിദേശികൾ ഉൾപ്പെടെയുള്ള കാണികൾ ഗ്യാലറിയിൽ വന്നു പോകുന്നത് പതിവാണ്.
ഇന്ന് രാവിലെ ഗാലറിയിൽ എത്തിയ ഒരു വിദേശി വനിത ചിത്രങ്ങൾ വിശദമായി കണ്ടതിനുശേഷം എന്റെ അരികിലേക്ക് വന്നു. അവർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അനീഷ് നെട്ടയത്തിന്റെ ലാവ എന്ന ഇൻസ്റ്റലേഷനെ കുറിച്ച് എന്നോട് ചില വിശദാംശങ്ങൾ തേടി. ഞാൻ അതിനു മറുപടി നൽകിയതിനെ തുടർന്ന് അവർ എന്റെ നേരെ ഹസ്തദാനത്തിനായി കൈ നീട്ടികൊണ്ടു പറഞ്ഞു ഞാൻ ഷഹർ അദാൻ........ ഏതു രാജ്യക്കാരിയാണ് നിങ്ങൾ എന്ന എന്റെ ചോദ്യത്തിന് അവർ മടുപടി പറഞ്ഞു ഇസ്രായേൽ............
ഷഹർ, ഞാൻ കൊലപാതകികളായ നിങ്ങളുടെ രാജ്യത്തിന്റെ ഭരണാധികാരികളെ വെറുക്കുന്നു.... നിങ്ങളുടെ രാജ്യത്തെയും.......
ഷഹറിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി ഞാനും.... നിങ്ങളെപ്പോലെ തന്നെ എന്റെ രാജ്യത്തെ ഭരണാധികാരികളെ ഞാനും വെറുക്കുന്നു. എന്നാൽ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... ഷഹർ പറഞ്ഞു നിറുത്തി.
ഞാൻ പലസ്തീനിലെ മനുഷ്യരെക്കുറിച്ചും അവിട മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ കുറിച്ചും രോഷത്തോടെ അവരോട് സംസാരിച്ചു. ഹിറ്റ്ലർ കൊന്നൊടുക്കിയ
ജൂതരിലേക്കും മട്ടാഞ്ചേരിയിൽ ജീവിച്ചിരുന്ന ജൂത സമൂഹത്തെക്കുറിച്ചും വർത്തമാനം നീണ്ടുപോയി. ഷഹർ അദാൻ അവരുടെ നിലപാടുകൾ എന്നോട് പങ്കുവെച്ചു. ഷഹർ അദാൻ ഇസ്രായേലിലെ പ്രശസ്ത നാടക പ്രവർത്തകയും നർത്തകിയുമാണ്. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അവർ പലസ്തീൻ ജനതയുടെ മോചനത്തിനു വേണ്ടി നെതന്യാഹുവിനെതിരെ നിരന്തരം പ്രൊട്ടസ്റ്റുകളിൽ ഏർപ്പെടുന്ന കലാകാരിയാണ്.
സയണിസ്റ്റു ഭരണകൂടം പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യ വേട്ടയ്ക്കെതിരെ രോഷത്തോടെ ഷഹർ അദാൻ എന്നോട് സംസാരിച്ചുകൊണ്ടിരിന്നു. അവർ പറഞ്ഞു ഞങ്ങൾ ജൂത സമൂഹം നെതന്യാഹുവിനെതിരാണ്. നരവേട്ട ജൂത സമൂഹത്തിന്റെ പാരമ്പര്യമല്ല. ഞങ്ങൾ ലോകത്തുള്ള എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു.... ജൂതരെ പോലെ പീഡനത്തിനും കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും ഇരയായ ചരിത്രമുള്ള ഒരു ജനത ജീവിക്കുന്ന രാജ്യത്തു നിന്നും ഹിംസ്സയല്ല ലോകം പ്രതീക്ഷിക്കുന്നത് ഞാൻ അവളോട് പറഞ്ഞു.
ഷഹറിനോട് ഞാൻ ചോദിച്ചു പലസ്തീനിൽ വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി ഇപ്പോൾ ഈ ഗാലറിയിൽ നിനക്കെന്തു ചെയ്യാൻ കഴിയും. അവൾ മറുപടിയായി പറഞ്ഞു പലസ്തീനിലെ സഹോദരങ്ങൾക്കായി ഞാൻ ഇവിടെ നൃത്തം ചെയ്യാം. 20 മിനിറ്റോളം നീണ്ടുനിന്ന ഒരു നൃത്തം അവൾ പലസ്തീനുവേണ്ടി ഡേവിഡ് ഹാളിൽ അവതരിപ്പിച്ചു. നൃത്തത്തിന് അകമ്പടിയായി ഡേവിഡ് ഹാളിന്റെ കേർട്ടേക്കർ ബിനു കോശി സാക്സഫോൺ വായിച്ചു. നൃത്തത്തിനു ശേഷം ഷഹർ പലസ്തീനുവേണ്ടി പാടുകയും ചെയ്തു.
ഞാൻ ഷഹറിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. ഡേവിഡ് ഹാളിനടുത്തുള്ള കൊറിയാണ്ടർ എന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചപ്പാത്തിയും കറിയും വെയ്റ്റർ മേശപ്പുറത്ത് നിരത്തിയപ്പോൾ ഭക്ഷണത്തിനു മുന്നിൽ ഷഹർ അദാൻ തൊഴുകയ്യോടെ പ്രാർത്ഥിച്ചു. ഹീബ്രു വചനങ്ങൾ നിറഞ്ഞ പ്രാർത്ഥന ആറു മിനിറ്റോളം നീണ്ടു പോയി. ഭക്ഷണത്തിനു ശേഷവും കാലിയായ പ്ലേറ്റിന് മുന്നിലിരുന്ന് ഷഹർ വീണ്ടും പ്രാർത്ഥിച്ചു.
ഞാൻ അവളോട് ചോദിച്ചു എന്താണ് ഈ പ്രാർത്ഥനയുടെ പൊരുൾ.. വിതയ്ക്കുന്നവർക്കും കൊയ്യുന്നവർക്കും വിളമ്പുന്നവർക്കും സർവ്വോപരി ഭക്ഷണം എനിക്കു വാങ്ങി തന്ന താങ്കൾക്കും നന്മ വരണമേ........ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്.
ഈ പ്രാർത്ഥന ഞങ്ങൾ ജൂതരുടെ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാണ് അവൾ വിശദീകരിച്ചു. ഉൾക്കാമ്പിൽ തുടിക്കുന്ന മാനവീകതയുടെ സ്നേഹനക്ഷത്രങ്ങൾ ഷഹർ എന്ന ജൂത പെൺകുട്ടിയുടെ കണ്ണുകളിൽ തിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു....
ഇസ്രായേലിലെ ജൂത സമൂഹത്തോട് എനിക്കുണ്ടായിരുന്നു അകൽച്ച അലിഞ്ഞില്ലാതാവുകയും നെതന്യാഹു ഭരണകൂടത്തിനെതിരെ എനിക്കുള്ള പക എന്നിൽ അവശേഷിക്കുകയും ചെയ്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.