FYUP വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലക്കുമോ?
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ ഒരു മാറ്റം എന്ന നിലയിലാണ് ജൂലൈ ഒന്നുമുതൽ നാലുവര്‍ഷ ബിരുദ പ്രോഗ്രാം അഥവാ FYUP -Four Year Undergraduate Program നടപ്പിലാക്കുന്നത്. ഇത് വിദ്യാഭ്യാസ പ്രശ്‌നമെന്നതിനപ്പുറം അതിനുവേണ്ടി ഒരു വര്‍ഷം 'കൂടുതല്‍' പഠിക്കുന്ന യുവതലമുറയുടെയും, പണം ചെലവഴിക്കുന്ന രക്ഷിതാക്കളുടെയും അവരുടെ കുടുംബ ബജറ്റിന്റെയും കൂടി പ്രശ്‌നമാണ്.
നാലുവര്‍ഷ ബിരുദത്തെ കുറിച്ച് ആദ്യം കേള്‍ക്കുന്നത് 2013-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഈ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുന്ന കാലത്താണ്.
സ്വയംഭരണാവകാശമുള്ള കേന്ദ്രസര്‍വകലാശാലയായ, ഡല്‍ഹി സര്‍വകലാശാല അടുത്തവര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷമായിരിക്കും എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നത് അധ്യാപകരില്‍ നിന്നും എ.ബി.വി.പി പോലുള്ള വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുമാണ്. അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയുടേതായിരുന്നു കേന്ദ്ര ഭരണം. അന്ന് കേന്ദ്രമാനവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍ ആയിരുന്നു. പള്ളം രാജു ആയിരുന്നു കേന്ദ്രമന്ത്രി.
നാലുവര്‍ഷ പ്രോഗ്രാമിന്റെ പ്രസക്തിയെ കുറിച്ച് അതിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്ന ഒരു വാദം, വിദേശത്ത് മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇത് എളുപ്പമായിരിക്കും എന്നതാണ്. പല വിദേശരാജ്യങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഒരുവര്‍ഷമാണെന്നതിനാല്‍ ഫോര്‍ പ്ലസ് വണ്‍ എന്ന ഘടനയിലേക്ക് മാറുമ്പോള്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ചെയ്യാന്‍ സൗകര്യമാകും.
ഇതിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞത് വിദ്യാഭ്യാസം വരേണ്യര്‍ക്കുമാത്രമായി ചുരുക്കുകയും രണ്ടുതരം ബിരുദധാരികളെ സൃഷ്ടിക്കുന്ന നടപടിയാണിതെന്നുമാണ്.
ഡല്‍ഹിയില്‍ ഒരോ വര്‍ഷവും എക്‌സിറ്റ് എന്ന രീതിയിലായിരുന്നു FYUP. ആദ്യവര്‍ഷം കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഡിപ്ലോമ, മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ബാക്കലോറിയറ്റ്, നാലുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്‌സ്..അങ്ങനെ.
(ഇവിടെയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ എക്‌സിറ്റ് ഉള്ളൂ എന്നാണ് മനസിലാക്കുന്നത്.)
ഡല്‍ഹിയില്‍ നാലുവര്‍ഷം ബിരുദ നീക്കംനടന്നപ്പോൾ എതിര്‍ത്ത് രംഗത്തുവന്ന രണ്ടുപാര്‍ട്ടികള്‍ സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു. അന്നത്തെ പ്രതിഷേധത്തില്‍ ബി.ജെ.പി നേതാവ് ഡോ.ഉദിത് രാജും സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എഴുത്തുകാരി അരുന്ധതി റോയിയും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രണ്ട് അധ്യാപകരെ പിന്നീട് തീവ്രവാദബന്ധം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന പ്രൊഫ.ജി.എന്‍.സായിബാബയും മലയാളിയായ ഡോ.ഹാനിബാബുവും ആയിരുന്നു അവര്‍. ജി.എന്‍.സായിബാബയെ പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ഇതോടൊപ്പം നിരവധി അധ്യാപകര്‍ക്കെതിരെ പലതരം നടപടികളുണ്ടായി.
ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം യു.ജി.സി അംഗീകാരം നേടുന്നതിന് മുമ്പായിരുന്നു. ഒരുവര്‍ഷത്തിന് ശേഷം കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാലുവര്‍ഷ ബിരുദ സമ്പ്രദായം നിര്‍ത്തിവെക്കാന്‍ യു.ജി.സി ആവശ്യപ്പെട്ടു.
ഇതേസമയം, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷ ബിരുദം നടപ്പാക്കിയെങ്കിലും ഇതിന്റെ നടത്തിപ്പിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടി ഓണേഴ്‌സ് ബിരുദങ്ങള്‍ അവരും പിന്‍വലിച്ചു.
പിന്നീട് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം(NEP) പ്രഖ്യാപിച്ചതോടെയാണ് FYUP വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. ദേശവ്യാപകമായി ബിരുദ കോഴ്‌സുകള്‍ 4+1 എന്ന ക്രമത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുവെന്നാണ് മനസിലാകുന്നത്. ഇതില്‍ പൊതുവായി പറയാവുന്ന കാര്യം ഇന്ത്യയിലെ മൂന്നുപാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം എന്നിവ ഈ സമ്പ്രദായം നടപ്പാക്കാന്‍ പലഘട്ടങ്ങളിലായി നേതൃത്വം നല്‍കുന്നു എന്നതാണ്. നേരത്തെ ഉണ്ടായ എതിര്‍പ്പുകളില്‍ നിന്ന് മലക്കം മറിഞ്ഞുകൊണ്ട്.
കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ ഫ്രെയിംവര്‍ക്കിലും വ്യക്തമായ ഉത്തരമില്ല.
മനസിലാക്കാൻ കഴിഞ്ഞത് നോളജ് ഇക്കോണമി- അഥവാ ജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കാവുന്ന പുതിയലോക ക്രമത്തില്‍ അതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിത് എന്നാണ്.അറിവധിഷ്ഠിത സമ്പദ് വ്യവസ്ഥ കാപ്പിറ്റലിസ്റ്റ് വികസനവുമായിബന്ധപ്പെട്ടുരൂപപ്പെട്ട ജ്ഞാന സമ്പ്രദായമാണ്.
ഇനി കൂടുതൽ പറയേണ്ടത് അക്കാദമിക് വിദഗ്ദരാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.