പണമുള്ളവന് സ്ത്രീവിരുദ്ധത പറയാമോ? അനു ചന്ദ്ര എഴുതുന്നു

ബോച്ചേ പച്ചക്കെന്തശ്ലീലം വിളിച്ചു പറഞ്ഞാലും മലയാളികളത് വിട്ടു കളയുമെന്നേ. ഷൈൻ ടോം ചാക്കോ ഏതേലും പെണ്ണിന്റെ മുഖത്ത് നോക്കിയവളെ കൂടെ കിടക്കാൻ വിളിചെന്നറിഞ്ഞാലും മലയാളികളത് നിസ്സാരവുമാക്കും. 3000 സ്ത്രീകളുടെ കൂടെ കിടന്നെന്നൊക്കെയുള്ള പ്രചരണം നടക്കുന്നെന്നറിഞ്ഞിട്ടും അതിനെയൊക്കെ ചിരിച്ചു നേരിട്ട നടൻ ഇനിയേതെലും സ്ത്രീക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിലവരോട് ഫ്ളേർട്ട് ചെയ്യുന്നെന്നറിഞ്ഞാൽ അതെല്ലാമയാളുടെ കുസൃതിയെന്നും പറഞ്ഞു മലയാളികളതിനെയും ലഘുകരിക്കും.അതായത് അവരുടെയൊക്കെ മനസ്സിന്റെയും ചിന്തകളുടെയും വൈകല്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണ മലയാളികൾക്കൊക്കെ അവർ തന്നെ തന്നു കഴിഞ്ഞിട്ടുണ്ട്. അതും മുൻകൂട്ടി തന്നെ. എന്നുവെച്ചാൽ അവർ തന്ന പ്രീ സജഷനിൽ നിന്ന്കൊണ്ടാണ് നമ്മളവരെയൊക്കെ അളക്കുന്നത് പോലും. ആയതിനാൽ അവരിൽ നിന്നുണ്ടാകുന്ന (അ)സ്വഭാവികമായ യാതൊന്നും തന്നെ ആരെയും കൂടുതലായി അത്ഭുതപ്പെടുത്താനും പോകുന്നില്ല ചൊടിപ്പിക്കാനും പോകുന്നില്ല.ഒന്നൂടെ വ്യക്തമാക്കിയാൽ, സ്ഥിരമായി കള്ളവും കൊലപാതകവും നടത്തുന്ന മനുഷ്യർ പിന്നേയും പിന്നെയുമതാവർത്തിച്ചാൽ നമുക്ക് വല്ല അത്ഭുതോം തോന്നോ? നമ്മളതോർത്തു അതിശയിക്കുമോ? ‘ഇല്ല’അതായത് അവരിങ്ങനെയൊക്കെയാണെന്ന പ്രീസജഷൻ നമ്മുടെ ബ്രെയിനിലേക്ക് അവർ തന്നെ തന്നു കഴിഞ്ഞ സ്ഥിതിക്ക് അവരിൽ നിന്നും ഇത്തരം പ്രവർത്തികളിൽ കുറഞ്ഞതായ യാതൊന്നും തന്നെ ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നത് തന്നെ. അതവർ തന്നെ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.അതുകൊണ്ടാണ് കണ്ണിൽ കണ്ട ഇന്റർവ്യൂസിലൊക്കെ വന്നിരുന്ന് പെൺകുട്ടികളെ കണ്ടാൽ എനിക്ക് ശാരീരിക ബലഹീനതയുണ്ടെന്ന് പച്ചക്ക് വിളിച്ചു പറയുന്ന ഷൈൻ ടോം ചാക്കോയേ കണ്ടിട്ടും, ഹണി റോസിനെ കണ്ടാൽ എനിക്ക് കുന്തീ ദേവിയെയാണ് ഓർമ്മ വരുന്നതെന്ന ദ്വയാർത്ഥ വാചകം പച്ചയിൽ വിളിച്ചു പറയുന്ന ബോച്ചേയെ കണ്ടിട്ടുമൊക്കെ നമുക്കൊന്നും തോന്നാത്തതും.കാരണം അവർ തന്ന് കഴിഞ്ഞ പ്രീ സജഷനിൽ മാത്രം അവരെ നോക്കി കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.ഇനി ഇത് മാത്രമാണോ സത്യാവസ്ഥ എന്ന് ചോദിച്ചാൽ പൂർണ്ണമായും ‘അതല്ല‘.ഇതിനൊക്കെ പുറകിൽ Money Power എന്ന വലിയൊരു സാധനമുണ്ട്.അവരുടെ കൈയ്യിൽ കോടാനുകോടി പണമുണ്ട്. നമ്മുടെ കൈയ്യിലതില്ല. അതിനാൽ അവർക്കാരെയും ഭയക്കേണ്ട.എന്നാൽ നമുക്ക് ചുറ്റുപാടിനെയെങ്കിലും മാനിക്കേണം. അതിനാൽ അവർക്കാർക്ക് മുൻപിലും അടിയറവ് നിൽക്കേണ്ട. എന്നാൽ നമുക്ക് മിനിമം ഓഫീസ് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥർക്ക് മുൻപിലെങ്കിലും തലകുനിച്ചു നിൽക്കേണം.ആ അവരും ഈ നമ്മളും തമ്മിൽ അതിന്റെതായ വലിയൊരു വ്യത്യാസം തന്നെയുണ്ട്.പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള, ആശ്രിതനും നിരാശ്രിതനും തമ്മിലുള്ള വ്യത്യാസം. ആയതിനാൽ പണമുള്ള ആ മനുഷ്യർ തരുന്ന പ്രീ സജഷനിൽ വിധേയപ്പെട്ട മനുഷ്യരാണ് നമ്മളിൽ ഭൂരിഭാഗവും.പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരം പറയും നമ്മളത് കേൾക്കും പണമുള്ള ധൈര്യത്തിൽ മാത്രം അവർ സ്ത്രീവിരുദ്ധത പറയും നമ്മളതും കേൾക്കുംപണമുള്ള അവർക്ക് നിയമത്തെ പേടിക്കേണ്ട, മനുഷ്യരെ പേടിക്കേണ്ട.നമുക്കാണേൽ എല്ലാത്തിനെയും മുഖവിലക്കെടുക്കണം.പണമുള്ള ധൈര്യത്തിൽ മാത്രം അവർ വഷളത്തരവും അശ്ലീലതയും സ്ത്രീവിരുദ്ധതയും പറഞ അതേ സമയം തന്നെ പാവപ്പെട്ടവർക്ക് നേരെ അതേ പണവും നീട്ടിയവർ സ്നേഹം പ്രകടിപ്പിക്കുമ്പോൾ നമ്മളിതിനെയും വാഴ്ത്തിപ്പാടും.ബിക്കോസ് ‘ Money is power ‘എന്നുവെച്ചാൽ, പണം കൊണ്ടവർ നമ്മുടെ ചിന്തകളെയൊക്കെ എന്നേ വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു! അതും വെറും പ്രീ സജഷനിലൂടെ!


'ഫ്യൂണറൽ എറ്റിക്കെറ്റ്' അഥവാ ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട ആചാരമര്യാദകൾ

നടൻ സിദ്ധിഖിന്റെ മകൻ അകാലത്തിൽ  മരിച്ചപ്പോൾ പുറകെ ക്യാമറയുമായി ഓൺലൈൻ ബ്ലോഗേഴ്സ് കൂടിയപ്പോൾ കടുത്ത വേദന തോന്നി. ആദ്യം മനസ്സിലാക്കേണ്ട കാര്യം ശവസംസ്കാരം ഒരു പൊതു ചടങ്ങല്ല. വളരെ സ്വകാര്യമായ, വേണ്ടപ്പെട്ടവർക്കു മാത്രം പങ്കെടുക്കുവാൻ ഉള്ളതായ ഒരു ചടങ്ങാവണം എന്നതാണ്. പലരും മൃതദേഹം കാണാൻ വരുന്നത്, മരണപ്പെട്ട ആളോടുള്ള സ്നേഹം കൊണ്ടോ, ആ കുടുംബത്തോടുള്ള അടുപ്പം കൊണ്ടോ അല്ല, മറിച്ച് അവിടെ നടക്കുന്ന വികാര പ്രകടനങ്ങൾ കാണാനാണ്. എന്റെ ഓർമ്മയിൽ ഉള്ള ഒരു അനുഭവം പറയാം. ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപാണ്. വളരെ അടുപ്പം ഉള്ള ഒരു യുവാവ് മരണപ്പെടുന്നു. ഞങ്ങൾ കുറെ കൂട്ടുകാരായി പുറത്തു നിൽക്കുകയാണ്. അപ്പോൾ അവിടേയ്ക്ക് വന്ന മറ്റൊരു സുഹൃത്ത് പറയുകയാണ് "ചേട്ടാ, നിലവിളി ഒന്നും കേൾക്കുന്നില്ലല്ലോ" എന്ന്. സമാനമായ അനുഭവം മറ്റൊരു അവസരത്തിലും ഉണ്ടായിട്ടുണ്ട്. ഇതേപോലെ, 'നിലവിളി' കേൾക്കാനും 'വികാര പ്രകടനങ്ങൾ' കാണാനും ശവസംസ്കാര ചടങ്ങിൽ പോകുന്നവർ ധാരാളം ഉണ്ടാവും. എങ്ങിനെയാണ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് അവരുടെ മരണശേഷമുള്ള സ്വകാര്യതയെയും, ബന്ധുക്കളുടെ സ്വകാര്യതയെയും മാനിക്കുന്നത്?   വിദേശത്ത് ഒക്കെ ഇതിനു കൃത്യമായ മാർഗ്ഗ രേഖകൾ ഉണ്ട്. എന്റെ രണ്ട് അനുഭവങ്ങൾ പറയാം. ഏകദേശം പത്തിനഞ്ചു വർഷം മുൻപാണ്, ഒരു സഹപ്രവർത്തകന്റെ ഭാര്യ മരണപ്പെടുന്നു. അത്ര അടുപ്പം ഉള്ള ആളല്ല, എങ്കിലും ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഡയറക്ടർ പോകുന്നുണ്ട്, കൂടെ ഞാനും ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു പരിചയവും ഇല്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു "ഡേവിഡ്, എനിക്ക് പരിചയം ഇല്ല, ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത്‌, താങ്കൾ പറഞ്ഞു തരണം." അദ്ദേഹം പറഞ്ഞു, "ഒന്നും അറിയാനില്ല സുരേഷ്, പൊതു സന്ദർശന സമയം അറിയണം, നിശബ്ദമായി നില്ക്കണം, ക്യൂ പാലിക്കണം ബാക്കി ഞാൻ അവിടെ ചെല്ലുമ്പോൾ പറയാം."ഞാൻ ചോദിച്ചു "പൊതു സന്ദർശന സമയമോ? അതെന്താണ്, ഞാൻ ഓർത്തു എപ്പോൾ വേണം എങ്കിലും മരണപ്പെട്ട വീടുകളിൽ പോകാം എന്ന്."ഡേവിഡ് പറഞ്ഞു "അതായത് 'മരണ അറിയിപ്പുകൾ' പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറയും പൊതു ജനങ്ങൾക്കായുള്ള സമയം. ഇന്ന് നമ്മൾ കാണാൻ പോകുന്ന വ്യക്‌തിയുടെ സന്ദർശന സമയം വൈകുന്നേരം ആറു മുതൽ പത്തു വരെയാണ്. ബാക്കിയുള്ള സമയം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ഉള്ളതാണ്."ഞാൻ ആലോചിച്ചു, എത്ര നല്ല ആശയമാണ്. ഇനിയും ഒരിക്കലും കാണാത്ത അവസ്ഥയിലേക്ക് പോകും മുൻപേ, വേണ്ടപ്പെട്ടവരുടെ കൂടെ വളരെ സ്വകര്യമായി സമയം ചിലവഴിക്കുക. നമ്മുടെ ദുഃഖം മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തേണ്ട കാര്യവും വരുന്നില്ല. അങ്ങിനെ ആറു മണിയോടെ ഞാനും ഡേവിഡും അവിടെ ക്യൂ നിന്നു. ഏകദേശം ഇരുനൂറോളം പേരോളം ഉണ്ട്. ആരും സംസാരിക്കുന്നില്ല, ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, വളരെ അച്ചടക്കത്തോടെ ഓരോ ആൾക്കാരായി, ശവപ്പെട്ടിയുടെ ചുറ്റും നീങ്ങുന്നു. പത്തു നിമിഷത്തോളം അവിടെ നിൽക്കുന്നു. ഭർത്താവിന്റെ അടുത്തു ചെന്ന് ചിലർ മാത്രം ഷേക്ക് ഹാൻഡ് കൊടുക്കുന്നു, മുൻപോട്ടു നീങ്ങുന്നു.  ഇത് ഒരു Closed Casket ആയിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ ശവശരീരം കാണുന്നില്ല. ചില അവസരങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെയോ, കുടുംബങ്ങളുടെയോ തീരുമാനം ആയിരിക്കും ഇത്. [വേറൊരു അവസരത്തിൽ പങ്കെടുത്ത ഫ്യൂണറലിൽ  Open Casket ആയിരുന്നു. അവിടെ നമുക്ക് ആളെ കാണാൻ പറ്റും]. പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന ചായയും, ബിസ്കറ്റും കഴിച്ചാണ് തിരികെ പോന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങളോളം കൊണ്ട് ഉണ്ടാക്കിയെടുത്ത അച്ചടക്കം ആണിത്. ഇതു പോലെയുള്ള അവസ്ഥ നാട്ടിൽ നടപ്പിൽ ആകാൻ ചിലപ്പോൾ അമ്പതോ, നൂറോ വർഷങ്ങൾ ഇനിയും എടുക്കും. എങ്കിൽപ്പോലും മരണപ്പെട്ട ആളിനെയും, ബന്ധുക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ട ചില മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പറയുന്നത്. 1. ഫോട്ടോഗ്രാഫി, വീഡിയോ എന്നിവ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് മരണപ്പെട്ട വീടുകളിൽ വലിയ അക്ഷരത്തിൽ എഴുതാം.2. മൊബൈൽ ഫോൺ ഒരു കാരണവശാലും സന്ദർശന സമയത്ത് ഉപയോഗിക്കാൻ അനുവദിച്ചു കൂടാ.3. മരിച്ച ആളിന്റെ ചിത്രം, വിവരങ്ങൾ, തുടങ്ങിയവ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധുക്കളുടെ അനുവാദം കൂടാതെ ഇടാൻ അനുവദിക്കരുത്. 4. സന്ദർശന സമയം കൃത്യമായി പൊതു ജനങ്ങളെ അറിയിക്കുക. ഉദാഹരണത്തിന് 'പൊതു സന്ദർശനം രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ മാത്രം, ബാക്കിയുള്ള സമയം കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്, ദയവായി സ്വകര്യത മാനിക്കുക എന്ന അറിയിപ്പ് കൊടുക്കാം. 5.  ക്യൂ പാലിച്ചേ മൃതദേഹം കാണാൻ അനുവദിക്കാവൂ.6. മൃതദേഹത്തിന്റെ അടുത്ത് ഒരു മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കരുത് എന്ന മാർഗ്ഗനിർദ്ദേശവും കൊടുക്കാം.7 . ഒന്നോ രണ്ടോ വോളന്റീയർമാർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനായി നിർത്താം.8. "സ്വകാര്യത എന്നാൽ ആഡംബരം അല്ല, മറിച്ച്  ഓരോ പൗരന്റെയും അവകാശമാണ് എന്ന കാര്യം ഓർമ്മപ്പെടുത്താം.9.  മരണ വീട്ടിൽ മൗനം ആണ് കൂടുതൽ ഉചിതം. ആവശ്യമെങ്കിൽ മാത്രം മരിച്ച ആളിന്റെ ബന്ധുക്കളും ആയി, അവർക്ക് ആശ്വാസകരമായ ചുരുക്കം വാക്കുകൾ  ഉപയോഗിക്കാം.  പാശ്ചാത്യ രാജ്യങ്ങളിൽ ഞാൻ പങ്കെടുത്ത ഫ്യൂണറൽ ചടങ്ങുകളിൽ കണ്ടിട്ടുള്ളത് വളരെ അടുപ്പം ഉള്ളവർ "“I am sorry for your loss (നിങ്ങളുടെ ഈ വലിയ നഷ്ടത്തിൽ എനിക്കും വേദനയുണ്ട്). അല്ലെങ്കിൽ "നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു" എന്ന് പറയുന്നതാണ്. അധികം അടുപ്പം ഇല്ലെങ്കിൽ മൗനമായി കുറച്ചു നിമിഷം നിന്നിട്ട് നിന്നിട്ട് മാന്യമായി തിരികെപ്പോരം. 10. ഏറ്റവും പ്രാധാന്യം ഉള്ളതും, നമ്മൾ പലപ്പോളും മറന്നു പോകുന്നതും ആയ ഒരു കാര്യമാണ്, മരിച്ചു കിടക്കുന്ന ആളിന്റെ സ്വകാര്യത. പ്രതീക്ഷിച്ചുള്ള മരണം ആണെങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞിട്ടുണ്ടാവും എങ്ങിനെയാണ് ബോഡി പ്രദർശിപ്പിക്കേണ്ടത് എന്ന്. അത് കൃത്യമായി പാലിക്കുക. ചിലർക്ക് മരണ ശേഷം തന്റെ ബോഡി പ്രദർശിപ്പിക്കാൻ താത്പ്പര്യം കാണില്ല. അങ്ങിനെ ഉള്ളപ്പോൾ    'Closed Casket (അടച്ച ശവപ്പെട്ടി)' എന്ന ആശയം നടപ്പിലാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ പ്രചാരത്തിൽ ഉള്ള ഒരു രീതിയാണ്.  തുറന്നു കാണുന്നത് വളരെ അടുപ്പം ഉള്ള ബന്ധുക്കൾക്ക് മാത്രമായി ചുരുക്കാം.സുരേഷ് - സി - പിള്ള


കേരളത്തിലെ മുഴുവൻ ഊത്തപിടുത്തക്കാരുടെ സമക്ഷത്തിലേക്ക് വരാൽ (ബ്രാൽ ) സമർപ്പിക്കുന്ന അപേക്ഷ

പ്രിയരേ,വളരെ പാവപ്പെട്ട ഒരു ശുദ്ധജല മത്സ്യമാണ് ഞാൻ.ഇന്ന് ഇടവം ഒന്നാണെങ്കിലും രണ്ടു മൂന്നു ദിവസമായി മഴ പെയ്യുകയാണല്ലോ?! കാലാവസ്ഥ വ്യതിയാനമാണ് എന്നൊക്കെ പറഞ്ഞാലും മഴ വരുമ്പോഴേ ഞങ്ങൾക്കൊരു സന്തോഷമാണ് കാരണം, ഞങ്ങൾ ഇണകൾ ഉല്ലാസയാത്രയ്ക്ക് തെരെഞ്ഞെടുക്കുന്ന സമയമാണിത്. പരക്കെ മഴ പെയ്യുമ്പോൾ ഞങ്ങൾക്ക് ചില മാറ്റങ്ങളൊക്കെയുണ്ടാവും.വാലിലും, കവിളിലും ചില മറുകുകളും നിറവും ഒക്കെയായി വയറു നിറയെ മുട്ടകളുമായിട്ടാണ് യാത്ര....പക്ഷേ ഇതുവരെ വളരെ അപൂർവ്വം ആളുകൾ മാത്രമേ ആയാത്ര പൂർത്തീകരിച്ചിട്ടുള്ളൂ! ശുദ്ധജലമെന്ന ഓമനപ്പേരേയുള്ളൂ, മലിനജലത്തിൽ കിടന്നു കഷ്ടപ്പെടുകയായിരുന്നു ഇതുവരെ.... പ്ലാസ്റ്റിക് മീനും, മറ്റ് ചെറുമീനുകളെയുമിട്ട് കത്തുന്ന വിശപ്പുമായി പുളയുന്ന ഞങ്ങളെ മരണച്ചൂണ്ടയുമായി കാത്തിരിക്കുന്നവരെ ഓർക്കുക!വിശന്നിട്ടാണ്, കഴിക്കുന്ന ആഹാരത്തിൽ മരണം ചേർക്കുന്നതിനെ എന്താണു പറയുക.തോട്ടിനരികിലും, കണ്ടത്തിൻ വരമ്പിലും ചേർന്നു നില്കുമ്പോൾ അവിടെയും വരും ഒറ്റാലുമായി ചിലർ ....പരമാവധി ചാടി നോക്കും എവിടെ....!!അവിടുന്നു മുന്നോട്ട് പോയാൽ വളരെ സൂക്ഷിക്കണം ഓരോ മുട്ടിലും വലിയ വലയുമായി തലേക്കെട്ടും, എരിഞ്ഞ ബീഡിയുമായി കുറേപ്പേരുണ്ട് വീശിപ്പിടിക്കും.... അങ്ങനെ ജീവിതം ഹോമിച്ചവർ നിരവധിയാണ്.ആറ്റിലോ തോട്ടിലോ കുറുകെ വലയിട്ടു നിൽക്കും ചിലർ ....ഞങ്ങളുടെ കൂടെയുള്ളവർ കൂരിയും, മുഷിയും, കല്ലേ മുട്ടിയുമൊക്കെ അതിൽ ചെകിള കുരുങ്ങിക്കിടക്കും ....പിന്നെയൊരു കൂട്ടർ കൂട് വെക്കും ! നല്ല മനോഹരമാണ് ഉൾവശം.. കൂട്ടുകാരുടെ കൂടെ കളിച്ചു തിമിർത്തു പോകുകല്ലേ ഒരാവേശത്തിന് അങ്ങ് ചെന്നു കേറും.. പിന്നെയൊരു രക്ഷേമില്ല! അവിടെ അതവസാനിക്കും....കണ്ണിച്ചോരയില്ലാത്ത കുറച്ചാൾ ക്കാൾക്കാർ, ദയയില്ലാത്തവർ.ഞങ്ങളുടെ വഴിമുടക്കി കൂടു വെച്ചാൽപതിനയ്യായിരം രൂപേം, ആറു മാസം തടവു മുണ്ടെന്ന് നിയമമുണ്ടെങ്കിലും, ആരെയെങ്കിലും ശിക്ഷിച്ച വാർത്ത കേട്ടിട്ടുണ്ടോ...?ചെറുതോട്ടിലൂടെ പോവാംന്നു വെച്ചാൽ കുട്ടികൾ മുതൽ വലയുമായി ചവിട്ടിപ്പിടിച്ചു നില്ക്കുകയല്ലേ !തീർന്നു ഞങ്ങളുടെ വംശം അവസാനിക്കാറായി...ഈ തടസ്സങ്ങൾ ഒക്കെ കടന്നു ഞങ്ങൾ ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് കടക്കും... അവിടെ മിക്കവാറും അധികം വെള്ളം കാണില്ല ഞങ്ങൾ നീന്തുന്ന ഓളങ്ങൾ കാണാം ചിലപ്പോൾ ഞങ്ങളെ തെളിഞ്ഞുകാണാം ..കൊയ്ത്ത് കഴിഞ്ഞ നെല്ലിന്റെ കുറ്റികളും ചെറു സസ്യങ്ങളും ഉള്ള കണ്ടത്തിൽ ഞങ്ങൾ അല്പം സ്നേഹിച്ചു മുട്ടയിടും മീൻ കടിക്കുക ഊത്ത് കടിക്കുക എന്നാണ് ആൾക്കാർ പറയുന്നത് മിക്കവാറും വള്ളങ്ങളും വെട്ടുകത്തികളും ചെറു വലകളും ഒക്കെയായി ആളുകൾ ഞങ്ങളെ കൊല്ലാൻ വരും ഓടിയിട്ടും രക്ഷയില്ല അവർ ഞങ്ങളെ മാരകമായി മുറിവേൽപ്പിക്കും എവിടെ എങ്കിലും പിടിക്കും ചിലപ്പോൾ ഞങ്ങൾ മുട്ടകൾ ഇട്ടു കാണില്ല ....പലപ്പോഴും ഇണ നഷ്ടപ്പെട്ടു ഞങ്ങൾ തന്നെ ആയി പോകാറുണ്ട് ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ കുഞ്ഞുങ്ങളെ പോറ്റാനുള്ള ഞങ്ങളുടെ വംശം നിലനിർത്താനുള്ള ജീവശാസ്ത്രപരമായ അവകാശത്തെ പോലും അനുവദിക്കാതെ അവർ നിഷ്ക്കരുണം ഞങ്ങളെ കൊല്ലും...പ്രകൃതിയുടെ നിയമങ്ങൾക്കെതിരെ ആയി നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി നിങ്ങൾ എവിടെ സാധൂകരിക്കും...നിങ്ങൾ ഒരു വലിയ വരാലിനെ പിടിച്ചു എന്നുള്ള ഒരു ചെറിയ സന്തോഷം മാത്രമേ കിട്ടൂ പക്ഷേ ഞങ്ങൾ നഷ്ടപ്പെടുന്നത് ഞങ്ങളുടെ വംശം തന്നെയാണ്! പണ്ട് ഞങ്ങൾക്ക് ചെറിയ അഹങ്കാരം ഉണ്ടായിരുന്നു ഇപ്പോൾ അതുമാറി ഭയം മാത്രമേയുള്ളൂ.....!നാടൻ മത്സ്യങ്ങൾ ആയ ഞങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ ജലാശയങ്ങളിൽ വിടാറില്ല എന്നാൽ വിദേശികളായ കാർപ്പുമത്സ്യങ്ങൾ കട്ല ,രോഹു  ഗ്രാസ് കാർപ് തുടങ്ങിയ മത്സ്യങ്ങളുടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ അവർ ഞങ്ങളുടെ വീടുകളായ ആറ്റിലും മറ്റുംഇറക്കി വിടുന്നു ....തനിയെ വംശവർദ്ധന നടത്തുമത്രേ. എന്നാൽ അതിനോട് എനിക്കത്ര വിശ്വാസമില്ല, അവരിപ്പോൾ ഭൂരിപക്ഷം ആയിരിക്കുന്നു..ഞങ്ങളുടെ പണ്ടത്തെ കൂട്ടുകാരായ നാടൻ മത്സ്യങ്ങൾ ആയ  മുഷി,കുയിൽ കാരി, കുറുവ ,പള്ളത്തി, വയമ്പ് കോല ,ആരകൻ ,മൂളി, കല്ലേമുട്ടി തുടങ്ങി പല മത്സ്യ വംശത്തിനും ഇതൊക്കെ തന്നെ ഇപ്പോഴത്തെ സ്ഥിതി.അതുകൊണ്ട് ഞങ്ങളുടെ അപേക്ഷ എന്തെന്നാൽ ജീവൻ കാണില്ല എന്ന് ഉറപ്പിച്ചുള്ള ഞങ്ങൾ ചെയ്യുന്ന ഈ യാത്രയിൽ നിങ്ങൾക്ക് ഞങ്ങളോട് അല്ല, നിങ്ങളുടെ തന്നെ തലമുറയോട്, പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഈ സമയത്ത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക എന്നത് ഈ ചെറിയ കാലയളവിൽ, വർഷകാല ആരംഭത്തിൽ ഞങ്ങളെ ഉപദ്രവിക്കാതെ വിടാൻ നിങ്ങൾക്ക് കഴിയുമോ ,...?! അടുത്ത വർഷം മുതൽ ഇഷ്ടംപോലെ മത്സ്യസമ്പത്ത് തരാൻ ഞങ്ങൾക്കു പറ്റും...എന്ന വിശ്വാസത്തോടെ, ഭയത്തോടെ ....,ഒരു വരാൽ (ഒപ്പ്)എഴുത്ത്: സജിത് സംഘമിത്ര9847818037കടപ്പാട്: ഒരു വാളയുടെ കത്ത് വായിച്ചത്, പൊളിച്ചെഴുതിയത്