ഓഗസ്റ്റ് 30 കാസറ്റിന് 61-ാം പിറന്നാൾ
ഗ്രാമഫോണിനും റിക്കാർഡ് പ്ലെയറിനും ശേഷം വലിയ വിപ്ലവമായി വന്ന് ആരുമറിയാതെ തിരശ്ശീലയ്ക്കുള്ളിലേക്ക് മറയേണ്ടിവന്ന കാസറ്റിന് ആഗസ്ത് 30 ന് 61 വയസ്സ്.
അമ്മയ്ക്കു പകരം താരാട്ടുപാടി... പ്രണയസന്ദേശങ്ങളായി... ആരെയും ഭാവഗായകനാക്കുന്ന മധുരഗാനങ്ങള് പൊഴിച്ച... കാസറ്റുകള് ഒരു കാലത്ത് മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഇന്ത്യയിൽ HMV, വീനസ്, ടിപ്സ്, ടൈം മുതലായ പേരെടുത്ത കമ്പനികളും കേരളത്തിൽ തരംഗിണി, രഞ്ജിനി, നിസരി, സരിഗ തുടങ്ങി അമ്പതോളം കാസറ്റ് കമ്പനികളും തമിഴിൽ ഇളയരാജയുടെ ഉടമസ്ഥയിലുള്ള എക്കോ, രാജാ മ്യൂസിക്, പിരമിഡ്, ലഹരി, സ്റ്റാർ മ്യൂസിക്, സംഗീത മുതലായ കമ്പനികളും ആ കാലഘട്ടത്തിലെ സംഗീത ആസ്വാദകരുടെ മനസ്സിലെ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ബ്രാൻഡുകളാണ്.
വരവേല്പ്പ് ഗംഭീരമാക്കിയെങ്കിലും സി.ഡി.കളുടെ കടന്നുവരവോടെ കാസറ്റിന് ഡിമാന്ഡ് കുറഞ്ഞു. (യൂട്യൂബ് മുതലായ നവമാധ്യമങ്ങളുടെ കടന്നുവരവോടെ ഇപ്പോൾ സിഡി പ്ലെയറുകളുടെയും കാലം കഴിഞ്ഞു) ഇന്നിപ്പോള് കാസറ്റുകള് ലൈബ്രറികളിലും പുരാവസ്തുശേഖരണം ഇഷ്ടപ്പെടുന്നവരുടെയും കൈകളില് മാത്രമായി ഒതുങ്ങി. 1963 ആഗസ്ത് 30 നാണ് ലൂ ഓട്ടന്സിന്റെ നേതൃത്വത്തിലുള്ള ഫിലിപ്‌സിന്റെ സംഘം ഓഡിയോ കാസറ്റ് ആദ്യമായി പുറത്തിറക്കിയത്. കോമ്പാക്ട് കാസറ്റ് എന്ന പേരാണ് സംഘം ശബ്ദങ്ങള് സൂക്ഷിക്കാന് കഴിയുന്ന ഈ ഉപകരണത്തിന് നല്കിയത്. തുടക്കത്തില് 8 ട്രാക്കോടെയാണ് കാസറ്റ് അവതരിച്ചത്.
കോമ്പാക്ട് കാസറ്റിന് മുമ്പ് ഫിലിം റീലുകളിലാണ് ടേപ്പ് റെക്കോഡര് പ്രവര്ത്തിച്ചത്. ചെലവേറിയതും സാധാരണക്കാര്ക്ക് ഉപയോഗിക്കാന് പ്രയാസമുള്ളതുമായിരുന്നു ഈ ഫിലിം റീല് ടേപ്പ് റെക്കോഡര്. റേഡിയോ സ്റ്റേഷന്, റെക്കോഡിങ് സ്റ്റുഡിയോ എന്നിവിടങ്ങളില്മാത്രമേ ഈ ടേപ്പ് റെക്കോഡറുകള് ഉപയോഗിച്ചിരുന്നുള്ളൂ. വിപണിയില് വന്ന് 3 വര്ഷത്തിനുള്ളില് രണ്ടരലക്ഷത്തോളം കോമ്പാക്ട് കാസറ്റുകളാണ് അമേരിക്കയില്മാത്രം വിറ്റഴിച്ചത്. 1968 ല് 85 കമ്പനികള് ലോകമൊട്ടാകെ 240 ലക്ഷം കാസറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. വാക്മാന്റെ വരവോടുകൂടി നടത്തത്തിനിടയിലും യാത്രയിലും പാട്ടുകേള്ക്കുന്നത് ട്രെന്ഡായി മാറി. ഓഡിയോ കാസറ്റിന് പിന്നാലെ ദൃശ്യങ്ങളുമായി വീഡിയോ കാസറ്റുകളും വിപണിയിലെത്തി. അതോടെ ദൂരദര്ശന് ചാനലിനെ ആശ്രയിക്കാതെ ടി.വി.യില് സിനിമ കാണാന് പ്രേക്ഷകനായി. കോമ്പാക്ട് കാസറ്റുകളുടെ പിന്ഗാമികളായി എല് കാസറ്റ്, മിനി ഡിസ്‌ക്, ഡിജിറ്റല് കോമ്പാക്ട് കാസറ്റ്, മൈക്രോ കാസറ്റ്, കോമ്പാക്ട് ഡിസ്‌ക് (സി.ഡി.) എന്നിവ വന്നു. സി.ഡി.യൊഴികെ ബാക്കിയെല്ലാം കാസറ്റുകളുടെ വിവിധതരങ്ങളാണ്. അതുകൊണ്ടുതന്നെ ഇതൊന്നും കാസറ്റ് വിപണിയെ ബാധിച്ചില്ല. പക്ഷേ, സി.ഡി.യുടെ വരവോടെ മാര്ക്കറ്റില്നിന്ന് കാസറ്റ് പതുക്കെ പിന്വാങ്ങി.
2003 നുശേഷം പ്രമുഖ കമ്പനികളെല്ലാം കാസറ്റ് ഉത്പാദിപ്പിക്കുന്നത് പൂര്ണമായും നിര്ത്തുകയോ കുറയ്ക്കുകയോ ചെയ്തു. ചെലവും ഭാരവും കുറവ്, സൂക്ഷിക്കാന് എളുപ്പം, ശബ്ദത്തിനും ദൃശ്യത്തിനും വ്യക്തത, കൂടുതല് ഫയലുകള് 'സ്റ്റോര്'ചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ നിരവധി ഗുണങ്ങള് കാസറ്റുകളെ അപേക്ഷിച്ച് സി.ഡി.കളെ കൂടുതല് ജനപ്രിയമാക്കി. എങ്കിലും ഇന്ത്യയില് അപൂര്വമായി ചില ഭക്തികാസറ്റുകള് വിപണിയില് കാണാം. ക്രമേണ അവയും ഇല്ലാതാകും. തട്ടിന്പുറങ്ങളില് പഴയ ഗ്രാമഫോണ് പ്ലേറ്റുകളെപ്പോലെ കാസറ്റുകളും ഇടംപിടിച്ചുകഴിഞ്ഞു. പുതിയ തലമുറയ്ക്ക് മറ്റൊരു പുരാവസ്തുവായി 61 വയസ് പ്രായമുള്ള കാസറ്റ് മാറി. പിറന്നാള് ആഘോഷം കഴിഞ്ഞാലും സ്വീകരണമുറി കാസറ്റിന് അന്യമാണ്, ഇന്നും നാളെയും!
കടപ്പാട് : കെ. എം. രൂപ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.