കൊച്ചി വൃത്തിയാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ഇതൊരു മാതൃകയാണ് - ഡോ.തോമസ് ഐസക് (മുൻ ധനകാര്യ മന്ത്രി)

കൊച്ചി വൃത്തിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ പൊന്നുരുന്നി മേൽപ്പാലത്തിന് ഓരത്തോടെയുള്ള നാരായണനാശാൻ റോഡിൽ ചെല്ലുക. മേൽപ്പാലത്തിനു താഴെ 30 തുമ്പൂർമുഴി മോഡൽ എയ്റോബിക് ടാങ്കുകൾ കാണാം. പൊന്നുരുന്നി വാർഡിൽ പ്രതിദിനം 1.2 ടൺ മുതൽ 1.7 ടൺ വരെ ജൈവമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ പൂർണ്ണമായും കമ്പോസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി ഈ ടാങ്കുകൾക്കുണ്ട്.
ചകിരിച്ചോർ ഇനോക്കുലം മിശ്രിതം ഇടകലർത്തിയാണ് മാലിന്യ ടാങ്കുകളിൽ നിക്ഷേപിക്കുക. 90 ദിവസംകൊണ്ട് നല്ല ജൈവവളമാകും. ചകിരിച്ചോറ് വലിച്ചെടുക്കുമെന്നതിനാൽ മലിനജലം ഒട്ടും ഉണ്ടാവില്ല. മണമോ പുഴുവോ ഇല്ല. സമീപവാസികളിൽനിന്ന് യാതൊരു എതിർപ്പുമില്ല.
ഇനിമേൽ വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഇവിടേയ്ക്കാണു കൊണ്ടുവരിക. എംസിഎഫ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. മേൽപ്പാലത്തിന്റെ ഇരുവശങ്ങളും പൂർണ്ണമായും വൃത്തിയാണ്. വലിച്ചെറിയാൻ തോന്നാത്തവണ്ണം പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു.



ഈ മരുപ്പച്ചയുടെ സൂത്രധാരൻ കൗൺസിലർ ദിപിൻ ദിലീപാണ്. ഏതൊരു കൗൺസിലർക്കും ഇതു ചെയ്യാവുന്നതേയുള്ളൂ. പൊന്നുരുന്നിയിൽ സാങ്കേതികസഹായം നൽകുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിലെ സുഗതനെപ്പോലെ ഒരാളെ കണ്ടെത്തണം. പൊന്നുരുന്നിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയെപ്പോലൊരു ഉദ്യോഗസ്ഥനുമുണ്ടാകണം. ഇവർ രണ്ടുപേരും വി.കെ. പ്രശാന്ത് മേയർ ആയിരുന്നപ്പോൾ തിരുവനന്തപുരത്തു നടത്തിയ ശുചിത്വ ക്യാമ്പയിനിലെ അംഗങ്ങളായിരുന്നു എന്നതും ഓർക്കുന്നു. പിന്നെ പൊന്നുരുന്നിയിൽ മെഡിമിക്സിനെപ്പോലൊരു സ്പോൺസറെ കണ്ടെത്തണം. അവസാനമായി സന്നദ്ധപ്രവർത്തകരുടെ ചെറിയൊരു ടീം വേണം. പൊന്നുരുന്നിയിൽ അവർ ഹീൽ പൊന്നുരുന്നി സൊസൈറ്റിയുടെ പ്രവർത്തകരാണ്. ഇത്തരമൊരു സന്നദ്ധപ്രവർത്തക സേന ഇല്ലായെന്നതാണ് കൊച്ചിയിലെ ശുചിത്വ ക്യാമ്പയിന്റെ പ്രധാന ദൗർബല്യം.



കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്നും കൊച്ചിക്കുള്ള ഒരു പ്രത്യേകത ഒരു കാലത്തും വീടുകളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതാണ്. ബ്രഹ്മപുരത്ത് അവ ഡംപ് ചെയ്യുകയായിരുന്നു. അതാണു ദുരന്തമായി പരിണമിച്ചിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിലാണെങ്കിലും ജൈവമാലിന്യം മുഴുവൻ ഒരു കേന്ദ്രത്തിൽ സംസ്കരിക്കുന്നതിനു പകരം ഗണ്യമായൊരു ഭാഗം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കേണ്ടതുണ്ട്.
പൊന്നുരുന്നിയിലെ കരുത്ത് പ്രതിബദ്ധതയുള്ള ഹരിതകർമ്മസേനയാണ്. 150 വീടുകളുടെ ക്ലസ്റ്ററിന് ഒരാൾ വീതം 9 പേർ ഇപ്പോൾ ഉണ്ട്. ഇതു സംബന്ധിച്ച് ദിപൻ പറഞ്ഞത് കൗതുകകരമായി തോന്നി. ഹരിതകർമ്മസേനയായി പ്രവർത്തിക്കാൻ വാർഡിൽ നിന്നും തൊഴിലാളികളെ ലഭിച്ചില്ലപോലും. ഇപ്പോൾ പ്രവർത്തിക്കുന്നവർ എരമല്ലൂർ നിന്നു വരുന്ന കുടുംബശ്രീ ടീമാണ്. 15000 രൂപ വീതം സൊസൈറ്റി നൽകുന്നു. 20000 രൂപയെങ്കിലും നൽകാൻ കഴിയണം.
ഒരു വർഷം മുമ്പ് കൗൺസിലർ അംബിക ഇങ്ങനെയൊരു പദ്ധതിക്കു തുടക്കംകുറിച്ചിരുന്നു. അതു പൂർണ്ണ വിജയത്തിലെത്തിയോയെന്ന് അറിയില്ല. ഏതായാലും ദിപന്റെ പരിശ്രമം ഫലംകണ്ടിരിക്കുന്നു. തന്റെ ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്കരിക്കുന്നു.




0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click