സൈക്ലോണുകള്‍ക്ക് ആരാണീ പേരിടുന്നത്?

വാർത്തകളിൽ സൈക്ലോണുകളെ കൗതുകകരമായ പേരുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ആരാണീ പേരിടുന്നത്?

ഈ പേരിട്ടുവിളിയ്ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും, അതിന് ഒരു ഔദ്യോഗിക രീതി വന്നിട്ട് അധികമായിട്ടില്ല. സൈക്ലോണുകൾ പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായതുകൊണ്ട് തന്നെ, മുന്നറിയിപ്പുകളിലും വാർത്താ വിവരണങ്ങളിലും നംബറുകളോ സാങ്കേതികപദങ്ങളോ ഉപയോഗിക്കേണ്ടിവരുന്നതിൽ ഒരു അനൗചിത്യം ഉണ്ട്. സൈക്ലോണുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും, അതിന്റെ ഉത്ഭവപരിണാമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വായിച്ചറിയുന്നതിനും, വലിയ സൈക്ലോണുകളൊക്കെ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അവയെ പെട്ടെന്ന് ഓർത്തെടുക്കുന്നതിനും, മുന്നറിയിപ്പുകൾ പെട്ടെന്ന് പരക്കുന്നതിനും ഒക്കെ പേരിടൽ വളരെയധികം സഹായകമാണ്. അതുകൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ ഈ ഒരു പതിവ് തുടരുന്നത്. ഒരു സൈക്ലോണിന്റെ കാറ്റുവേഗം 62 km/h ൽ കൂടുതലാണെങ്കിൽ, അതിന് മാത്രമായി ഒരു സവിശേഷ പേര് നൽകും.

സൈക്ലോണുകൾക്ക് അവയുടേതായ ഒരു ജനനപ്രക്രിയ ഉണ്ട്. സൈക്ലോജനസിസ് (cyclogenesis) എന്ന് വിളിക്കും അതിനെ. അത് തന്നെ പലതരം സൈക്ലോണുകൾക്കും പല രീതിയിലാണ്. കേരളം പോലെ ഉഷ്ണമേഖലയിലുള്ള പ്രദേശങ്ങളിൽ അഭിമുഖീകരിക്കേണ്ടിവരുന്ന  കാറ്റുകൾ ട്രോപ്പിക്കൽ സൈക്ലോണുകൾ എന്ന ഗണത്തിൽ പെടുന്നവയാണ്. അവയുടെ ജനനത്തിൽ ഉയർന്ന സമുദ്രജല താപനില, വായുവിലെ ഉയർന്ന ജലബാഷ്പ അളവ് (ആർദ്രത അഥവാ humidity), അന്തരീക്ഷത്തിൽ ലംബദിശയിൽ വലിയ മാറ്റമില്ലാത്ത കാറ്റുവേഗം, ഭൂമിയുടെ കറക്കം കാരണമുള്ള കൊറിയോലിസ് പ്രഭാവം, എന്നിങ്ങനെ പല ഘടകങ്ങൾ നിർണായകപങ്ക് വഹിക്കുന്നുണ്ട്. സൈക്ലോജെനസിസ് ഒന്നോ രണ്ടോ പാരഗ്രാഫിൽ പൂർണമായി വിവരിക്കാവുന്നത്ര ലളിതമായ ഒരു പ്രക്രിയ അല്ലാത്തതിനാൽ തത്കാലം നമ്മളതിലേയ്ക്ക് കടക്കുന്നില്ല. 

ചുറ്റുപാടുകളെ അപേക്ഷിച്ച് മർദ്ദം താഴ്ന്ന് നിൽക്കുന്ന ഒരു പ്രദേശം ഉണ്ടാകുന്നിടത്തുനിന്നാണ് ഇത് തുടങ്ങുന്നത്. ഇതിനെയാണ് ന്യൂനമർദ്ദകേന്ദ്രം (low-pressure centre) എന്ന് പൊതുവേ വിളിക്കുന്നത്. ഭൂമിയുടെ കറക്കം കാരണം കാറ്റ് ഈ മർദ്ദകേന്ദ്രത്തിനുള്ളിലേയ്ക്ക് നേരേ ഒഴുകുന്നതിന് പകരം, ഈ മർദ്ദകേന്ദ്രത്തെ ചുറ്റി കറങ്ങാനായിരിക്കും ശ്രമിക്കുക. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, ഈ മർദ്ദകേന്ദ്രത്തിലെ മർദ്ദം പിന്നേയും പിന്നേയും കുറയുന്ന ഒരു രീതി സംജാതമാകാം. അപ്പോൾ അതൊരു തീവ്ര ന്യൂനമർദ്ദം (depression) ആയും, പിന്നെ അതിതീവ്ര ന്യൂനമർദ്ദമായും (deep depression) എന്നിങ്ങനെ ഘട്ടം ഘട്ടമായി ഒരു സൈക്ലോൺ ആയി വളരും. അപ്പോഴേയ്ക്കും നടക്കുള്ള മർദ്ദകേന്ദ്രത്തെ ചുറ്റിക്കറങ്ങുന്ന കാറ്റിന് 62 km/h നെക്കാൾ വേഗം ഉണ്ടായിരിക്കും. ഈ സമയമൊക്കെ, നടുക്കുള്ള മർദ്ദകേന്ദ്രത്തിന് ചുറ്റും നടക്കുന്ന അതിസങ്കീർണമായ വായുപ്രവാഹ പാറ്റേണുകൾ കാരണം നൂറുകണക്കിന് കിലോമീറ്റർ വ്യാസത്തിലുള്ള ഒരൊറ്റ കാലാവസ്ഥാവ്യൂഹമായി (weather system) ഇത് പരിണമിച്ചിട്ടുണ്ടാകും. സർപ്പിളാകൃതിയിൽ (spiral) ബാൻഡുകൾ പോലെ മർദ്ദകേന്ദ്രത്തിലേയ്ക്ക് വന്നുകൂടുന്ന ഭീമൻ മേഘപടലങ്ങൾ, അതിന് കീഴിൽ വായു താഴേയ്ക്ക് പ്രവഹിക്കുന്ന, താരതമ്യേന തെളിഞ്ഞ ആകാശഭാഗങ്ങൾ എന്നിവയൊക്കെ അതിന്റെ ആന്തരഘടനയുടെ ഭാഗമാണ്. ഒത്ത നടുവിലായുള്ള മർദ്ദകേന്ദ്രം, മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ ഒരു പ്രദേശമായിരിക്കും. അതിനെയാണ് സൈക്ലോണിന്റെ കണ്ണ് (cyclone eye) എന്ന് വിളിക്കുന്നത്. മുപ്പതോ നാല്പതോ കിലോമീറ്റർ വ്യാസമുള്ള ഈ പ്രദേശമാണ് സൈക്ലോണിലെ ഏറ്റവും ശാന്തമായ ഭാഗം. അതേസമയം  ഈ കണ്ണിന്റെ വക്കിലൂടെയായിരിക്കും (eye wall) സൈക്ലോണിനുള്ളിൽ ഏറ്റവും വേഗത്തിൽ കാറ്റടിക്കുന്നത്. അവിടന്ന് ദൂരേയ്ക്ക് പോകുന്തോറും ഈ വേഗം കുറഞ്ഞുവരും.

സൈക്ലോണിലെ കാറ്റുവേഗം കൂടുന്നതനുസരിച്ച് അതിന് പിന്നേയും വകഭേദങ്ങളുണ്ട്. 88 km/h -ൽ കൂടുതൽ വേഗത്തിൽ കാറ്റടിച്ചാൽ അതിനെ Severe cyclone എന്നും, അത് 118 km/h ൽ കൂടിയാൽ അതിനെ Very severe cyclone എന്നും വിളിക്കും. ഈ പറയുന്ന വേഗത, സൈക്ലോണിന്റെ കണ്ണിന് ചുറ്റും വട്ടത്തിൽ വീശിയടിക്കുന്ന കാറ്റിന്റെ വേഗതയാണെന്നത് ശ്രദ്ധിക്കണം. ഇതിന്റെ പാതയിൽ പെട്ടുപോകുന്ന ഒരാൾക്ക് ഇത് വട്ടത്തിലാണ് വീശുന്നത് എന്നൊന്നും തിരിച്ചറിയാനാകില്ല. കാരണം ആ വട്ടത്തിന് നൂറുകണക്കിന് കിലോമീറ്റർ വ്യാസമുണ്ടാകും. ഇവിടെ മറ്റൊരു വേഗത കൂടി ഉൾപ്പെട്ടിട്ടുള്ളത്, സൈക്ലോൺ മൊത്തത്തിൽ നീങ്ങുന്ന വേഗമാണ്. കണ്ണിന്റെ സ്ഥാനമാറ്റത്തിലൂടെയാണ് ഇത് പ്രകടമാകുക. ആ വേഗത പക്ഷേ മണിക്കൂറിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എന്ന കണക്കിൽ വളരെ ചെറുതായിരിക്കും.

സൈക്ലോൺ ഉത്ഭവപ്രദേശങ്ങളെ സമുദ്രങ്ങളിലെ വിവിധ ഭാഗങ്ങളായി തിരിച്ച്, ഓരോ ഭാഗത്തും ഉത്ഭവിക്കാൻ പോകുന്ന സൈക്ലോണുകൾക്ക് നൽകാൻ പറ്റിയ പേരുകളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിവെക്കുന്നതിന് കൃത്യമായ മാർഗരേഖകൾ നിലവിലുണ്ട്. സമുദ്രത്തിലെ ഓരോ സൈക്ലോണുത്ഭവ പ്രദേശങ്ങളുടേയും ചുമതല ഓരോരോ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ട്. അതിന് പുറമേ, അതത് പ്രദേശങ്ങളിൽ സൈക്ലോണുകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നതിനായി Regional Specialized Meteorological Centres (RSMC) എന്ന സ്ഥാപനങ്ങളും ഉണ്ടാകും. ഇൻഡ്യയ്ക്ക് ചുറ്റുമുള്ള, ഇൻഡ്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നീ ഭാഗങ്ങൾ ലോക കാലാവസ്ഥാ സംഘടന (WMO, World Meteorological Organization), ഐക്യരാഷ്ട്രസഭയുടെ Economic and Social Commission for Asia and the Pacific (ESCAP) എന്നിവയുടെ സംയുക്തസംരംഭമായ WMO/ESCAP Panel on Tropical Cyclones എന്ന സമിതിയുടെ ചുമതലയിലാണ് വരുന്നത്. ഈ പ്രദേശത്തെ RSMC ന്യൂ ഡൽഹിയിലാണുള്ളത്. ഇവരാണ് സൈക്ലോണുകൾക്ക് പേരും നൽകുന്നത്.

2004 മുതലാണ് നമ്മൾ ഔദ്യോഗികമായി ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. WMO/ESCAP പാനൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിൽ നിന്നും ഒരു നിശ്ചിത എണ്ണം പേരുകൾ വീതം ശേഖരിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കും. എന്നിട്ട് ഓരോരോ സൈക്ലോൺ ഉണ്ടാകുന്നതിനനുസരിച്ച് ഇതിൽ നിന്ന് പേരുകൾ തെരെഞ്ഞെടുക്കും. 2020 ഏപ്രിലിലാണ് ഇപ്പോൾ ഉപയോഗത്തിലുള്ള പുതിയ ലിസ്റ്റ് നിലവിൽ വന്നത്. നിലവിലെ 13 അംഗരാജ്യങ്ങൾ ഓരോന്നും 13 പേരുകൾ വീതം സംഭാവന ചെയ്ത് മൊത്തം 169 സൈക്ലോൺ പേരുകൾ ആ ലിസ്റ്റിൽ ഉണ്ട്. അതിൽ നിന്ന് നിസർഗ, ഗതി, നിവർ, ബുറേവി, എന്നിവയും, ഇപ്പോൾ ടൗക്‌ടേ എന്ന പേരും ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. ഇനി യാസ്, ഗുലാബ്, ഷഹീൻ, ജൊവാദ്, എന്നീ ക്രമത്തിലായിരിക്കും അടുത്ത പേരുകൾ വരിക. ഈ ലിസ്റ്റിലെ മുഴുവൻ പേരുകളും കഴിയുമ്പോഴേയ്ക്കും പുതിയ ലിസ്റ്റ് നിലവിൽ വന്നിരിക്കും. 

(സൈക്ലോണുകൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരാണ്. ഹരിക്കെയ്ൻ, ടൈഫൂൺ, വില്ലി-വില്ലീസ് എന്നൊക്കെ വിളിക്കപ്പെടുന്നത് ഒരേ തരം കാറ്റുകൾ തന്നെയാണ്. ചിത്രത്തിലുള്ളത്, ഒരു സൈക്ലോണിന്റെ ബഹിരാകാശചിത്രം)

കടപ്പാട് ഫേസ്ബുക് 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click