ജലജീവൻ പദ്ധതിക്കു തുടക്കം; 2020-21ൽ 10 ലക്ഷം ഗ്രാമീണ വീടുകൾക്ക് കുടിവെള്ളം

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവർഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ജലജീവൻ പദ്ധതി നിർവഹണം സംബന്ധിച്ച മാർഗരേഖയുടെ മലയാളം പതിപ്പ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനു നൽകി പ്രകാശനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി സന്നിഹിതനായിരുന്നു.  
ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകൾക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീർഘകാല കുടിവെള്ള പദ്ധതികൾക്ക് രൂപംനൽകി നടപ്പിലാക്കുകയാണ് ജലജീവൻ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് 2024 ആകുമ്പോഴേക്കും ജലജീവൻ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വർഷം 10 ലക്ഷം ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടിരൂപ കണക്കാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മാർഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.
കേരളത്തിൽ 67 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ നിലവിൽ ഗാർഹിക കുടിവെള്ള കണക്ഷൻ മുഖേന ജലവിതരണം നടത്തുന്നത് 17.50 ലക്ഷം വീടുകളിലാണ്. കൂടാതെ ഗ്രാമീണ മേഖലയിൽ 1.56 ലക്ഷം പൊതുടാപ്പുകൾ വഴിയും കുടിവെള്ളവിതരണം നടക്കുന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമീണ-സാമൂഹിക കൂട്ടായ്മകൾ എന്നിവ മുഖാന്തിരം ഗ്രാമീണ കുടിവെള്ള പദ്ധതികൾ പരിപാലിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ജലജീവൻ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി സ്വന്തമായി നടത്താൻ ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയും തദ്ദേശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതിക്ക് സുസ്ഥിരത നേടുകയുമാണ് ഉദ്ദേശ്യം.
ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ 1525 കോടി രൂപ പദ്ധതി അടങ്കലിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തും. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതിനിർവഹണം ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വിവിധതലങ്ങളിൽ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
പി.എൻ.എക്സ്. 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click