കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡ് മീറ്റര്‍ റീഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയും ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്ല് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം ബില്ലുകളെല്ലാം മെയ് മുന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം അടച്ചാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ യാതൊരു വിധ പിഴയും ഈടാക്കുന്നതല്ല എന്നും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് മാറ്റിവെക്കുന്നതിനും തീരുമാഇക്കുകയുണ്ടായി. ജനങ്ങളുടെ പ്രയാസം കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ ഉദാരമായ സമീപനം വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്.
ഇപ്പോള്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ലും നല്‍കി വരുന്നുണ്ട്. രണ്ടുമാസത്തെ റീഡിംഗിന് പകരം ചിലര്‍ക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിംഗാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോള്‍ ചിലരെങ്കിലും സ്ലാബു മാറി ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാര്യം പരിശോധിച്ചതില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിംഗ് വരുമ്പോള്‍ ആ റീഡിംഗ് രണ്ടുമാസത്തേത് എന്ന നിലക്കാണ് ബില്ലിംഗിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത് എന്നാണ് കാണുന്നത്. ഇങ്ങിനെ വരുന്ന റീഡിംഗ് രണ്ടുമാസത്തേക്ക് എത്രവരും എന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കില്‍ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങിനെയല്ലാതെ വന്നതിനാല്‍ ചില ബില്ലുകളില്‍ യഥാര്‍ത്ഥത്തില്‍ അടക്കേണ്ടതിനേക്കാള്‍ തുക കാണിച്ചിട്ടുണ്ടെങ്കില്‍ അത് പിശകാണ്. ഇക്കാര്യത്തില്‍ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവുപോലും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറം യാതൊരു തുകയും അടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ബില്ലില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ആയത് ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ നടപടിയും സ്വീകരിക്കുന്നതാണ്. മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍ വന്ന കാലതാമസംമൂലം വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവിനും യാതൊരു നഷ്ടവും വരുന്നതല്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.