കോവിഡ് 19, 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും.

രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 3, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിച്ചിട്ടുണ്ട്.

ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുതമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനും ഉള്‍പ്പെടെ 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ജീവനകാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പി.പി.ഇ. കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലന്‍സുകള്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന വിളികളില്‍, വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നുകയാണെങ്കില്‍ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കുന്നു. തുടര്‍ന്ന് ഈ വിവരം കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലന്‍സുകള്‍ക്ക് അയച്ചു നല്‍കുകയും ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലന്‍സുകള്‍ എത്തുകയും ചെയ്യുന്നു. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 ആംബുലന്‍സുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുള്ളത്.


ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽനിന്നും 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click