ബഹു.മന്ത്രി ടി എം തോമസ് ഐസക് സാറിന് ഒരു തുറന്ന കത്ത്..
സർ,നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ തിരുവോണനാളിൽ കഴിഞ്ഞ 62വർഷമായി നടന്നു വന്നിരുന്ന ജലോത്സവം ഞങ്ങൾക്കു വെറുമൊരു വള്ളംകളി മാത്രം അല്ലായിരുന്നു ഞങ്ങളുടെ, ഒരു നാടിന്റെ ആവേശമായിരുന്നു ജീവനായിരുന്നു .. തലവടി, നീരേറ്റുപുറം ഭാഗത്തുള്ള ആളുകളുടെ ഫേസ്ബുക്ക് ഐഡിയിലുളള പോസ്റ്റുകളും കമന്റുകളും പരിശോധിച്ചാൽ താങ്കൾക്ക് അത് മനസിലാകും കാരണം അവർക്ക് പ്രതികരിക്കുവാനുള്ള ഏകവേദി അതാണ്.. നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കാതെ നാട്ടുകാരല്ലാത്ത ചിലർ എവിടുന്നോ ആരുടെയോ പിടിപാടുമൂലം കമ്മറ്റിയിൽ വന്നു കയറിയവർ (പരാതിയില്ല,ആരു വേണമെങ്കിലും അംഗങ്ങൾ ആയിക്കോട്ടെ കാര്യങ്ങൾ ഭംഗിയായി നടന്നാൽ മതി) ഇന്ന് ഈ വള്ളംകളി നശിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞ അഞ്ചാറ് കൊല്ലമേ ആയിട്ടുള്ളൂ, ഞങ്ങളുടെ നാട്ടിൽ തിരുവോണത്തിന് നടന്നു വന്നിരുന്ന മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം ദിനത്തിലേക്ക് മാറ്റിയിട്ട്.... കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ടു ഡിസംബറിലേക്ക് മാറ്റിവച്ചു എന്ന്.. എന്തിന്...? ഉത്തരമില്ല..? കാരണം ഇപ്പോൾ രണ്ടു ഗ്രൂപ്പാണ് കമ്മിറ്റിക്കാർ.. കുറച്ചു പേര് പുറത്തും കുറച്ചു പേരകത്തും. ജനങ്ങളുടെ വികാരമോ അഭിപ്രായമോ മാനിച്ചല്ല വരുടെ തീരുമാനങ്ങൾ. കുറച്ചു പേര് ചേർന്ന് സ്വന്തമായി തീരുമാനമെടുത്തു ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തെ ചവിട്ടി അരയ്ക്കുന്നു.. ഇത് കണ്ടു നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്.. അതാണ് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതുന്നത്..
ഇപ്പോൾ കാണുന്നത് തുടർച്ചയായ വർഷങ്ങളിൽ വള്ളംകളി സമയമാകുമ്പോൾ കോടതിയിൽ നിന്നും ആരെങ്കിലും സ്റ്റേ വാങ്ങി വള്ളംകളി തടസ്സപ്പെടുത്തുക. ഇത് നാട്ടിലെ ജനങ്ങൾക്കു നന്നേ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.. ഞങ്ങളുടെ നാട്ടിൽ ഒരു ചെറുവള്ളങ്ങൾ പോലും കളിപ്പിക്കുന്നതു ഒരു വ്യക്തി ആയിരിക്കില്ല സുഹൃത്തുക്കൾ ചേർന്നാണ് കാരണം ഒരു നാടിൻറെ ആവേശത്തിൽ നമ്മുടെ പൈതൃകത്തെ അതി മനോഹരമാക്കുവാൻ അതിന്റെ ഭാഗമായി എങ്ങനേയുംം മാറുക എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. പണക്കൊഴുപ്പ് കാണിക്കാനല്ല സർ ഇവിടെ പലരും വള്ളം കളിപ്പിക്കുന്നത്. ഇത് ഈ കൊച്ചു നാടിന്റെ ഉത്സവം ആണ് സ്വപ്നമാണ്. ഇവിടെ ജാതി മത രാഷ്ട്രീയത്തിനതീതമാണ് ഞങ്ങളുടെ നാടും നാട്ടിലെ എല്ലാ ഉത്സവങ്ങളും..
കഴിഞ്ഞവർഷം ക്രമസമാധാന വിഷയം പറഞ്ഞാണ് സ്റ്റേ വാങ്ങിയതെങ്കിൽ ഇപ്രാവശ്യം സ്റ്റേ വാങ്ങിയത് ആരെയും ഉപദ്രവിക്കാതെ കടന്നു പോയ ഈ വർഷത്തെ വെള്ളപ്പൊക്കത്തെ കുറ്റം പറഞ്ഞാണ്.. ക്രമാസമാധാനം ആണ് വിഷയമെങ്കിൽ സർ അങ്ങ് ഒന്ന് തിരക്കണം, ഒരു പെറ്റികേസ് പോലും ഈവള്ളംകളിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായി എന്റെ അറിവിലില്ല.. ഇനിയും വളളംകളി നടത്താൻ പുനർ നിർമാണമാണ് പ്രശ്നമെങ്കിൽ ഇവർ ഇതുവരെ നടത്തിയ പുനർനിർമ്മാണപ്രവർത്തനങ്ങളുടെ ഒരു റിപ്പോർട് ആവശ്യപ്പെടുക.. കേരളം മുഴുവൻ പുനർനിർമാണം ഭംഗിയായി നടത്തികൊണ്ടിരിക്കുന്ന സർക്കാർ എത്ര മനോഹരമായി നിശ്ചയിച്ച കാലയളവിൽ നെഹ്‌റു ട്രോഫി നടത്തി.. ഈ സെപ്റ്റംബർ 9ന് ഇവിടെ തൊട്ടടുത്ത് മാന്നാർ ജലമേള നടക്കുന്നു. ഇവിടെ ഒന്നുമില്ലാത്ത എന്ത് പുനർനിർമാണമാണ് നീരേറ്റുപുറത്ത് മാത്രം നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. ഇവർക്ക് നാടിനോടുള്ള പ്രതിബദ്ധത അല്പമെങ്കിലും ഉണ്ടെങ്കിൽ ഇവർ ആദ്യം ചെയ്യണ്ടിയിരുന്നത് വാട്ടർ സ്റ്റേഡിയത്തിനടുത്തുള്ള ആറിന്റെ തീരത്തുകൂടി ടി എം ടി ഹൈസ്കൂളിലേക്ക് അനേകം കുട്ടികളും വഴിയാത്രക്കാരും ആശ്രയിച്ചിരുന്ന റോഡ് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടു മൂന്നുവർഷം തികഞ്ഞു ആരും അത് നന്നാക്കുന്നതിനാവശ്യമായ നടപടി എടുത്തു കണ്ടില്ല .. ഇപ്പോഴും അത് തകർന്നു കിടക്കുന്നു.. സ്കൂളിലെത്താൻ ഒരു കിലോമീറ്റർ ചുറ്റി കറങ്ങേണ്ട അവസ്ഥ.. ഇവരുടെ നാടിനോടുള്ള പ്രതിബദ്ധത എത്രത്തോളം എന്ന് ചെറിയ ഉദാഹരണത്തിലൂടെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു ..
ഇവർ ആദ്യം ഇറക്കിയ പത്രക്കുറിപ്പിൽ എഴുതിയിരുന്നത് ഡിസംബറിൽ വള്ളംകളി നടത്തും എന്നാണ് .. നാട്ടുകാരുടെ ഫേസ്ബുക്ക് ഗ്രൂപ്പായ തലവടി നാട്ടുവഴിയോരത്തിലൂടെയും സ്വന്തം പ്രൊഫൈലിലൂടേയും ജനങ്ങൾ പ്രതിഷേധിക്കുകയും ഒരു സമാന്തര കമ്മറ്റി രൂപീകരിക്കുകയും ചെയ്തപ്പോൾ, പെട്ടെന്നൊരു കമ്മിറ്റി കൂടി സെപ്തംബറിൽ ഉത്രാടദിനത്തിൽ തന്നെ വള്ളംകളി നടത്തുമെന്നുള്ള ലൈവ് വീഡിയോ fb യിൽ ഇട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും വള്ളംകളിക്കു രണ്ടുദിവസം മുൻപ് സ്റ്റേ വന്നു എന്നുള്ള വാർത്ത പത്രത്തിൽ വരികയും ചെയ്തു.. ഇവിടെയാണ് ജനങ്ങളെ ഇവർ മണ്ടൻമാരാക്കിയത്..
എന്നാൽ സ്റ്റേ വരുന്നതിന് രണ്ട് ദിവസം മുൻപ് ഡിസംബർ 1ന് വള്ളംകളി എന്ന് കേരളകൗമുദി അടക്കമുള്ള മുൻനിര മാധ്യമങ്ങളിൽ ന്യൂസ് വരികയും ചെയ്തു..
ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാനുള്ളത് ഈ വിധി പ്രസ്താവിച്ചത് ബഹുമാന്യനായ തിരുവല്ല സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് ആണ്, ഡോ.വിനയ് ഗോയൽ .. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ അദ്ദേഹം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണ് എന്ന് ഇതുവരെ മനസിലായിട്ടില്ല കാരണം എത്ര ബാലിശമായിരുന്നു ഈ വിധി.. പമ്പാ ബോട്ട് റേസ് കമ്മറ്റിയെ സംബന്ധിച്ച് എന്ത് പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾ ആണ് അവർ ചെയ്യുന്നത് എന്ത് ക്രമസമാധാന പ്രശ്നമാണ് ഈ നാട്ടിൽ ഉള്ളത്.? സർക്കാരിന്റെ പുനർനിർമ്മാണം നടക്കുന്നത് കൊണ്ട് അവർക്കുള്ള ബുദ്ധിമുട്ട് എന്താണ്..? നാട്ടിലുള്ളവർക്ക് അറിയുവാനുള്ള ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ചോദിക്കുന്നത്.. ഈ വള്ളംകളിക്ക് എതിരെ നേടിയെടുത്ത സ്റ്റേ ആരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.?? എന്താണ് ഇവർക്ക് ഇതുകൊണ്ടുള്ള നേട്ടം..??
സർ,ദയവുചെയ്ത് ഒരപേക്ഷയുള്ളത് ഈ വള്ളംകളിയുടെ നിലവിലുള്ള കമ്മറ്റിയും അവരുടെ എതിർചേരിയിലുള്ള ആളുകളെയും മാറ്റി നിർത്തി നാട്ടുകാരുടെ നേതൃത്തത്തിൽ അവരുടെ ആവശ്യപ്രകാരം കമ്മറ്റിക്കാരെ തിരഞ്ഞെടുത്തു എല്ലാവർഷവും ഈ വള്ളംകളി യാതൊരു തടസ്സവും കൂടാതെ നടത്താനുള്ള ഒരു തീരുമാനം പൊതു വികാരം മാനിച്ചു അങ്ങെടുക്കണം എന്നാണ്. ഇല്ലെങ്കിൽ ഞങ്ങളുടെ ഈ ഉത്സവം എന്നന്നേക്കുമായി അന്യം നിന്നു പോകുവാനുള്ള സാധ്യതയുണ്ട്.. അതു കൊണ്ട് ഇതിന് അനുയോജ്യമായ ഒരു പരിഹാരം എത്രയും വേഗം കാണണമെന്ന് ആഗ്രഹിച്ചു കൊണ്ട് കുട്ടനാട്ടിലെ ഒരു വള്ളംകളി സ്‌നേഹി..
#saveNeeratupuramPampaBoatRace
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.