​*പ്രളയം ദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധന സഹായം*

2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവ്വേ ആഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കും.
ദുരിതബാധിതരെ സർവ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നൽകേണ്ടതില്ല. സർവ്വേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ചശേഷം തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതർ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല; അവർക്കുണ്ടായ നഷ്ടം വിലയിരുത്തി  സർക്കാർ നേരിട്ട് സഹായം നൽകുമെന്ന രീതിയാണ് അവലംബിക്കുന്നത്
ഇക്കാര്യത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി ഉത്തരവായി. 
വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉത്തരവിൽ നിർവചിച്ചിട്ടുണ്ട്.  
മുട്ടൊപ്പം ഉയരത്തിൽ വെള്ളം കയറി ചെറിയ കേടുപാടുകൾ വന്നത് അല്ലെങ്കിൽ 10 ശതമാനത്തിൽ താഴെ മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു അല്ലെങ്കിൽ ഇലക്ട്രിക്കൽ/പ്ലംബിംഗ് തകരാറുകൾ സംഭവിച്ചത് അല്ലെങ്കിൽ ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമായ വീടുകൾ 15 ശതമാനം നാശം നേരിട്ട വീടുകളായി കണക്കാക്കും.
വെള്ളം കയറി  തറയ്ക്ക് കേടു സംഭവിച്ചതും ഇലക്ട്രിക്കൽ- പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, മേൽക്കൂരയുടെ 25 ശതമാനംവരെ തകരാറുകൾ സംഭവിച്ചതും ഇലക്ട്രിക്കൽ പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, വീട്ടിനകത്തു ചെളിയോ മണ്ണോ അടിഞ്ഞുകൂടിയത്, അല്ലെങ്കിൽ മേൽക്കൂരയുടെ 50 ശതമാനം വരെ തകരാറുകൾ സംഭവിച്ചതുമായ വീടുകൾക്ക് 16 ശതമാനം മുതൽ 29 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.
ചുമരിൽ ദുർബലമായി പൊട്ടലുകൾ വന്നത് അല്ലെങ്കിൽ, 50 ശതമാനത്തിലേറെ മേൽക്കൂര നഷ്ടമായി എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറിൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 30 മുതൽ 59 ശതമാനം വരെ നാശമുണ്ടായ വീടുകളായി കണക്കാക്കും.
ഒന്നോ ഏറെയോ ചുമരുകൾ തകർന്നു, എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 60 മുതൽ 74 ശതമാനം വരെ നാശനഷ്ടമായി കണക്കാക്കും.
സ്ട്രക്ചറൽ തകരാർ സംഭവിച്ച കെട്ടിടം, മേൽക്കൂര തകർന്ന കെട്ടിടം (കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ), അല്ലെങ്കിൽ, അടിത്തറ തകർന്ന് വാസയോഗ്യം അല്ലാതായത്, അല്ലെങ്കിൽ, വാസയോഗ്യം അല്ല എന്ന് എൻജിനീയർ ശിപാർശ ചെയ്യുന്ന വീട്, അല്ലെങ്കിൽ, ദുരന്തസാധ്യത മേഖലയിൽ ആണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘമോ പഠനം നടത്തി കണ്ടെത്തിയ വസ്തുവിൽ ഉള്ള വീട് എങ്കിൽ 75 ശതമാനം മുതൽ 100 ശതമാനം വരെ നാശമുണ്ടായതായി  കണക്കാക്കും. 
ദുരന്തബാധിതർക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും, പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തിൽ അധികം നാശനഷ്ടമുള്ള) ആയ വീടുകളിൽ വസിക്കുന്നവർക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തിൽ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും  പുറമ്പോക്കിൽ താമസിക്കുന്നവർക്കും അർഹതയുണ്ട്. 
ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് മിനിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.
75 ശതമാനം മുതൽ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതൽ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതൽ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതൽ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.
പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ നിബന്ധനകൾ പ്രകാരം ആറു ലക്ഷം രൂപയും, വീട് വയ്ക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019 ലെ പ്രകൃതിക്ഷോഭ ദുരിതബാധിതർക്കും ബാധകമാണ്.
ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉൾപ്പെടെ കുറഞ്ഞത് മൂന്നു സെൻറ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്.  ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാവുന്നതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.
ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടം ഉണ്ടായവർക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗീകനാശം ഉണ്ടായവർക്കും വ്യവസ്ഥകൾ അനുസരിച്ച് സഹായം നൽകും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂർണമായ നാശനഷ്ടം ഉണ്ടായവർക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നൽകും. 
ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തിൽ പൂർണനാശം സംഭവിച്ചതുമായ വീടുകളിൽ താമസിച്ചിരുന്നവർക്ക് സ്വന്തം വീട് നിർമിക്കാൻ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായവർക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാർഡ് തുകയിൽ നിന്ന് കുറച്ചാണ് അനുവദിക്കുക. 
പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായ കുടുംബങ്ങളുടെയും, വീടുകളുടെയും ഡിജിറ്റൽ വിവരശേഖരണം ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനുള്ള ഫ്ളോ ചാർട്ടും തയാറാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ ഫ്ളോ ചാർട്ട് പ്രകാരം നടത്തുന്ന സർവേയിൽ ഉൾപ്പെടാതെ പോയി എന്ന അവകാശവാദം ഉള്ളവർ അത് നേരിട്ട് തഹസിൽദാർക്ക് സമർപ്പിക്കണം. 
മാർഗനിർദേശങ്ങൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും സ.ഉ (കൈ) നം. 25/2019/ഡി.എം.ഡി. തീയതി: 23.08.2019 എന്ന ഉത്തരവിൽ ലഭ്യമാണ്. 
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഓരോ ദുരന്തബാധിത കുടുംബത്തിനും 10,000 രൂപ വീതം അടിയന്തര സഹായം നൽകണമെന്ന് നേരത്തെ ഉത്തരവായിരുന്നു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ രണ്ടംഗസമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ യോഗം വിളിച്ച് രണ്ടംഗ സമിതി തയാറാക്കിയ പട്ടികയിൽ നിന്നാണ് അർഹരായ കുടുംബങ്ങളുടെ പട്ടിക പൂർത്തിയാക്കുക.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click