പ്രളയ ധനസഹായവും ദുരിതാശ്വാസവും: അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി
2019-ലെ പ്രളയവും ദുരന്തവും ബാധിച്ചവരിൽ ധനസഹായം ലഭിക്കാൻ അർഹരായവരെ നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലത്തിലുള്ള വിസ്തൃതി കണക്കാക്കി ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ടീമുകളെ നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. ഈ സംഘത്തിൽ വില്ലേജ് ഓഫീസറോ വില്ലേജ് അസിസ്റ്റന്റ്/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ഉണ്ടാവണം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ, തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനിയർ/ഓവർസിയർ എന്നിവരും ഉണ്ടായിരിക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മതിയായ അസിസ്റ്റന്റ് എൻജിനീയർ/ഓവർസിയർ ലഭ്യമല്ലാത്തപക്ഷം സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഇതര വകുപ്പുകളിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ നടപടിയെടുക്കണം. ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്റിയറുടെ സേവനം ഐ.ടി.മിഷൻ ഡയറക്ടർ ലഭ്യമാക്കണം. മലയോര മേഖലകളിൽ ഒരു ടീം ഒരു ദിവസം ശരാശരി 10 വീടുകളും, സമതല പ്രദേശത്ത് 20 വീടുകളും സന്ദർശിക്കുകയാണെങ്കിൽ 100-200 വീടുകൾവരെ പരിശോധിക്കാനാവും. ആവശ്യമായ ടീമുകളെ ജില്ലാ കളക്ടർ 22നകം നിയോഗിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ/അസിസ്റ്റന്റ് എൻജിനീയർ/ ഓവർസിയർ എന്നിവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ/മുൻസിപ്പൽ സെക്രട്ടറിമാർ 21 നകം ജില്ലാ കളക്ടർക്ക് നൽകണം.
ദുരന്തബാധിതമായ എല്ലാ വീടുകളുടേയും നിലവിലെ സ്ഥിതി ഒരു മൊബൈൽ ആപ്പ് വഴി കെട്ടിടത്തിന്റെ സ്ഥലത്തിന്റെ ഫോട്ടോ അടക്കമാണ് ശേഖരിക്കേണ്ടത്. നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്ക് തലത്തിൽ പരിശീലനം നൽകും. താലൂക്കിൽ നിന്നും പരിശീലനം നൽകി പ്രാവീണ്യമുള്ള രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, മൊബൈൽ നമ്പർ എന്നിവ 22നകം ജില്ലാ കളക്ടർ ലഭ്യമാക്കണം. ക്യാമ്പിൽ ഉണ്ടായിരുന്നതും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ) ലഭ്യമാകാത്ത മുഴുവൻ വ്യക്തികളുടെയും, ധനസഹായം വിതരണം നടത്താൻ ആവശ്യമായ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാൻ ടീമിന് നിർദേശം നൽകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.