യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. അട്ടിമറി വിജയത്തിലൂടെ ജുവന്റസിനെ തകർത്ത അയാക്സ് സെമിഫൈനലിൽ ടോട്ടനത്തെ നേരിടുമ്പോൾ, കരുത്തരായ ബാഴ്സലോണക്ക് ലിവർപൂൾ ആണ് എതിരാളി. ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ജുവന്റസിനെ സമനിലയിൽ തളച്ച അയാക്സ്, രണ്ടാംപാദത്തിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ജുവന്റസിനെ 2-1എന്ന സ്‌കോറിൽ തോൽപിച്ചു. ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റെങ്കിലും സെമിഫൈനലിൽ കടന്ന ടോട്ടനമാണ് അയാക്സിന്റെ എതിരാളി. മാഞ്ചസ്റ്റർ സിറ്റിയോട് ഇരുപാദങ്ങളിലുമായി 4-4 നു സമനില പിടിച്ച ടോട്ടനം, എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് സെമിപ്രേവേശനം നേടിയെടുത്തത്. എഫ് സി പോർട്ടോയെ തകർത്തു സെമിഫൈനലിനു ടിക്കറ്റ് എടുത്ത ലിവർപൂളിലെ കാത്തിരിക്കുന്നത് ബാഴ്സലോണയാണ്. ഇരുപാദങ്ങളിലുമായി 6-1 ന്റെ വമ്പൻ ജയമാണ് ലിവർപൂൾ നേടിയത്. പുതിയ കോച്ചിനു കീഴിൽ മികച്ച പ്രകടനം നടത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരു പദങ്ങളിലും തോൽപിച്ചാണ് ബാഴ്‌സ സെമിഫൈനലിൽ കടന്നത്. മെസ്സിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയുടെ വിജയം അനായാസമാക്കി. ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിലേക്ക് കുടിയേറിയപ്പോൾ മെസ്സി-ക്രിസ്റ്റിയാനോ പോരാട്ടത്തിനു ഇടവേള വീണിരുന്നു. ചാമ്പ്യൻസ് ലീഗിലെ ഇരു താരങ്ങളുടെയും രംഗപ്രേവേശനം, ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എന്നാൽ ജുവന്റസ് പുറത്തായതോടെ ക്രിസ്റ്റിയാനോ- മെസ്സി പോരാട്ടത്തിനും അന്ത്യമായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ പോരാട്ടങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.